കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
text_fieldsഅടൂർ: ഞായറാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. പല ഭാഗത്തും വീടുകൾ തകർന്നു. വ്യാപക കൃഷിനാശമാണ് വിവിധ ഭാഗങ്ങളിലുണ്ടായത്. ഏനാദിമംഗലം, പള്ളിക്കൽ, ഏറത്ത് ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ ആലേപ്പടിക്കു സമീപം മരം ഒടിഞ്ഞുവീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കോട്ടപ്പുറം കോളനിക്കു സമീപം മൂന്ന് പോസ്റ്റുകൾ ഒടിഞ്ഞുവീണു. ചരുവിളയിൽ ശശി, ആറാട്ടുകുളങ്ങര മൈക്കിൾ, മംഗലത്ത് സാംകുട്ടി എന്നിവരുടെ വീടിനു മേൽമരം വീണു നാശമുണ്ടായി.
ഇവിടെ റോഡിനു കുറുകെ വീണ മരം നാട്ടുകാർ മുറിച്ചുമാറ്റി. പതിനാലാം വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മരക്കൊമ്പ് ഒടിഞ്ഞു വീണു വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. മരങ്ങൾ വീണ് നിരവധി വീടുകൾ തകർന്നു. വൈദ്യുതി പോസ്റ്റ് ഒടിയുകയും ലൈനുകൾ പൊട്ടിവീഴുകയും ചെയ്തു. ഇതോടെ പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചു. പള്ളിക്കൽ ഇളംപള്ളിൽ മനക്കരവിളയിൽ രവീന്ദ്രൻ പിള്ള, ആദിക്കാട്ടുകുളങ്ങര സ്വദേശി സുൽത്താൻ എന്നിവരുടെ വാഴകളും കളിയിലിൽ വീട്ടിൽ കൃഷ്ണകുമാറിന്റെ മാവും ഒടിഞ്ഞു വീണു. ഇളംപള്ളിൽ വല്യവീട്ടിൽ രാജുവിന്റെ കാറിന്റെ മുകളിലേക്കു മരങ്ങൾ വീണ് നാശനഷ്ടമുണ്ടായി. പള്ളിക്കൽ തെങ്ങമം കിഴക്ക്, മുണ്ടപ്പള്ളി പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടാക്കി. മുണ്ടപ്പള്ളി പ്ലാക്കാട് ജങ്ഷന് സമീപം പുത്തൻപുരയിൽ പുരുഷോത്തമൻ, അനിൽ ഭവനത്തിൽ അനിൽ കുമാർ, സന്തോഷ് ഭവനത്തിൽ സന്തോഷ് കുമാർ, ശ്രീഭവനത്തിൽ ഉമ എന്നിവരുടെ വീടുകളുടെ മേൽക്കൂര പൂർണമായി തകർന്നു.
രുദ്രാണി മന്ദിരത്തിൽ പ്രസാദിന്റെ വീടിന് മുകളിലേക്ക് തെങ്ങും മാവും ഒടിഞ്ഞ് വീണ് വീടിന്റ ഒരു ഭാഗം നിലംപതിച്ചു. മീനാക്ഷി ഭവനത്തിൽ പ്രസാദിന്റെ വീടിന് മുകളിലേക്ക് റബർമരം കടപുഴകി നാശനഷ്ടമുണ്ടായി. കരുണാലയത്തിൽ രത്നകുമാറിന്റെ വീടിന് മുന്നിലെ രണ്ട് മാവുകൾ വീടിന്റെ ഇരുവശത്തേക്കായി ഒടിഞ്ഞ് വീണു. തെങ്ങമം കിഴക്ക് പുഷ്പമംഗലത്ത് രാമചന്ദ്രക്കുറുപ്പിന്റെയും മുണ്ടപ്പള്ളി ബിനു ഭവനത്തിൽ പി.ജി. ബാബുവിന്റെയും വീട്ടുകളുടെ മേൽക്കൂരയിലെ ഓടുകൾ ശക്തമായ കാറ്റിൽ ഇളകിപ്പോയി വീടുകൾക്ക് കേടുപാട് സംഭവിച്ചു. തെങ്ങമം കിഴക്ക്, മുണ്ടപ്പള്ളി പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണ് നിരവധി വൈദ്യുതി തൂണുകൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും തകരാറിലായി.
മല്ലപ്പള്ളി: താലൂക്കിൽ ഞായറാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതിനെ തുടർന്ന് വൈദ്യുതി ബന്ധം താറുമായി. ചുങ്കപ്പാറ മാർക്കറ്റിലെ ഷെഡിന് മുകളിൽ മരംവീണ് തകർന്നു. ഷെഡിൽ താമസിച്ചിരുന്ന വികലാംഗനായ ആൽബർട്ട് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവിടെ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിനും നാശനഷ്ടം നേരിട്ടുണ്ട്. എഴുമറ്റൂർ തെള്ളിയൂർ സെൻട്രൽ എം.എസ് സി.എൽ.പി സ്കൂളിന് മുകളിൽ മാവ് മരം ഒടിഞ്ഞുവീണ് മേൽക്കൂര ഭാഗികമായി തകർന്നു. കീഴ്വായ്പൂര്-പടുതോട് റോഡിലും കുറഞ്ഞൂർ-പുറമറ്റം റോഡിലും മരംവീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇതുവഴിയുള്ള വാഹന ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. പലയിടത്തും രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
റാന്നി: റാന്നി ഇട്ടിയപ്പാറയിൽ ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ബൈപാസ്റോഡിൽ മരവും വൈദ്യുതി ലൈനും വീണ് ഗതാഗതതടസ്സം ഉണ്ടായി. പറങ്കിമാവ് ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണപ്പോൾ രണ്ടും കൂടി റോഡിലേക്ക് പതിച്ചാണ് ഗതാഗതം മുടങ്ങിയത്. ഈ സമയം ചെട്ടിമുക്ക് റോഡിൽനിന്ന് വന്ന കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് നാലരക്കാണ് സംഭവം. ഇട്ടിയപ്പാറ ബൈപാസ് റോഡിൽ ബസ്സ്റ്റാൻഡിലേക്ക് കയറുന്ന റോഡിന്റെ സമീപമാണ് റോഡിൽ വൈദ്യുതി ലൈനും മരവും വീണ് ഗതാഗത തടസ്സമുണ്ടായത്. വൈദ്യുതി വകുപ്പ് ജീവനക്കാരും ഫയർഫോഴ്സും എത്തി മരക്കൊമ്പ് വെട്ടിമാറ്റി.
പന്തളം: ശക്തമായ കാറ്റിലും മഴയിലും പൂഴിക്കാട് തെക്ക് മുളമൂട്ടിൽ ബാബു വർഗീസ്, പ്ലാവിളയിൽ സദാനന്ദൻ എന്നിവരുടെ 400ഓളം ഏത്തവാഴകൾ നശിച്ചു. കുടശ്ശനാട് കാരണി, കാവിനാൽ പടി വയലുകളിൽ കൃഷിചെയ്യത വാഴയാണ് നശിച്ചത്. ബാബുവിന്റെ കുടം വന്നതും കുലക്കാറായതുമായ 100 ഓളം ഏത്തവാഴയും ഓണക്കാലത്ത് വിളവെടുപ്പ് ലക്ഷ്യമിട്ട് സദാനന്ദൻ നട്ട 300ഓളം വാഴയാണ് നശിച്ചത്. പന്തളം മുടിയൂർക്കോണം കണ്ണമ്മേത്ത് ചന്ദ്രശേഖരപിള്ളയുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് പ്ലാവ് വീണ് അടുക്കള പൂർണമായും തകർന്നു. നഗരസഭയുടെ പടിഞ്ഞാറ് മേഖലയിൽ വീടുകൾക്ക് മുകളിൽ പല സ്ഥലത്തും മരങ്ങൾ വീണെങ്കിലും കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ല. നൂറിലേറെ റബർ മരങ്ങളും കാറ്റിൽ നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.