കടമ്പനാട് അഞ്ചേക്കർ കൃഷിയിടത്തിൽ തീപിടിത്തം
text_fieldsഅടൂർ: കടമ്പനാട്ട് അഞ്ചേക്കർ കൃഷിയിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ വ്യാപക കൃഷിനാശം. ഗ്രാമപഞ്ചായത്ത് നാലാംവാർഡിൽ പാമ്പൂർ വീട്ടിൽ പി.ജെ. തോമസിന്‍റെ അഞ്ചേക്കറോളം സ്ഥലത്തെ അടിക്കാടുകൾക്കാണ് തീപിടിച്ചത്.നൂറുകണക്കിന് വാഴകളും കാർഷികവിളകളും കത്തിനശിച്ചു. സമീപത്തെ റബർതോട്ടത്തിൽ ആരോ ഇട്ട തീ ഇവിടേക്ക് പടരുകയായിരുന്നു. രണ്ടരമണിക്കൂർ നേരത്തേ കഠിന പരിശ്രമങ്ങൾക്ക് ഒടുവിലാണ് അഗ്നിരക്ഷസേന തീ പൂർണമായും അണച്ചത്. ഉണങ്ങിയ വള്ളിപ്പടർപ്പുകളും വാഴച്ചപ്പുകളും തീ ആളിപ്പടരാൻ ഇടയാക്കി.
പറമ്പിനുള്ളിൽ രണ്ട് വീടുകൾ ഉണ്ടായിരുന്നതിൽ തീപടരാതെ സേന ആദ്യം വെള്ളം സ്പ്രേചെയ്ത് സുരക്ഷിതമാക്കി. ഏക്കർ കണക്കിന് വരുന്ന പറമ്പിൽ തീ ആളിപ്പടർന്നത് ആദ്യം വലിയ പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടർന്ന് ശാസ്താംകോട്ട നിലയത്തിൽനിന്ന് അഗ്നിരക്ഷ സേനയുടെ ഒരു യൂനിറ്റിന്‍റെകൂടി സഹായംതേടി.
തുടർന്ന് പറമ്പിന്‍റെ രണ്ട് ഭാഗങ്ങളിൽനിന്ന് വെള്ളം പമ്പ് ചെയ്ത് നിയന്ത്രണവിധേയമാക്കി. ഇവിടെ ഉണ്ടായിരുന്ന വീടുകളിൽ ആൾത്താമസം ഉണ്ടായിരുന്നില്ല. പറമ്പിൽ തൊഴിലുറപ്പിന്‍റെ ഭാഗമായി മഴക്കുഴി എടുത്തിരുന്നത് വള്ളി പടർപ്പുകൾ കയറി മൂടിക്കിടന്നതിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പലതവണ വീണു.
രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ, റെജി കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എസ്. നിയാസുദ്ദീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രദീപ്, മുഹമ്മദ്, അനീഷ് കുമാർ, ഗിരീഷ് കൃഷ്ണൻ, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ സജീവിന്‍റെ നേതൃത്വത്തിലുള്ള ടീമാണ് ശാസ്താംകോട്ടയിൽനിന്ന് എത്തിയത്.ചേരിക്കൽ കരിങ്ങാലി പാടശേഖരത്തിൽ തീപിടിത്തംപന്തളം: ചേരിക്കൽ കരിങ്ങാലി പാടശേഖരത്തിൽ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് സംഭവം. സ്ഥലത്തെ അടിക്കാടുകൾക്കും ചെറുമരങ്ങൾക്കും തീ പടർന്നുപിടിച്ചു. അടൂരിൽനിന്ന് എത്തിയ അഗ്നിസേനാ വിഭാഗമെത്തി തീ നിയന്ത്രണവിധേയമാക്കി.
ചൂട് കനക്കുന്നു; തീപിടിത്തം സൂക്ഷിക്കാം
പത്തനംതിട്ട: ചൂട് കനക്കുന്നതിനിടെ ജില്ലയിൽ തീപിടിത്തം വർധിക്കുന്നു. ജില്ലയിൽ അടിക്കടി അടിക്കാടുകൾക്ക് തീപടരുന്നത് ഭീഷണിയായി. തീയും പുകയും ഉയരുന്നത് കാണുന്ന നിമിഷം ശ്രദ്ധയിൽപെട്ടാൽ ഉടൻ നാം അണക്കേണ്ടതുണ്ട്. ചെറിയ പുക ഉയരുമ്പോഴേക്കും അഗ്നിരക്ഷ സേനയെ വിളിക്കുന്നു.
തീപിടിച്ച സന്ദേശം ലഭിച്ച് സേന എത്തുമ്പോഴേക്കും ചിലയിടങ്ങളിൽ എങ്കിലും തീ അണഞ്ഞിരിക്കും. ചിലപ്പോൾ കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കും. അത്ര ചെറിയ സാഹചര്യങ്ങളിൽ അഗ്നിക്ഷ സേനയെ വിളിച്ച് വരുത്തുമ്പോൾ മറ്റെവിടെയെങ്കിലും സേവനം യഥാർഥത്തിൽ ആവശ്യമുള്ളവർക്ക് അത് ശരിയാംവണ്ണം കിട്ടാതെ വരുന്ന സാഹചര്യവും ഉണ്ടാകും.
മുൻകരുതലുകൾ
- ചൂടുകൂടിയ സമയങ്ങളിൽ കരിയിലകളും ചപ്പുചവറും കത്തിക്കരുത്.
- കത്തിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ആവാത്തതാണെങ്കിൽ രാവിലെയോ വൈകീട്ടോ മാത്രം ചെയ്യുക.
- കത്തിക്കുമ്പോൾ ബക്കറ്റിലോ മറ്റോ മതിയായ വെള്ളം സംഭരിച്ചുവെക്കുക.
- തോട്ടങ്ങളിൽ ഇടവിട്ട് കുറഞ്ഞത് അഞ്ച് മീറ്റർ വീതിയിലെങ്കിലും പല ഭാഗങ്ങളിലായി കാടുംപടലും വെട്ടിത്തെളിച്ച് തീ പടരാനുള്ള സാധ്യത ഒഴിവാക്കുക.
- പറമ്പുകളിലെ പൊട്ടക്കിണറുകളും മഴക്കുഴികളും കാടുംപടലും മൂടിക്കിടന്ന് ഇതിൽ വീണു രക്ഷാപ്രവർത്തകർക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ട്. പൊട്ടക്കിണറുകൾ നികത്തുകയോ, മേൽമൂടി സ്ഥാപിക്കുകയോ ചെയ്യുക.
- മൈക്ക് അനൗൺസ്മെന്‍റ് ഉൾപ്പെടെ പൊതുജന ബോധവത്കരണ പരിപാടികൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് സംഘടിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.