ഏനാദിമംഗലത്തെ ആശുപത്രി മാലിന്യസംസ്കരണ പ്ലാന്റ്; തെളിവെടുപ്പിൽ പ്രതിരോധ സമിതിയുടെ പ്രതിഷേധം
text_fieldsഅടൂര്‍: ഏനാദിമംഗലം ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഇമേജ് പ്ലാന്റ് സ്ഥാപിക്കുന്നതിൽ പ്രതിഷേധം ശക്തം. പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിന് മുന്നോടിയായി ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം സമീപവാസികളെയും ഐ.എം.എ ഇമേജ് ഭാരവാഹികളെയും വിളിച്ച് നടത്തിയ തെളിവെടുപ്പ് ജനകീയ പ്രതിരോധ സമിതിയുടെ പ്രതിഷേധത്തില്‍ കലാശിച്ചു. ഐ.എം.എ ഭാരവാഹികളെ സംസാരിക്കാന്‍പോലും അനുവദിക്കാത്ത വിധമുള്ള പ്രതിഷേധത്തില്‍ എം.പിയും എം.എല്‍.എയും അടക്കം ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പ്ലാന്റിനെതിരെയും ശക്തമായ നിലപാടെടുത്തു.
തെളിവെടുപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ മിനി ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ ഭാരവാഹികളെ കൊണ്ടിരുത്തിയത് എതിർപ്പിന് കാരണമായി. ജനകീയ പ്രതിരോധ സമിതി വലിയ ബഹളവുമായി രംഗത്തുവന്നതോടെ ഐ.എം.എയുടെ ഏതാനും പ്രതിനിധികളെ ഒഴികെ ബാക്കിയുള്ളവരെ മാറ്റി.
ഹിയറിങ്ങില്‍ പങ്കെടുത്ത 731 പേരും പ്ലാന്റ് വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി. പ്ലാന്റ് ഇവിടെ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തു. ഐ.എം.എ കേരള ഘടകം പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ പ്ലാന്റിനെ കുറിച്ച് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്ലാക്കാര്‍ഡുമേന്തി ജനങ്ങള്‍ കസേരയില്‍നിന്ന് എഴുന്നേറ്റ് ബഹളം ഉണ്ടാക്കാന്‍ ശ്രമിച്ചു. പൊലീസ് തടയാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ച ശേഷം കണ്‍സള്‍ട്ടന്റ് ആര്.കെ. പ്രമോദ് പ്ലാന്റിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ എഴുന്നേറ്റു. എന്നാല്‍, പ്രതിഷേധക്കാര്‍ മൈക്ക് ഓഫ് ചെയ്തതോടെ അദ്ദേഹത്തിന് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്.ബി. രാജീവ്കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി, പഞ്ചായത്ത് അംഗങ്ങളായ അരുണ്‍രാജ്, ലക്ഷ്മി ജി. നായര്‍, സതീഷ്കുമാര്‍, സാം വാഴോട്, ജെ. പ്രകാശ്, മാരൂര്‍ ശങ്കര്‍ എന്നിവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ജനകീയ പ്രതിരോധ സമിതി കണ്‍വീനര്‍ സജിമാരൂര്, ഓര്‍ത്തഡോക്സ് സഭ അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം, കെ. മോഹന്‍കുമാര്‍, റെജി പൂവത്തൂര്‍, ഡി. ഭാനുദേവന്‍, തോമസ് മാത്യു, ഡി. ബിനോയി, മങ്ങാട് സുരേന്ദ്രന്, സേതുകുമാര്‍, സതികുമാര്‍, അജയ് ബി. പിള്ള എന്നിവരും പ്ലാന്റിനെതിരെ സംസാരിച്ചു.
ഒളിച്ചുകളിച്ച് രാഷ്ട്രീയ പാര്‍ട്ടികൾ
അടൂർ: ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) ഇമേജ് ബയോമെഡിക്കല്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് മറനീക്കുന്നു. സി.പി.എമ്മും കോണ്‍ഗ്രസും പുറമെ പ്ലാന്റിനെതിരെ നിലപാട് എടുക്കുന്നുണ്ടെങ്കിലും ഇവര്‍ രഹസ്യമായി പ്ലാന്റ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന ആരോപണം ശക്തമാണ്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ ഐ.എം.എ ഭാരവാഹികളും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ പഞ്ചായത്തിലാണ് പ്ലാന്റ് വരുന്നത്. ഒരു കാരണവശാലും പ്ലാന്റ് ഇവിടെ വരാന്‍ അനുവദിക്കില്ലെന്ന് ഉദയഭാനു നിലപാട് എടുത്തിട്ടുണ്ട്. അതേസമയം, പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ലഭ്യമാകുന്ന സി.ഇ.ആര് ഫണ്ട് സി.പി.എം അടൂര്‍ ഏരിയ സെക്രട്ടറി എസ്. മനോജ് നേതൃത്വം നല്കുന്ന കമ്പനിക്കാണ് നല്‍കുന്നത്. 24.84 കോടിയുടെ ഫണ്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി നീക്കിവെച്ചിരിക്കുന്നത്. ഇതിന്റെ രണ്ടു ശതമാനമായ 49 ലക്ഷം രൂപയില്‍ 47 ലക്ഷമാണ് പമ്പാവാലി ഫാര്‍മേഴ്സ് സൊസൈറ്റിക്ക് നല്കാന് ധാരണയായിരിക്കുന്നത്.
വ്യവസായ പാർക്ക് നിൽക്കുന്ന ഏനാദിമംഗലം പഞ്ചായത്തിന് നല്‍കാതെ കിലോമീറ്ററുകള്‍ അകലെയുള്ള കടമ്പനാട് പഞ്ചായത്തില്‍ മണ്ണടിയിലെ സൊസൈറ്റിക്ക് ഫണ്ട് അനുവദിച്ചതിൽ ദുരൂഹതയുണ്ട്. സി.ഇ.ആര് ഫണ്ട് സി.പി.എം നേതാക്കള്‍ രൂപവത്കരിച്ച കമ്പനിക്ക് എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിന് മുന്നില്‍ ഐ.എം.എ ഭാരവാഹികള്‍ ഉരുണ്ടുകളിക്കുകയാണ്. പറക്കോട് ബ്ലോക്ക് പഞ്ചായത്താണ് സി.ഇ.ആര് ഫണ്ട് നല്കാന് ശിപാര്‍ശ ചെയ്തത് എന്നാണ് ഇവര്‍ പറഞ്ഞത്.
ബയോമെഡിക്കല്‍ പ്ലാന്റാണെന്ന വിവരം മറച്ചു വച്ചാണ് പമ്പാവാലി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സി.പി.എം അടൂര്‍ ഏരിയ സെക്രട്ടറി എസ്. മനോജ് തന്നെക്കൊണ്ട് ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള പറഞ്ഞിരുന്നു. മണ്ണടി കേന്ദ്രമാക്കിയുള്ള പമ്പാവാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനി ഡയറക്ടര്‍ ബോര്‍ഡിലുള്ളത് സി.പി.എം നേതാക്കള്‍ മാത്രമാണ്.
അടൂര്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഡയറക്ടര്‍ ബോര്‍ഡില്‍ മുഴുവന്‍ സിപിഎം നേതാക്കളോ ബന്ധുക്കളോ ആണ് അംഗങ്ങളായിട്ടുള്ളത്. ഒരേ സമയം പ്ലാന്റിനെതിരെ സമരം ചെയ്യുകയും മറുവഴിക്ക് അതില്‍നിന്നുള്ള ആനുകൂല്യം കൈപ്പറ്റുകയുമാണ് ചെയ്യുന്നത്. മണ്ണടിയിലെ കമ്പനിക്ക് സി.ഇ.ആര് ഫണ്ട് കിട്ടിയതിനെ കുറിച്ച് സി.പി.എം നിശബ്ദത പാലിക്കുകയാണ്.സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ അടൂരില്‍ അടുത്തിടെയായി അന്തര്‍ധാര രൂപം കൊണ്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസില്‍നിന്നുള്ള ഒരു വിഭാഗത്തിന്റെ ഭാഗത്ത് വിമര്‍ശനം ശക്തമാണ്. സി.പി.എം ഏരിയ നേതാവിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആക്ഷേപം.
അടൂര്‍ നഗരസഭയില്‍ സി.പി.എമ്മിന്റെ ചെയര്‍പേഴ്സനെതിരെ കോണ്‍ഗ്രസ് സമരത്തിനിറങ്ങിയത് ഇതുമൂലമാണ്. ഏനാദിമംഗലത്തെ പ്ലാന്റിന്റെ കാര്യത്തിലും ഇതേ അന്തര്‍ധാര നിലനില്‍ക്കുന്നുവെന്നാണ് ആക്ഷേപം. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ ലിമിറ്റഡ് കമ്പനികളില്‍ ഷെയര്‍ ഹോള്ഡര്മാരാകരുതെന്ന ചട്ടം ലംഘിച്ചാണ് ഡയറക്ടര്‍ ബോര്‍ഡ് നിയമനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാരാണ്. ഇവര്‍ക്കെതിരേ നടപടിക്കും സാധ്യതയേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.