വയോധികക്കും മകൾക്കും മഹാത്മ ജനസേവന കേന്ദ്രത്തിൽ അഭയം
text_fieldsഅടൂർ: വയോമാതാവിനും അർബുദ ബാധിതയായ മകൾക്കും മഹാത്മ ജനസേവന കേന്ദ്രത്തിൽ അഭയം നൽകി. തെങ്ങമം ഇളംപള്ളിൽ കൊച്ചു തറ ജങ്ഷനുസമീപം തുണ്ടിൽ വീട്ടിൽ സരോജിനിയമ്മ (87), മകൾ ലതാകുമാരി (47) എന്നിവരെയാണ് ദുരിതക്കുഴിയിൽനിന്ന് അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ള ഇടപെട്ട് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
ഒന്നര വർഷമായി പക്ഷാഘാതത്തെത്തുടർന്ന് തളർന്ന് കിടപ്പായിരുന്നു സരോജിനിയമ്മ. മകൾ ലതാകുമാരിക്ക് തൊണ്ടയിൽ ദ്വാരമിട്ട് ശ്വസിക്കുന്ന അവസ്ഥയാണ്. സംസാരിക്കണമെങ്കിൽ തുണികൊണ്ട് ദ്വാരം അടച്ചുപിടിക്കണം. കാലുകളിൽ സോറിയാസിസുകൂടി ബാധിച്ചതോടെ ഭർത്താവും ഉപേക്ഷിച്ചുപോയി. ഈ അവസ്ഥയിൽ സ്വന്തം വീട്ടിൽ അഭയം തേടിയെത്തിയ ലതാകുമാരി അമ്മയുടെ ദുരിതം കൂടി ചുമലിലേറ്റേണ്ടിവന്നു. ആറ് സഹോദരങ്ങളും ബന്ധുക്കളും ചുറ്റുപാടുമുണ്ടെങ്കിലും ആരും സഹായമായില്ല. മരുന്നിനും ഭക്ഷണത്തിനും പണമില്ല.
മാസം കിട്ടുന്ന ക്ഷേമപെൻഷൻ മാത്രമാണ് ആകെയുള്ള വരുമാനം. ഈ അവസ്ഥയിൽ സഹായകമായിരുന്നത് പഞ്ചായത്ത് മെംബർ ജി. പ്രമോദും ആശ പ്രവർത്തകയുമായിരുന്നു. വയോമാതാവിെൻറ അവസ്ഥ ഗുരുതരമായതോടെ ആർ.ഡി.ഒയെയും പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറിനെയും മെംബർ വിവരമറിയിച്ചു. തുടർന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ എന്നിവർ സ്ഥലത്തെത്തി ഏറ്റെടുത്തു.
ആർ.ഡി.ഒ തുളസീധരൻ പിള്ള, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മക്കുറുപ്പ്, സ്ഥിരം സമിതി ചെയർമാൻ കെ.ജി. ജഗദീശൻ, പഞ്ചായത്ത് അംഗം ജി. പ്രമോദ്, റവന്യൂ ഉദ്യോഗസ്ഥരായ ഉദയകുമാർ, സുധീഷ് കുമാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ദേഹമാസകലം വ്രണങ്ങളും നീർക്കെട്ടും ഉള്ള സരോജിനിയമ്മയുടെ സ്ഥിതി ഗുരുതരമായതിനാൽ ചികിത്സക്ക് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കാവശ്യമായ നിയമ പരിരക്ഷ ഉറപ്പാക്കുമെന്ന് ആർ.ഡി.ഒയും പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.