രക്തദാനത്തിന്റെ സന്ദേശവുമായി ‘കൂട്ടുകാരന്റെ കട’
text_fieldsഅടൂര്‍: കെ.പി റോഡില്‍നിന്ന് അടൂർ ബൈപാസില്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിലേക്ക് തിരിയുന്ന ഭാഗത്ത് ഒരു പഴച്ചാര്‍ കട കാണാം. കൂട്ടുകാരന്റെ കട എന്നാണ് പേര്. ഇതൊരു പഴച്ചാര്കട മാത്രമല്ല, ഓരോ ജീവനും വിലപ്പെട്ടതാണെന്ന സന്ദേശം നല്കുന്ന, രക്തദാനത്തിന്റെ മഹത്ത്വം പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയുടെ ഇടം കൂടിയാണ്. വിളനിലം വീട്ടില്‍ വിനീത് എന്ന ചെറുപ്പക്കാരന് ജീവിതമാര്‍ഗമായി തുടങ്ങിയ കട ഇന്ന് മറ്റുള്ളവരുടെ ജീവന് രക്ഷക്ക് ഉതകുന്നു. അടൂര്‍ യുവത എന്ന സംഘടനയുടെ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു വിനീത്.
അവിടെ പ്രവര്‍ത്തിക്കുമ്പോഴാണ് രക്തദാനം സേവനമാക്കിയത്. 56 തവണ ഇതിനകം വിനീത് രക്തം ദാനം ചെയ്തു. ജീവിതമാര്‍ഗം തേടി കട തുടങ്ങിയപ്പോള്‍ രക്തദാനത്തിന്റെ സന്ദേശം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചതും അങ്ങനെയാണ്. ജ്യൂസ് കുടിക്കാന്‍ എത്തുന്നവര്‍ മേശപ്പുറത്ത് മെനുവിനു പകരം 100 പേജിന്റെ നോട്ട് ബുക്കാണ് ആദ്യം കാണുക. രക്തം ദാനം ചെയ്യാന്‍ താല്പര്യമുള്ളവര് അവരുടെ പേരും രക്ത ഗ്രൂപ്പും ഫോണ്‍ നമ്പറും ഈ ബുക്കില്‍ എഴുതണം.
കടയുടെ ചുവരുകളില്‍ രക്തദാനം മഹത്വവത്കരിക്കുന്ന വാക്കുകള്‍ എഴുതിയിരിക്കുന്നത് കാണാം. ദിവസേന നിരവധി പേരാണ് കൂട്ടുകാരന്റെ കടയില്‍ രക്തം ആവശ്യപ്പെട്ട് എത്തുന്നത്. ഇവര്‍ക്ക് രക്ത ഗ്രൂപ് എഴുതിയ ബുക്കില്‍ നോക്കി അവശ്യമുള്ള നമ്പര്‍ നല്‍കും. ഇപ്പോള്‍ തന്നെ 1500ല്‍ പരം ആളുകള്‍ രക്തദാനത്തിന് സന്നദ്ധത അറിയിച്ച് പേര് എഴുതിയിട്ടുണ്ട്.
ഇതില്‍ രാജ്യത്ത് തന്നെ ലഭിക്കാന്‍ ഏറ്റവും പ്രയാസമുള്ള രക്ത ഗ്രൂപ് വരെയുണ്ടെന്ന് വിനീത് പറയുന്നു. വിളിക്കുന്നവര്‍ എല്ലാവരും മടി കൂടാതെ രക്തം നല്‍കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. കൂടാതെ രക്തം ദാനം ചെയ്ത് ഇവിടെ എത്തുന്നവര്‍ക്ക് ജ്യൂസ് സൗജ്യമായി നല്‍കും. ഭാര്യ നീതുവും കടയിലെ സഹായി ലിജോയുമാണ് വിനീതിന് എല്ലാ പിന്തുണയും നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.