പഞ്ചായത്ത് ഓഫീസിനു മുന്നിൽ വീട്ടമ്മ ചെറുമക്കളുമായി നായ്ക്കൂട്ടിൽ കയറി പ്രതിഷേധിച്ചു
text_fieldsഅടൂർ: പഞ്ചായത്ത് ഓഫിസിനു മുന്നിൽ വീട്ടമ്മ ചെറുമക്കളുമൊത്ത് നായ്ക്കൂട്ടിൽ കയറി പ്രതിഷേധ സമരം നടത്തി. ഏനാദിമംഗലം പഞ്ചായത്തിന് മുന്നിലാണ് വ്യത്യസ്ത സമരം നടന്നത്. രോഗിയായ ഭർത്താവും അപകടത്തിൽ മരിച്ച മകെൻറ മക്കളുമടങ്ങുന്ന കുടുംബത്തിന് വീടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് 14ാം വാർഡ് കുന്നിട ചരുവിള വടക്കേതിൽ കുഞ്ഞുമോൾ (55) കൊച്ചുമക്കളുമായി സമരം നടത്തിയത്.
ഇവർ ഇപ്പോൾ ഏഴംകുളം പഞ്ചായത്തിലെ വയല ബ്ലോക്ക് പടിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. തമിഴ്നാട്ടിൽ ജോലിയിലായിരുന്ന മകൻ അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഭാര്യ തമിഴ്നാട്ടിൽ കട്ട കമ്പനിയിൽ ജോലിയിലാണ്. ഒരുലക്ഷം രൂപ അവിടെ കടമുണ്ടെന്നും നിത്യവൃത്തിക്ക് താനും കുടുംബവും വളരെ കഷ്ടതയിലാണെന്നും വാടക നൽകാൻ പണം ഇല്ലെന്നും കുഞ്ഞുമോൾ പറഞ്ഞു. വീട് തരാമെന്നുപറഞ്ഞ് അധികൃതർ കബളിപ്പിക്കുകയാണെന്നും ആരോപിച്ചു.
എന്നാൽ, കുഞ്ഞുമോൾക്ക് ജൂൺ 10ന് പുറത്തിറങ്ങിയ ലൈഫ്മിഷൻ കരട് പട്ടികയിൽ വീട് അനുവദിച്ചിട്ടുണ്ടെന്നും ജൂലൈ ഒന്നിന് അന്തിമ പട്ടിക വന്നതിനുശേഷമേ നടപടികളിലേക്ക് കടക്കാനാകൂ എന്നും പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ പറഞ്ഞു. ഇതു സംബന്ധിച്ച കരടു പട്ടിക അദ്ദേഹം മാധ്യമങ്ങളെ കാട്ടി. രണ്ടു വർഷമായി ഏഴംകുളം പഞ്ചായത്തിലാണ് ഇവർ താമസമെങ്കിലും പഞ്ചായത്ത് വീടുനൽകാൻ നടപടിയെടുത്തുവെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.