അടൂർ സി.എച്ച് സെന്റർ ഉദ്ഘാടനം ഇന്ന്; മുസ്ലിം ലീഗില്‍ വിഭാഗീയതക്ക് തിരികൊളുത്തി പുതിയ കലാപം
text_fieldsഅടൂര്‍: അടൂരില്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്ന സി.എച്ച് സെന്ററിനെച്ചൊല്ലി ജില്ല മുസ്ലിം ലീഗില്‍ പുതിയ കലാപം. മുസ്ലിം ലീഗിന്റെ ജീവകാരുണ്യ സംഘടനയായ സി.എച്ച് സെന്ററിന്റെ പേരിലാണ് അടൂര്‍ സി.എച്ച് സെന്റർ തുറക്കുന്നത്.
എന്നാൽ, സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിന്റെ നേരിട്ടുള്ള നിയന്ത്രണമോ ജില്ല മുസ്ലിംലീഗിന്റെ തീരുമാനമോ ഇല്ലാതെയാണ് അടൂരില്‍ സി.എച്ച് സെന്റർ ആരംഭിക്കുന്നെന്നാണ് പ്രധാന ആക്ഷേപം. ലീഗ് ജില്ല ഭാരവാഹികള്‍ ആരും തന്നെ അടൂർ സി.എച്ച് സെന്ററിന്റെ പിന്നിലില്ല. ലീഗിന്റെ പുതിയ സംഘടന എന്നാണ് അടൂർ സി.എച്ച് സെന്ററിനെ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. നിലവില്‍ അടൂരില്‍ വാടകക്കെടുത്ത ഒറ്റമുറിയാണ് സൊസൈറ്റിയുടെ ഓഫിസായി നിശ്ചയിച്ചിട്ടുള്ളത്.
ജില്ലയാകെ പ്രവര്‍ത്തന പരിധി നിശ്ചയിച്ച് ജില്ല രജിസ്ട്രാര്‍ ഓഫിസില്‍ തിരുവിതാംകൂര്‍-കൊച്ചിന് ചാരിറ്റബില്‍ സൊസൈറ്റീസ് രജിസ്ട്രേഷന് നിയമപ്രകാരം അടൂര്‍ സി.എച്ച് സെന്റര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘടനയുടെ ആദ്യപ്രസിഡന്റും സെക്രട്ടറിയും ആജീവനാന്ത പ്രസിഡന്റും സെക്രട്ടറിയുമായാണ് നിയമാവലിയില്‍ വിവരിക്കുന്നത്. സൊസൈറ്റി രൂപവത്കരണത്തിന് ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയോ മറ്റേതെങ്കിലും പാര്‍ട്ടി ഘടകങ്ങളോ തീരുമാനിക്കുകയോ നിലവിലെ ഭാരവാഹികളെ ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് നേതാക്കള്‍ പറയുന്നു.
ജില്ലയില്‍നിന്നുള്ള വനിത ലീഗ് സംസ്ഥാന നേതാവാണ് അടൂര്‍ സി.എച്ച് സെന്ററിന്റെ പ്രസിഡന്റ്. സംസ്ഥാന മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് അവര്‍ ജില്ലതല നേതാക്കളെ അറിയിച്ചിട്ടുണ്ട്. ജില്ലയില്‍നിന്നുള്ള ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ല മുസ്ലിം ലീഗ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെ നേതാക്കളാരും തന്നെ പുതുതായി രൂപവത്കരിച്ച സൊസൈറ്റിയില്‍ അംഗമല്ല.
തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ഗവ.മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചും മലബാർ മേഖലയിലാകെയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകളുടെ നടത്തിപ്പ് പാര്‍ട്ടി ജില്ല കമ്മിറ്റികളുടെയോ സമുന്നതരായ നേതാക്കളുടെയോ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. എന്നാല്‍, അടൂർ കേന്ദ്രത്തിൽ വനിത നേതാവിന്റെ അടുപ്പക്കാരായ ആളുകള്‍ മാത്രമാണുള്ളത്.
ജില്ല കമ്മിറ്റിയുടെയോ മണ്ഡലം കമ്മിറ്റികളുടെയോ അനുവാദമില്ലാതെ ജില്ല മുഴുവന്‍ പ്രവര്‍ത്തന പരിധി നിശ്ചയിച്ച് സി.എച്ച് സെന്റര്‍ എന്ന പേര് ഉപയോഗിച്ച് സൊസൈറ്റി രൂപവത്കരിച്ചതില്‍ മറ്റു മണ്ഡലം നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം എന്നിവര്‍ ഉദ്ഘാന സമ്മേളനത്തിന് എത്തുന്നതിനാല്‍ പരിപാടി ബഹിഷ്കരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജില്ല നേതാക്കള്‍.
മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായി പാർട്ടി നേതൃത്വം തുടങ്ങിയ ജീവകാരുണ്യസംഘടനയാണ് സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്റർ (സി.എച്ച് സെന്റർ). മുസ്ലിംലീഗ് പ്രവർത്തകർക്ക് പുറമെ മറ്റുള്ളവരും സെന്ററുമായി സഹകരിക്കുന്നുണ്ടെന്നാണ് അടൂർ സെന്ററിന് നേതൃത്വം കൊടുക്കുന്നവരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.