സ്ഥിരം അധ്യാപകരെ കാത്ത് മാരൂര്‍ ഹയർ സെക്കൻഡറി വിദ്യാർഥികൾ
text_fieldsഅടൂർ: പുതിയ അധ്യയനവർഷത്തിന്റെ തുടക്കം മുതലേ സ്ഥിരം അധ്യാപകരും പ്രിൻസിപ്പലും ഇല്ലാതെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ. ഏനാദിമംഗലം പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളായ മാരൂർ ഗവ. എച്ച്.എസ്.എസിനാണ് ഈ ദുരവസ്ഥ.
സർക്കാർ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു എന്ന് അധികൃതർ പറയുമ്പോൾ അത് വെറും വീമ്പുപറച്ചിൽ മാത്രമാണെന്നാണ് മാരൂരുകാർ പറയുന്നത്. കായംകുളം- പത്തനാപുരം സംസ്ഥാനപാതക്കരികിലാണ് വിദ്യാലയം. സമീപപ്രദേശത്ത് പ്രീപ്രൈമറി മുതല്‍ പ്ലസ് ടു വരെ സര്‍ക്കാര്‍ വിദ്യാലയവും ഇതുതന്നെ.
ഇവിടെ ഹയർ സെക്കൻഡറി വിഭാഗം തുടങ്ങിയതു മുതല്‍ അതിഥി അധ്യാപകരാണ് ക്ലാസ് നടത്തുന്നത്. ഒറ്റ സ്ഥിരം അധ്യാപകരെയും ഇതുവരെ നിയമിച്ചിട്ടില്ല. പ്രിൻസിപ്പലും ഇല്ലാത്തതിനാൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററാണ് ഹയർ സെക്കൻഡറി വിഭാഗവും നോക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020-21 അധ്യയനവര്‍ഷം മുതല്‍ അതിഥി അധ്യാപകരെ നിയമിക്കാനുള്ള അനുമതി ലഭിച്ചില്ല. ഇതുസംബന്ധിച്ച 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്നാണ് അതിഥി അധ്യാപകരെ നിയമിച്ചത്.
1890ല്‍ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിന്മുറക്കാരനായ കൊച്ചുവിള വീട്ടില്‍ കൊച്ചുമാധവനാണ് കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്. വെള്ളയാംകോട്ടുവീട്ടില് കുഞ്ഞിപ്പെണ്ണാണ് 1902ല്‍ വിദ്യാലയം സര്‍ക്കാറിന് കൈമാറിയത്. നാനൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു.
മൂന്ന് കെട്ടിടങ്ങളിലായി ക്ലാസ് റൂമുകള്‍ പ്രവര്‍ത്തിക്കുന്നു. വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. സയന്‍സ്, കോമേഴ്സ് ബാച്ചുകളാണുള്ളത്. കഴിഞ്ഞ അധ്യയനവർഷം സയന്‍സില്‍ 42ഉം കോമേഴ്സില്‍ 29ഉം ഉള്‍പ്പെടെ 71 കുട്ടികളുണ്ടായിരുന്നു.
ഈ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക തസ്തിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏനാദിമംഗലം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ശങ്കര്‍ മാരൂര്‍, ജില്ല പഞ്ചായത്ത് അംഗം ബീന പ്രഭ എന്നിവര്‍ മന്ത്രി ശിവന്‍കുട്ടിക്ക് നിവേദനം നല്കി വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. കെ.യു. ജനീഷ്കുമാര്‍ എം.എൽ.എയുടെ ഇടപെടലും ഫലപ്രാപ്തിയിൽ എത്തിയില്ല. 12 താൽക്കാലിക അധ്യാപകര്‍ക്ക് 2021 നവംബർ മുതൽ ശമ്പളം കുടിശ്ശിക വരുത്തി. അഞ്ച് മാസത്തെ ശമ്പളം 2022 മാർച്ചിലാണ് ലഭിച്ചത്.
അധ്യാപകര്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും പരാതി നല്‍കുകയും ക്ലാസുകള്‍ ബഹിഷ്കരിക്കുകയും ചെയ്തത് വിദ്യാർഥികളുടെ ഭാവി തുലാസിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.