ആടുജീവിതമല്ല, ജിജിയുടേത് ആടുകൾക്കൊപ്പമുള്ള ജീവിതം
text_fieldsഅടൂർ: ആടുകളെ പരിപാലിച്ച് ജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന് തെളിയിക്കുകയാണ് ജിജിയും കുടുംബവും. അടൂര്‍ ആനന്ദപ്പള്ളി ആലുംമൂട്ടില്‍ ജോണ്‍സ് ഭവനില്‍ ജിജി ജോണിെൻറയും ഭര്‍ത്താവ് ജോണ്‍ ഡാനിയലിെൻറയും മകള്‍ ജോയൽ അന്ന ജോണിെൻറയും കൂട്ടായ പരിശ്രമത്താലാണ് ഫാം വിജയകരമായി മുന്നോട്ടുപോകുന്നത്. മൂന്നുവര്‍ഷമായി ആട് ഫാം തുടങ്ങിയിട്ട്. 30 ആടുകളുണ്ട് ഇപ്പോൾ.
ബ്ലാക്ക് ബീറ്റില്‍, റെഡ് ബീറ്റില്‍, ശിരോഗി, ബോയര്‍ എന്നിവയുടെ ഒറിജിനല്‍ ബ്രീഡും പര്‍പ്പസാരി -മലബാറി ക്രോസ്, േക്വാട്ട -മലബാറി ക്രോസ്, ശിരോഗി-ബീറ്റില്‍ ക്രോസ്, ഹൈദരാബാദി ബീറ്റില്‍-മലബാറി ക്രോസ് എന്നീ ഇനത്തില്‍പെട്ട ഹൈ ബ്രീഡ് ക്രോസ് ആടുകളും മലബാറി ആടുകളും ഫാമിലുണ്ട്. ആടിെൻറ കുഞ്ഞുങ്ങളെ മൂന്നുമാസം ആകുമ്പോള്‍ വില്‍ക്കും. ഓരോ കുഞ്ഞുങ്ങള്‍ക്കും ഇനവും തൂക്കവുമനുസരിച്ച് 2000 മുതൽ 10,000 രൂപവരെ ലഭിക്കും. കാര്‍ഷിക ആവശ്യത്തിനായി ആട്ടിന്കാഷ്ടം വില്‍ക്കാറുണ്ട്. ഒരു ചാക്കിന് 250 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഇവ രണ്ടുമാണ് വരുമാന മാർഗം.
പുളിയരി പൊടി, ഗോതമ്പ്, ഗോതമ്പ് തവിട്, ചോള പൊടി, ഇവയെല്ലാം വേവിച്ച് അധികം വെള്ളം ചേര്‍ക്കാതെ രാവിലെ കൊടുക്കും. മൂന്നുനേരം പുല്ല്, ആടിെൻറ തീറ്റ, പ്ലാവില എന്നിവ ലഭ്യത അനുസരിച്ചുകൊടുക്കും. കുടിവെള്ളവും ഇതോടൊപ്പം കരുതിവെക്കാറുണ്ട്. വൈകീട്ട് ആടിെൻറ പെല്ലറ്റ്, അരിക്കഞ്ഞി, ഗോതമ്പുതവിട് എന്നിവ വെള്ളം കൂടുതല്‍ ചേര്‍ത്ത് മഞ്ഞള്‍പൊടി കലക്കി കൊടുക്കാറുണ്ട്. മഞ്ഞള്‍ പൊടി കൊടുക്കുന്നത് ആടിെൻറ പ്രതിരോധശേഷി കൂടും. ആഴ്ചതോറും ആണാടിന് മുട്ടയും മീന്‍ എണ്ണയും കൊടുക്കും. പെണ്ണാടുകള്‍ക്ക് കാത്സ്യവും ലിവര്‍ ടോണിക്കും കൊടുക്കാറുണ്ട്. എല്ലാവര്ക്കും പി.പി.ആര് വാക്സിന് എടുക്കാറുണ്ട്.
ശാസ്ത്രീയമായാണ് കൂട് നിർമിച്ചിരിക്കുന്നത്. തറയില്‍നിന്ന് ആറ് അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് തുണുകളില് താങ്ങി നിര്‍ത്തിയിരിക്കുന്ന കൂട് ആഞ്ഞിലി തടിയിലാണ് നിർമിച്ചിരിക്കുന്നത്. ടിന് ഷീറ്റാണ് മേല്‍കൂര.
ഭര്‍ത്താവ് ജോണ്‍ നിര്‍മിച്ച ഈ കൂടിെൻറ ചെലവ് 42,000 രൂപ മാത്രമാണ്. ആട്ടിന്‍ കാഷ്ടം, മൂത്രം ഇവയൊക്കെ കെട്ടിനിന്ന് ആടുകള്‍ക്ക് അസുഖം വരാതെ സംരക്ഷിക്കാന്‍ ആണ് ഇത്തരത്തില്‍ കൂട് നിര്‍മിച്ചതെന്ന് ജിജി ജോണ്‍ പറഞ്ഞു. അടൂര്‍ വെറ്ററിനറി ഹോസ്പിറ്റലിലെ സ്വപ്ന, പ്രേംരാജ്, സൂരജ് എന്നിവരാണ് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത്. ഹൈദ്രബാദി ബീറ്റിലിെൻറ ആണാടിനെ പ്രത്യുൽപാദന പ്രക്രിയക്കും ഉപയോഗിക്കാറുണ്ട്. ആടുവളര്‍ത്താന്‍ താൽപര്യം ഉള്ളവർ അഞ്ചില്‍ താഴെ ആടുകളെ മാത്രം ആദ്യം വളര്‍ത്തുകയും കൂട് ഏറ്റവും ചെലവുചുരുക്കി ഉണ്ടാക്കുകയും ചെയ്താല്‍ തീര്‍ച്ചയായും വിജയം കൈവരിക്കാമെന്ന് ജിജി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.