കോവിഡ്: കോളനിയിലെ രോഗികളെ മാറ്റിത്താമസിപ്പിക്കാൻ നടപടിയായില്ല
text_fieldsഅടൂർ: കോവിഡ് വ്യാപനവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമുള്ള പള്ളിക്കൽ ചേന്നംപുത്തൂർ കോളനിയിൽ രോഗികളെ മാറ്റിത്താമസിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായില്ല. ഇതേസമയം കോളനിയിൽ ഭക്ഷ്യക്ഷാമത്തിന് താൽക്കാലിക ആശ്വാസമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പിന്റെ നേതൃത്വത്തിൽ അരിയും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറി കിറ്റുകളും എത്തിച്ചു. 'അമ്മ ഭരണിക്കാവിലമ്മ' വാട്സ്ആപ് ഗ്രൂപ് കൂട്ടായ്മയുടെ നേതൃത്വത്തിലും അരിയും പച്ചക്കറി കിറ്റുകളും നൽകി. എട്ടു ദിവസമായി കോളനിയിൽതന്നെ കഴിയുന്ന ഇവർക്ക് ഭക്ഷ്യസാധനങ്ങൾ തീർന്നിട്ട് മൂന്നുദിവസമായിരുന്നു.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഗ്രാമപഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് അടിയന്തര സഹായം എത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. കൈക്കുഞ്ഞുങ്ങളടക്കം 250ലധികം ആളുകൾ വലയുകയാണ്. രണ്ടുമീറ്റർ മാത്രം അകലത്തിലുള്ള 34 ഒറ്റമുറിയും അടുക്കളയും മാത്രമുള്ള വീടുകളിലാണ് ഇവർ താമസിക്കുന്നത്. കോവിഡ് ബാധിതരും രോഗമില്ലാത്തവരും ഒരേവീട്ടിൽതന്നെ കഴിയുന്നു. ഹെൽത്ത് ഡിപ്പാർട്മെൻറിൽനിന്ന് ഡോക്ടർ ഉൾപ്പെടെയെത്തി അവശ്യമരുന്നുകൾ നൽകി.
ഏഴുദിവസം മുമ്പ് ഒരാളിൽ തുടങ്ങിയതാണ്. ഇപ്പോൾ 15 പേർക്കായി. 250 ആളുകൾക്കുകൂടി രണ്ട് കക്കൂസ് മാത്രമേയുള്ളൂ. കോവിഡ് ബാധിതരും ഈ കക്കൂസാണ് ഉപയോഗിക്കുന്നത്. രോഗികളെ ഇവിെടനിന്ന് മാറ്റിത്താമസിപ്പിക്കാൻ സൗകര്യങ്ങളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ പുറത്തിറങ്ങരുതെന്ന നിർദേശത്തെതുടർന്ന് ആരും പുറത്തിറങ്ങിയിട്ടില്ല. അരിയും സാധനങ്ങളും തീർന്നു.
ജോലിക്ക് പോകാൻ കഴിയാതെ വീടുകൾ പട്ടിണിയിലായിരുന്നു. പഞ്ചായത്തിൽനിന്ന് കഴിഞ്ഞ ദിവസം 500 ലിറ്റർ കുടിവെള്ളമെത്തിച്ചു നൽകിയിരുന്നു. കോവിഡുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് കോളനി നിവാസികൾക്കുള്ളത്. മഴകൂടിയായതിനാൽ ഇവിടത്തെ താമസം ദുഷ്കരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.