യോഗ പാഠങ്ങൾ പകർന്ന് മീര
text_fieldsഅടൂര്‍: കോവിഡിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ യോഗ ക്ലാസ് മുടക്കാതെ മീര ടി. അബ്ദുല്ല. ഓൺലൈനിലൂടെയാണ് ഇപ്പോൾ പരിശീലനം നൽകുന്നതെന്നു മാത്രം. നിരവധി പേരെയാണ് മാനസിക പിരിമുറുക്കം ഉപേക്ഷിച്ച് സന്തോഷ ജീവിതത്തിലേക്ക് മീര കൈപിടിച്ച് നടത്തുന്നത്.
പത്തനംതിട്ട-ആലപ്പുഴ ജില്ല അതിര്‍ത്തിയില്‍ കഞ്ചുകോട് കലതിവിളയില്‍ ടി. അബ്ദുല്ലയുടെയും എം. റസിയ അമ്മാളിെൻറയും മകളാണ് മീര. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കൗണ്‍സലറും സിവില്‍ ഡിഫന്‍സ് വളൻറിയറും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകയുമാണ്.
2005 മുതല്‍ യോഗപരിശീലനം നൽകിവരുന്നു. വിദ്യാര്‍ഥികള്‍ മുതല്‍ 80ന് മുകളില്‍ പ്രായമുള്ളവര്‍ വരെ ശിഷ്യരാണ്. കുടുംബശ്രീ വനിതകള്‍ക്കും ബഡ്സ് സ്കൂള്‍, ബാലസഭ കുട്ടികള്‍ക്കും ഹോമിയോ വകുപ്പിലെ 'സദ്ഗമയ' പദ്ധതിയിലെ കുട്ടികളെയും 'ആയുഷ്മാന്‍ ഭവഃ' പദ്ധതി പ്രകാരം രോഗികളെയും യോഗ പരിശീലിപ്പിക്കുന്നു.
ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ക്കും മറ്റു പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും യോഗ ആശ്വാസം നല്‍കുന്നതായി മീര പറയുന്നു.
എം.എസ്.ഡബ്ല്യു ബിരുദം കരസ്ഥമാക്കിയ മീര എം.ജി സര്‍വകലാശാലയില്‍നിന്ന് യോഗയിലും പ്രകൃതിചികിത്സയില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്കൂളില്‍നിന്ന് ഡിപ്ലോമയും നേടി. നിരവധി പുരസ്കാരങ്ങളും മീരക്ക് ലഭിച്ചു. കര്‍ണാടക സര്‍ക്കാര്‍തല യോഗമത്സരത്തില് അവാര്‍ഡ്, ആയുഷ് വകുപ്പിെൻറ വനിതകളുടെ യോഗമത്സരത്തില് ഒന്നാം സ്ഥാനം എന്നിവ ലഭിച്ചു.
യോഗ അസോസിയേഷന് ഓഫ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഒരുതവണ സംസ്ഥാന ചാമ്പ്യനും മൂന്നുതവണ പത്തനംതിട്ട ജില്ല ചാമ്പ്യനുമായി. മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന് നാഷനല്‍ ആൻറി ക്രൈം ആൻഡ് ഹ്യുമൻറൈറ്റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 2019 ലെ അവാര്‍ഡ് മീരക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.