കടമ്പനാട് വില്ലേജ് ഓഫിസ് നാഥനില്ലാ കളരി; ജനം വലയുന്നു
text_fieldsഅടൂർ: കടമ്പനാട് വില്ലേജ് ഓഫിസിൽ ഓഫിസറും ആവശ്യത്തിന് ജീവനക്കാരുമില്ല. ഏപ്രിൽ 12ന് വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയി. പകരമെത്തിയയാൾ അവധിയിൽ പ്രവേശിച്ചതോടെ ഇവിടെ നാഥനില്ല കളരിയാണ്. പെരിങ്ങനാട് വില്ലേജ് ഓഫിസർക്കാണ് കടമ്പനാട്ടെ ചുമതല. ഏറെ തിരക്കുള്ള വില്ലേജുകൂടിയാണ് പെരിങ്ങനാട്. ഒരു വില്ലേജ് ഓഫിസർ, രണ്ട് സ്പെഷൽ വില്ലേജ് ഓഫിസർ, വില്ലേജ് അസി., രണ്ട് വില്ലേജ് ഫീൽഡ് അസി. ഉൾപ്പെടെ ആറ് ജീവനക്കാരാണ് വേണ്ടത്. എന്നാൽ, വില്ലേജ് ഓഫിസറെ കൂടാതെ ഒരു സ്പെഷൽ വില്ലേജ് ഓഫിസർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് എന്നിവരുടെ ഓരോ തസ്തിക വീതം ഒഴിഞ്ഞുകിടക്കുകയാണ്.
വില്ലേജ് ഓഫിസർ ഇല്ലാത്തതിനാൽ നിലം പരിവർത്തനം (തരംമാറ്റം), പോക്കുവരവ് എന്നിവക്ക് കാലതാമസം ഉണ്ടാകും. ഓൺലൈൻ വഴി വരുമാനസർട്ടിഫിക്കറ്റ്, ആസ്തി ഇവ സംബന്ധിച്ച സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. കൂടാതെ ഔദ്യോഗിക റിപ്പോർട്ട് തഹസിൽദാർക്ക് നൽകുമ്പോൾ അതിൽ വില്ലേജ് ഓഫിസർ ഒപ്പുവെക്കുകയും വേണം. നീറ്റിനായി വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നീ അപേക്ഷകളിൽ അവസാന അനുമതി നൽകേണ്ടത് വില്ലേജ് ഓഫിസറാണ്.
ഭൂനികുതി അടക്കാൻ വരുന്നവരും ബുദ്ധിമുട്ടിലാണ്. 35,000 വസ്തു ഉടമകളാണ് വില്ലേജിന്‍റെ പരിധിയിൽ വരുന്നത്. ആവിശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം കിം-നീറ്റ് പ്രവേശന പരീക്ഷ സർട്ടിഫിക്കറ്റുകൾ, വിവിധതരം സാക്ഷി പത്രങ്ങൾ, മേൽ ഓഫിസിൽനിന്നുള്ള നോട്ടീസ് നടപ്പാക്കൽ എന്നിവക്ക് കാലതാമസം ഉണ്ടാകുന്നുണ്ട്. കടമ്പനാട് വില്ലേജ് ഓഫിസിൽ ഓഫിസർ ഉൾപ്പെടെ ഒഴിഞ്ഞു കിടക്കുന്ന മുഴുവൻ തസ്തികയിലും ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു. പഴക്കം ചെന്ന കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.