തവണ വ്യവസ്ഥയിൽ സ്വർണം, കർട്ടൺ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
text_fieldsഅടൂർ: തവണ വ്യവസ്ഥയിൽ പുതിയ സ്വർണവും പഴയ സ്വർണം പുതുക്കി നൽകാമെന്നും പറഞ്ഞ് പണം തട്ടിയെടുക്കുന്നയാൾ അറസ്റ്റിൽ. കായംകുളം കീരിക്കാട് കണ്ണമ്പള്ളി ചെന്താശ്ശേരി മാവോലി വടക്കേതിൽ വീട്ടിൽ അനിയെയാണ് (അനിയൻ കുഞ്ഞ്- 42) പിടിയിലായത്.
ഇളമണ്ണൂർ സ്വദേശിയായ 17കാരന്റെ സ്വർണമാല ഊരി വാങ്ങി കടന്നുകളഞ്ഞ കേസിലായിരുന്നു അറസ്റ്റ്. പൊലീസ് പറയുന്നത് ഇങ്ങനെ: 2024 മാർച്ച് നാലിന് രാവിലെ അടൂർ പൂതങ്കര വലിയവിള മേലേതിൽ സതീശന്റെ വീട്ടിലെത്തി കർട്ടൻ, സ്വർണം എന്നിവ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ നൽകുന്നയാളാണെന്ന് സ്വയം പരിചയപ്പെടുത്തി.
തുടർന്ന് കുട്ടിയിൽ നിന്ന് അമ്മയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ചശേഷം, അമ്മ പറഞ്ഞതാണെന്ന് വിശ്വസിപ്പിച്ച് കുട്ടിയുടെ കഴുത്തിൽ കിടന്ന ആറ് ഗ്രാം തൂക്കമുള്ള മാല ഊരി വാങ്ങുകയായിരുന്നു. കടയിൽ പോയി തൂക്കം നോക്കി വരാമെന്ന് പറഞ്ഞ് ഇയാൾ സ്ഥലംവിട്ടു.കുട്ടിയുടെ മൊഴിപ്രകാരം എസ്.ഐ സി.കെ. രഘുനാഥൻ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഉപയോഗിക്കുന്ന ഫോൺ പെരുമ്പെട്ടിയിലെ ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്നും, പ്രതി അത് കബളിപ്പിച്ച് കൈക്കലാക്കിയതാണെന്നും വ്യക്തമായി.
കൂടാതെ എരുമേലി, റാന്നി, കോന്നി, കൂടൽ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ ആളുകളെ തവണ വ്യവസ്ഥയിൽ ഫർണിച്ചർ ഉരുപ്പടികൾ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുൻകൂറായി പണം തട്ടിയെടുത്തതായും ശ്രദ്ധയിൽപ്പെട്ടു. തട്ടിപ്പ് നടത്താൻ വേണ്ടി മാത്രമാണ് ഈ ഫോൺ ഉപയോഗിച്ചിരുന്നതെന്നും, ശരിയായ പേരോ വിലാസമോ ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും അടൂർ പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
പിന്നീട് ഊർജ്ജിത അന്വേഷണത്തിൽ ഇയാളുടെ ശരീരപ്രകൃതവും സഞ്ചരിച്ച വാഹനത്തെകുറിച്ചും സൂചന ലഭിച്ചു. ചുവപ്പ് നിറത്തിലുള്ള സ്കൂട്ടറും വാഹന നമ്പറും പിന്നീട് പൊലീസ് കണ്ടെത്തി. ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ വിവരങ്ങൾ ലഭ്യമാക്കിയപ്പോൾ, ഫോൺ ഇയാളുടെ സുഹൃത്ത് ഉപയോഗിച്ചതായും വ്യക്തമായി.
പ്രതിയുടെ നിലവിലെ ഫോൺ നമ്പർ കണ്ടെത്തി സൈബർ സെൽ സഹായത്തോട അന്നേ ദിവസം സ്ഥലത്തെ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കി. അങ്ങനെയാണ് പ്രതി ഇയാളെന്ന് ഉറപ്പാക്കിയതും, കീരിക്കാട്ടിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തതും. ഇയാളുടെ വീട്ടുമുറ്റത്തുനിന്നാണ് സ്കൂട്ടർ പൊലീസ് കണ്ടെടുത്തത്. മൊബൈൽ ഫോണും പിടിച്ചെടുത്തു. കബളിപ്പിച്ച് കൈക്കലാക്കിയ മാല ചെട്ടികുളങ്ങരയിലെ ഒരു കടയിലും, കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോൺ മാവേലിക്കരയിലെ ഒരു ലോട്ടറി കച്ചവടക്കാരനും വിറ്റതായി കുറ്റസമ്മതമൊഴിയിൽ ഇയാൾ വെളിപ്പെടുത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ ബാലസുബ്രഹ്മണ്യൻ, രഘുനാഥൻ, എസ്.സി.പിഒമാരായ രാജീവ്, ശ്യാം, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.