'നഞ്ചക്ക് വീരന്' സാജന് ഫിലിപ് പൊലീസ് ഓഫിസറായി ഇനി സിനിമയിലും
text_fieldsഅടൂര്‍: ആയോധനകലയിലെ നഞ്ചക്ക് അതിവേഗം ചുഴറ്റി സമൂഹമാധ്യമങ്ങളില്‍ വൈറലായ സാജന് ഫിലിപ് പൊലീസ് ഓഫിസറായി ഇനി സിനിമയിലും എത്തും. ഏനാത്ത് പൊലീസ് സ്റ്റേഷനിലെ റോഡ് സുരക്ഷ യൂനിറ്റ് ബീറ്റ് രണ്ട് ടീം അംഗമായ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കൊല്ലം കുന്നത്തൂര്‍ സ്വദേശി സാജന് ഫിലിപ്പാണ് സമൂഹമാധ്യമങ്ങളില്‍ കാല്ക്കോടിയിലേറെപ്പേരുടെ ആരാധനപാത്രമായത്. നഞ്ചക്ക് പ്രകടന വിഡിയോ ഇതുവരെ 25 ലക്ഷംപേര്‍ കണ്ടു. 'നഞ്ചക്ക് വീരന്' വിളിപ്പേരും കിട്ടി. ഷൂട്ടിങ്ങിലിരിക്കുന്ന 'മേല്പ്പടിയാന്' സിനിമയുടെ സംവിധായകൻ വിഷ്ണു മോഹനാണ് ഈ വിഡിയോ കണ്ട് അദ്ദേഹത്തിെൻറ അടുത്ത സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തത്.
2021 ഏപ്രില്‍ 29ന് ജോലി കഴിഞ്ഞ് ഏനാത്ത് പൊലീസ് സ്റ്റേഷനിലിരിക്കുമ്പോഴാണ് മക്കള്‍ക്ക്പഠിക്കാന്‍ വാങ്ങി വീട്ടിലേക്കു കൊണ്ടുപോകാന്‍ കൈവശംവെച്ചിരുന്ന നഞ്ചക്ക് സഹപ്രവര്‍ത്തകരെ സാജന് കാണിച്ചത്. സുഹൃത്ത് പി.ബി. പ്രവീണ്‍ ഇതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. നിരവധിപേര്‍ അത് ഷെയര്‍ ചെയ്യുകയായിരുന്നു.
കടമ്പനാട് കെ.ആര്.കെ.പി.എം.ബി.എച്ച്.എസ്, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്ത് ഏഴാംമൈല്‍ ജോര്‍ജ് മാഷിെൻറ ശിക്ഷണത്തില്‍ കരാട്ടേ അഭ്യാസനത്തിന് തുടക്കംകുറിച്ച സാജന് 1999ല്‍ ബ്ലാക്ക്ബെല്‍റ്റും 2002ല്‍ ഫസ്റ്റ് ഡിഗ്രി ബ്ലാക്ക്ബെല്‍റ്റും നേടി. കരാട്ടേ പരിശീലകനായിരിക്കുമ്പോള്‍ 2003ലാണ് കേരള പൊലീസില്‍ ജോലികിട്ടിയത്. 13തവണ ഐ.ജിയില്‍നിന്ന് ഗുഡ്സ് സര്‍വിസ് എന്‍ട്രി ലഭിച്ചു.
2005ല്‍ 50ഓളം കേസിലെ മൂന്നു പ്രതികളെ ഓടിച്ചുപിടിക്കാൻ നേതൃത്വം നല്‍കിയതിന് ഐ.ജിയുടെ റിവാര്‍ഡ് ലഭിച്ചിരുന്നു. പൊലീസ് അസോ. ജില്ല കമ്മിറ്റി അംഗമാണ്. 2013ലെ ജില്ല പൊലീസിെൻറ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കുന്നത്തൂര്‍ പിറവി സാംസ്കാരികവേദി സെക്രട്ടറിയുമാണ് സാജന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.