'മണി'മുറ്റത്ത് 'താമര' വിരിയുന്നു; പരിസ്ഥിതി സൗഹൃദ ടയര്‍ചട്ടി കൃഷിക്ക്
text_fieldsഅടൂര്‍: പ്രകൃതിദുരന്തത്തിന് കാരണമാകുന്ന പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദ ടയർ ചട്ടിയിലെ കൃഷിക്ക് സ്വീകാര്യത ഏറുന്നു. ഉപയോഗശൂന്യമായ ടയറുകള്‍ പാതയോരത്ത് കിടന്ന് മഴവെള്ളം നിറഞ്ഞ് കൊതുകുകള്‍ പെരുകുന്നതും ടയര്‍ കത്തിച്ചുകളയുന്നതുകൊണ്ടുള്ള അന്തരീക്ഷ മലിനീകരണവും ഒഴിവാക്കാനും ഇത് സഹായകമാകുന്നു. വാഹനങ്ങളുടെ ടയറുകള്‍ തിരിച്ചിട്ട് ഒട്ടിച്ച് താമര ആകൃതിയില്‍ വെട്ടിയാണ് ചട്ടികള്‍ ഉണ്ടാക്കുന്നത്.
ജൈവകര്ഷകന് കടമ്പനാട് ശാന് നിവാസില്‍ സി.കെ. മണിയുടെ വീട്ടുമുറ്റത്ത് ഇതിനായി ടയറുകള്‍ ശേഖരിച്ച് അടുക്കി വെച്ചിരിക്കുകയാണ്. മണിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ചട്ടികള്‍ ഉണ്ടാക്കുന്നത്. ഒരു ചട്ടി തയാറാക്കി ചായം പൂശി തീരുമ്പോള്‍ 200-300 രൂപ ചെലവുവരുമെന്ന് മണി പറഞ്ഞു.
കൃഷിവകുപ്പും വനംവകുപ്പും ചെടികള്‍ വിതരണം ചെയ്യുന്നത് പോളിത്തീന്‍ കവറിലാണ്. കൂടാതെ മണ്ണും വളവും ചകിരിച്ചോറും നിറച്ച് നല്കുന്ന ഗ്രോബാഗുകള്‍ പ്ലാസ്റ്റിക്കാണ്.
രണ്ടുതവണ കൃഷിചെയ്യുന്ന ആയുസ്സേ ഈ ഗ്രോബാഗുകള്ക്കുള്ളൂ. ഇവ മണ്ണില്‍ ലയിക്കാത്തതിനാല്‍ പരിസ്ഥിതിക്ക് ദോഷമാകുന്നു. ചെടി നടാന്‍ പാകത്തില്‍ കൃഷിവകുപ്പ് പ്ലാസ്റ്റിക് ഗ്രോ ബാഗുകള്‍ സബ്സിഡിയോടെ 20 രൂപക്കും സബ്സിഡിയില്ലാതെ 80 രൂപക്കുമാണ് നല്‍കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ ഇതിന് 90-100 രൂപയാണ് ഈടാക്കുന്നത്. സബ്സിഡിക്കായി സര്‍ക്കാറിന് നല്ല തുക ചെലവാകുന്നുണ്ട്.
രണ്ട് തൈയില്‍ കൂടുതല്‍ ഈ ഗ്രോ ബാഗുകളില്‍ വെക്കാന്‍ പറ്റുകയില്ല. ടയര്‍ ചട്ടിയില്‍ നാല്-അഞ്ച് ചെടി നടാമെന്ന ഗുണവും ആജീവനാന്ത ആയുസ്സും ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുമെന്ന മെച്ചവുമുണ്ടെന്ന് മണി പറഞ്ഞു.
ആറുവര്‍ഷമായി മണി ടയര്ചട്ടിയിലാണ് കൃഷി ചെയ്യുന്നത്. വീട്ടിലെ ജൈവകൃഷി കാണാനെത്തുന്ന ആളുകളുടെ നിരന്തര ആവശ്യപ്രകാരമാണ് ചട്ടി ഉണ്ടാക്കിനല്‍കാന്‍ മണി തയാറായത്. ടയര്‍ ചട്ടി ഉണ്ടാക്കാന്‍ മറ്റുള്ളവരെ അദ്ദേഹം സൗജന്യമായി പഠിപ്പിക്കുന്നുമുണ്ട്.
നിരവധി പേര് ഇപ്പോള്‍ ടയര്‍ ചട്ടികള്‍ ആവശ്യപ്പെട്ടു മണിയെ സമീപിക്കുന്നു. പച്ചക്കറി വിത്തുകള്‍ സൗജന്യമായി ഏവര്‍ക്കും നല്കുന്ന മണി വിത്തുകള്‍ കൊറിയറില്‍ വിദൂര സ്ഥലങ്ങളിലേക്ക് അയച്ചുകൊടുക്കാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.