കടമ്പനാട്ട് ജൽജീവൻ മിഷൻ ഉദ്ഘാടനം
text_fieldsഅടൂർ: 2024നകം എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ജൽജീവൻ മിഷൻ പദ്ധതി കടമ്പനാട് പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
46.643 കോടിയുടെ ഭരണാനുമതിയും 29.86 കോടിയുടെ സാങ്കേതിക അനുമതിയും ആണ് ഇതിന് ലഭിച്ചത്. ഇതിൽ 4530 വാട്ടർ കണക്ഷനും 148.875 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികളും ഉൾപ്പെടും. ഒപ്പം പ്രവർത്തനശേഷി കൂടിയ രണ്ട് പമ്പുസെറ്റും സ്ഥാപിക്കുന്ന പ്രവൃത്തികളും കരാർ ആക്കിയിട്ടുണ്ട്.
ഈ പദ്ധതിയിലൂടെ കടമ്പനാട് പഞ്ചായത്തിൽ പൈപ്പ് ലൈനുകൾ ഇല്ലാത്ത പ്രദേശത്ത് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചും ഒപ്പം പൈപ്പ് ലൈനുകൾ ദീർഘിപ്പിച്ചും പ്രവർത്തനശേഷി കൂടിയ പമ്പുസെറ്റുകൾ സ്ഥാപിച്ചും ജലവിതരണം സുഗമമാക്കിയിട്ടുണ്ട്.
നാലാംമൈൽ, മലങ്കാവ് എന്നിവിടങ്ങളിൽ അഞ്ചുലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത ജലസംഭരണികളും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ടെന്നും ചിറ്റയം പറഞ്ഞു. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ടി. തുളസീധരൻ, സിന്ധു ദിലീപ്, നെൽസൺ ജോയിസ്, വൈ. ലിൻഡോ, പ്രസന്നകുമാരി, എസ്. സിന്ധു, വിഷ്ണു, പ്രദീപ് ചന്ദ്രൻ, ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.