തെരുവുനായ്ക്കള്‍ക്കും പക്ഷികള്‍ക്കും ആശ്രയമായ ജ്യോതി പൊലീസ് വളൻറിയര്‍ കുപ്പായത്തിൽ
text_fieldsഅടൂര്‍: ലോക്ഡൗണില്‍ തെരുവുനായ്ക്കള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണംനല്‍കി മാതൃകയായ ജ്യോതി ഉപജീവനത്തിന് പൊലീസ് വളൻറിയര്‍ കുപ്പായമണിഞ്ഞു. അടൂര്‍ കെ.എസ്.ആര്‍.ടി.സി കവല മുതല്‍ സെന്‍ട്രല്‍ കവല വരെയാണ് ജ്യോതിക്ക് ഡ്യൂട്ടി. മാസ്‌ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും താക്കീത് ചെയ്യും.
ലോക്ഡൗണില്‍ എന്നും പൂതങ്കരയില്‍നിന്ന് കായംകുളം-പത്തനാപുരം സംസ്ഥാനപാതയിലൂടെ അടൂരിലേക്കും തിരികെ ബൈപാസ് വഴി പൂതങ്കരയിലേക്കും സഞ്ചരിച്ച് തെരുവുനായ്ക്കള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണവുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ജ്യോതി ഏവര്‍ക്കും പരിചിതയാണ്.
ഏനാദിമംഗലം പൂതങ്കര കൊല്ലായിക്കോട് പുത്തന്‍വീട്ടില്‍ എസ്.പി ജ്യോതിയാണ് ഉപജീവനത്തിന് പല കുപ്പായങ്ങള്‍ അണിയേണ്ടിവന്നത്. 15 വര്‍ഷം മുമ്പ് ജ്യോതി ഇളമണ്ണൂരിലെ ആദ്യ വനിത ഓട്ടോ ഡ്രൈവറായിരുന്നു. തുടര്‍ന്ന് ഡ്രൈവിങ് പരിശീലകയായും ആംബുലന്‍സ് ഡ്രൈവറായും ഏറ്റവും ഒടുവില്‍ കെ.എസ്.ആര്‍.ടി.സി അടൂര്‍ ഡിപ്പോയിലെ എം.പാനല്‍ കണ്ടക്ടറായും സേവനം അനുഷ്ഠിച്ചു.
എം. പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ ജ്യോതിക്കും ജോലി നഷ്ടപ്പെട്ടു. ഹെവി ഡ്രൈവിങ് ലൈസന്‍സുള്ള ഈ അവിവാഹിത ബസും ടിപ്പറും ഓടിക്കും. ലോക്ഡൗണില്‍ കടകള്‍ അടച്ചതോടെ തെരുവുകളില്‍ മാലിന്യം ഇല്ലാതാകുകയും മിണ്ടാപ്രാണികള്‍ കഷ്ടത്തിലാകുകയും ചെയ്തതോടെയാണ് കണ്ടക്ടര്‍ ആയി ജോലി ചെയ്യുമ്പോള്‍ സ്വരുക്കൂട്ടിയ പണംകൊണ്ട് അവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ തയാറായത്.
ചോറും കോഴി ഇറച്ചിയും വീട്ടില്‍ പാചകം ചെയ്ത് സ്‌കൂട്ടറില്‍ ചരുവത്തിലും മറ്റുംവെച്ച് ജ്യോതി നായകള്‍ക്ക് എത്തിച്ചുനല്‍കുമായിരുന്നു. പക്ഷികള്‍ വസിക്കുന്ന വൃക്ഷങ്ങളുടെ താഴെ ഭക്ഷണവും പഴവും വെക്കുമ്പോൾ അവറ്റകള്‍ താഴെവന്ന് ഒരുപേടിയും കൂടാതെ തീറ്റ കഴിക്കും.
ന്യൂസ്പേപ്പറിനു മുകളില്‍ വാഴയിലയിട്ടാണ് ഭക്ഷണം വിളമ്പിയിരുന്നത്. പാളയില്‍ കുടിവെള്ളവും വെക്കും. ഇതുസംബന്ധിച്ച് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴും ചില ദിവസങ്ങളില്‍ അവറ്റകള്‍ക്ക് ജ്യോതി ഭക്ഷണം എത്തിച്ചുനല്‍കാറുണ്ട്. ഓണക്കാലം കഴിയുമ്പോഴേക്കും പൊലീസ് വാളൻറിയര്‍ ജോലിയും നഷ്ടമാകും. തുടര്‍ന്ന് എന്തു ചെയ്യണമെന്ന ചിന്തയിലാണ് ജ്യോതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.