കാപ്പ പ്രതിയുടെ മാതാവിന്റെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ
text_fieldsഅടൂർ: കാപ്പ കേസിലുൾപ്പെട്ട പ്രതിയോടും സഹോദരനോടുമുള്ള മുൻവിരോധത്തിൽ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി നടത്തിയ ആക്രമണത്തിൽ ഇവരുടെ മാതാവ് കൊല്ലപ്പെട്ട സംഭവത്തിൽ 11 പ്രതികൾ അറസ്റ്റിൽ. ഏനാദിമംഗലം ചാങ്കൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാതയാണ് (64) കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30ന് ഒരുസംഘം ആളുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കമ്പിവടികൊണ്ടുള്ള അടിയിൽ തലക്കേറ്റ ഗുരുതര പരിക്കിനെ തുടർന്നാണ് മരണം.
സംഭവത്തിൽ ഏനാദിമംഗലം കുറുമ്പകര എൽസി ഭവനിൽ അനീഷിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുറുമ്പകര മുകളുവിള പടിഞ്ഞാറ്റേതിൽ ജിതിൻ, മാരൂർ കാട്ടുകാലയിൽ സുരേന്ദ്രൻ, മാരൂർ കാട്ടുകാലയിൽ സുധ ഭവനം വീട്ടിൽ സുധീഷ്, കുറുമ്പകര പൂവണ്ണം മൂട്ടിൽ വിളയിൽ സജിത്, മാരൂർ കാട്ടുകാലയിൽ എലിമുള്ളതിൽ മേലേതിൽ സഹോദരങ്ങളായ ശ്യാം, ശരത്, കുറുമ്പകര അയണിവിള പടിഞ്ഞാറ്റേതിൽ ഉന്മേഷ്, കുറുമ്പകര ചീനിവിള വീട്ടിൽ രതീഷ്, കുറുമ്പകര ചീനിവിള അൽ അമീൻ മൻസിലിൽ അൽ അമീൻ (28), ഏനാദിമംഗലം ഇളമണ്ണൂർ മരുതിമൂട് മാഹീൻ മൻസിലിൽ ഷാജഹാന്റെ മകൻ ഷാനവാസ് (34) എന്നിവരാണ് അറസ്റ്റിലായത്.
പതിനഞ്ചോളം വരുന്ന സംഘമാണ് വീട്ടിൽ കയറി ആക്രമണം നടത്തിയതെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. വീട് മുഴുവനും സംഘം തല്ലിത്തകർക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിച്ച് വീടിന് മുന്നിലുള്ള കിണറ്റിലിടുകയും ചെയ്തു. വീട്ടിലെ വളർത്തുനായെയും വെട്ടിപ്പരിക്കേൽപിച്ചു. ശനിയാഴ്ച വൈകീട്ട് കുറുമ്പകര മുളയങ്കോട് വസ്തുതർക്കത്തെ തുടർന്നുണ്ടായ സംഘർഷങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം. സുജാതയുടെ കൊലപാതകത്തെ തുടർന്ന് ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഒളിവിൽപോയ പ്രതികൾക്കായി അടൂർ സി.ഐയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
പ്രതികൾ കറവൂർ സന്യാസികോണിലെ ബന്ധുവീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ്, ബുധനാഴ്ച പുലർച്ച സ്ഥലത്തെത്തിയെങ്കിലും പ്രതികൾ കാടിനുള്ളിലേക്ക് കടന്നു. തുടർന്ന് അടൂരിൽനിന്ന് കൂടുതൽ പൊലീസെത്തി കറവൂർ, പുന്നല വനമേഖലകളിൽ തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് ഇവർ പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അടൂർ ഡിവൈ.എസ്.പി ആർ. ബിനു പറഞ്ഞു. പ്രതികളെ ഒളിവിൽ താമസിപ്പിച്ചവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. സുജാതയുടെ സംസ്കാര ശേഷം ഇവരുടെ മക്കളെ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ അടൂർ, ഏനാത്ത് പൊലീസ് അധികൃതരെത്തി കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.