തദ്ദേശ സ്ഥാപന ബജറ്റ്
text_fieldsഅടൂർ നഗരസഭ: പട്ടികജാതി വിഭാഗത്തിനും റോഡ് വികസനത്തിനും മുൻഗണന
അടൂർ: പട്ടികജാതി വിഭാഗത്തിന് വേണ്ടിയുള്ള വിവിധ പദ്ധതികൾക്കും റോഡ് വികസനത്തിനും പ്രാധാന്യം നൽകി അടൂർ നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൻ രാജി ചെറിയാൻ അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷതവഹിച്ചു. 72.50,74754 കോടി വരവും 65.01 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ശുചിത്വ മേഖലക്ക് 1.65 കോടിയും പട്ടികജാതി വിഭാഗത്തിന് 1.74 കോടിയും വകയിരുത്തി. സ്കോളർഷിപ്പിന്15 ലക്ഷം രൂപയും ഭൂമി വാങ്ങാൻ 30 ലക്ഷം രൂപയും ഉൾക്കൊളിച്ചിട്ടുണ്ട്. വിവിധപൊതുമരാമത്ത് വർക്കുകൾക്ക് 4.64 കോടിയും കാർഷിക മേഖലക്ക് 15 ലക്ഷവും അംഗൻവാടികളുടെയും ഹെൽത്ത് സെന്റർ നവീകരണം സ്മാർട്ട് അംഗൻവാടികൾക്ക് 58 ലക്ഷവും ഹരിത കർമസേനക്ക് വാഹനം വാങ്ങാൻ 10 ലക്ഷവും പുതിയകാവ് ചിറ പ്രാദേശിക ടൂറിസം പദ്ധതിക്ക് 10 ലക്ഷവും പാലിയേറ്റ് കെയർ വാഹനം വാങ്ങാൻ ആറു ലക്ഷവും ഹാപ്പിനസ് പാർക്കിന് അഞ്ചു ലക്ഷവും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
നഗരസൗന്ദര്യവത്കരണ പദ്ധതികൾക്ക് അഞ്ചുലക്ഷം രൂപ വകയിരുത്തി. പുതിയകാവിൽ ചിറയിൽ പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാൻ 10 ലക്ഷവും വകയിരുത്തി.
കോന്നി ബ്ലോക്ക് പഞ്ചായത്തിൽ പ്രാദേശിക വികസനത്തിന് പ്രാധാന്യം
കോന്നി: കോന്നി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രകൃതിക്ഷോഭ പുനരധിവാസ പദ്ധതിയിൽ 2021 -22, 2022 - 23 എന്നീ വർഷങ്ങളിൽ 62 ലക്ഷം രൂപ കോന്നി ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചു. 2024 -25 വർഷത്തിൽ 60 ലക്ഷം രൂപ വരവും അത്രതന്നെ ചെലവും ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നതായി ഭരണ സമിതി അറിയിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീൺ) പ്രകാരം ആവാസ് പ്ലസ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളെയാണ് 2021-22 മുതൽ ഭവന നിർമാണ ധനസഹായത്തിനായി പരിഗണിക്കുന്നത്. 2024 -25 വർഷത്തിൽ അനുവദിക്കുന്ന തുക പരിഗണന അനുസരിച്ച് നൽകും. കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റിനത്തിൽ 2021 - 22 സാമ്പത്തിക വർഷം മുതലാണ് ബ്ലോക്ക് പഞ്ചായത്തിന് ഫണ്ട് അനുവദിച്ച് തുടങ്ങിയത്.
ധനകാര്യ കമീഷൻ ഗ്രാന്റ് ടൈഡ് ഫണ്ടിൽ ഉൾപ്പെടുത്താവുന്ന പദ്ധതികൾ കുടിവെള്ള പദ്ധതികൾ, മാലിന്യ സംസ്കരണ പദ്ധതികൾ,ശുചിത്വ പദ്ധതികൾ എന്നിവയാണ്. കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റിനത്തിൽ ബേസിക് അൺടൈഡ് ഫണ്ട് അനുവദിച്ചുതുടങ്ങിയത് വികസന ഫണ്ടിൽ കുറവ് വന്നതിന് ആനുപാതികമായാണ്. ദുർബല വിഭാഗങ്ങൾക്ക് ഭവന നിർമാണത്തിനായി ലൈഫ് പദ്ധതി വിഹിതമായി 1.81കോടി നീക്കിവെച്ചിട്ടുണ്ട്.
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25ലെ വാർഷിക പദ്ധതി പൊതു വിഭാഗം പദ്ധതി വിഹിതമായി 4.15 കോടിയും പട്ടികജാതി വികസനത്തിന് 1.63 കോടിയും പട്ടിക വർഗ വികസനത്തിന് 7,64,000 രൂപയും ഉൾപ്പെടെ ആകെ 5.85കോടിയാണ് ബജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് എം.വി. അമ്പിളി അധ്യക്ഷത വഹിച്ചു.
പന്തളം നഗരസഭയിൽ റോഡുകളുടെ പുനരുദ്ധാരണത്തിന് മുൻതൂക്കം
പന്തളം: നഗരസഭ പ്രദേശത്തെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് മുൻതൂക്കം നൽകുന്ന ബജറ്റ് ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ അവതരിപ്പിച്ചു. ചെയർപേഴ്സൻ സുശീല സന്തോഷ് അധ്യക്ഷത വഹിച്ചു.
എട്ടുകോടിയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്.
പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ ഭവനരഹിതർക്ക് വീട് നൽകാൻ ആറു കോടി, ക്ഷേമപെൻഷന് 7.3 കോടി, കേന്ദ്ര സർക്കാർ പദ്ധതിയായ ഐ.ടി പാർക്കിന് സ്ഥലം കണ്ടെത്താനും അച്ചൻകോവിലാറിന്റെ തീരസംരക്ഷണത്തിനും നടപ്പാതകൾ സൗന്ദര്യവത്കരിക്കുന്നതിനും ഓരോ കോടി വീതം, പട്ടികജാതി-വർഗ ക്ഷേമ പ്രവർത്തനങ്ങൾക്ക് 3.73 കോടി, 83.78 കോടി വരവും 79.38 കോടി ചെലവും 4.4 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
കോട്ടാങ്ങലിന് 10 കോടിയുടെ ബജറ്റ്
മല്ലപ്പള്ളി: കോട്ടാങ്ങല്‍ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 10.31 കോടി വരവും 7.40 കോടി ചെലവും 4.79 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ജമീല ബിവീ അവതരിപ്പിച്ചു.
കുടിവെള്ളക്ഷാമം പരിഹരിക്കാൻ 20 ലക്ഷം രൂപയും വഴിവിളക്ക് വൈദ്യുതലൈന്‍ നീട്ടാൻ 10 ലക്ഷം രൂപയും, റോഡു പുനരുദ്ധാരണത്തിന് 59 ലക്ഷം രൂപയും റോഡിതര പുനരുദ്ധാരണത്തിനായി 42 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യ മേഖലയിൽ ഇന്നവേറ്റിവ് പദ്ധതിയായി ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുന്നതിനം ബജറ്റിൽതുക മാറ്റിവെച്ചിട്ടുണ്ട്.
ക്ഷീരവികസനം, മൃഗസംരക്ഷണം, പട്ടികജാതിവികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ വിഭാഗങ്ങളിലെ വ്യക്തിഗത ആനുകൂല്യ സബ്സിഡിയായി 1,90,53,000 രൂപയും പ്രകൃതിദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു ലക്ഷം രൂപയും വാവായ്പൂര് ബസ്സ്റ്റാൻഡിൽ ഷോപ്പിങ് കോംപ്ലക്സ്, ചുങ്കപ്പാറ മാർക്കറ്റ് കെട്ടിടങ്ങളുടെ നവീകരണത്തിന് തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷതവഹിച്ചു.
കല്ലൂപ്പാറ പഞ്ചായത്തിൽ കാർഷിക മേഖലക്ക് മുൻഗണന
മല്ലപ്പള്ളി: കാർഷികമേഖലക്കും ഭവന പദ്ധതിക്കും പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും മുൻഗണന നൽകി കല്ലൂപ്പാറ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻ്റ് ചെറിയാൻ എം.മണ്ണഞ്ചേരി അവതരിപ്പിച്ചു.
12.48 കോടി വരവും 11.65 കോടിചെലവും പ്രതീക്ഷിക്കുന്നു. ഉൽപാദന മേഖലക്ക് 75,49,000 രൂപയും ഭവനനിർമാണം, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, മാലിന്യ സംസ്കരണം എന്നിവ ഉൾപ്പെടുന്ന സേവന മേഖലക്ക് 2,26,03,315 രൂപ ബജറ്റിൽ വകയിരുത്തി. പ്രസിഡന്റ് ഗീത ശ്രീകുമാർ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.