വസ്ത്രങ്ങളിൽ പുതുമ നിറച്ച് ‘നവം’
text_fieldsഅടൂർ: നവീന ഫാഷനുകളിൽ കേരളീയ തനിമയുള്ള പ്രിന്റഡ് ചുരിദാറുകൾ വിപണിയിലെത്തിച്ച് ശ്രദ്ധ നേടിയ നവം സ്റ്റിച്ചിങ് സെന്റർ ആന്റ് റെഡിമെയ്ഡ്സ് ഒമ്പത് വർഷം പിന്നിടുന്നു. തുന്നൽ യൂണിറ്റ് തുടങ്ങാൻ കുടുംബശ്രീ വായ്പ ലഭിക്കുമെന്ന് അറിഞ്ഞ് പരീക്ഷണാർഥമാണ് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 15 ാം വാർഡിൽ മങ്ങാട് കവലക്കു സമീപം വാഴോട്ട് ബിന്ദു ചാക്കോയുടെ വീട്ടിൽ 2014ൽ യൂനിറ്റ് തുടങ്ങിയത്.
സമർപ്പണം കുടുംബശ്രീ അംഗങ്ങളായ പ്രീതി മോഹൻ, ബിന്ദു ചാക്കോ, ആർ. ശ്രീജ, ലിസി ഈപ്പൻ എന്നീ നാൽവർ സംഘത്തിന്റെ ആത്മവിശ്വാസമാണ് സ്ഥാപനത്തിന്റെ വിജയം. പ്രീതി മോഹനാണ് യൂണിറ്റിന്റെ പ്രസിഡൻറ്. ബിന്ദു ചാക്കോ സെക്രട്ടറിയും. സ്വന്തം വീടുകളിൽ തുന്നൽ ചെയ്ത് തുടങ്ങിയവരാണ് നാല് പേരും.
നൈറ്റികൾ തയ്ച്ച് വിൽക്കുകയാണ് ആദ്യപടിയായി നവം കുടുംബം ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മരുതി മൂട് ശാഖയിൽനിന്ന് രണ്ടരലക്ഷം രൂപയെടുത്താണ് യൂനിറ്റ് ആരംഭിച്ചത്. കുടുംബശ്രീ ജില്ല മിഷൻ സബ്സിഡിയും ലഭിച്ചു. കായംകുളം പത്തനാപുരം സംസ്ഥാനപാതയരികിൽ മങ്ങാട് കവലയിൽ ഒരു കടമുറിയിലേക്ക് മാറ്റിയ സ്ഥാപനത്തിന്റെ പ്രവർത്തനം രണ്ടു നിലകളിലായി വ്യാപിച്ചു.
ജോലി ഭാരം കൂടിയപ്പോൾ കൂടുതൽ പേർക്ക് തൊഴിൽ നൽകി. ഇന്ന് 11 സ്ഥിരം ജീവനക്കാർ യൂണിറ്റിലുണ്ട്. ‘നവം’ഷോറൂം ഒന്നാം നിലയിലും സ്റ്റിച്ചിങ് യൂണിറ്റ് രണ്ടാം നിലയിലെ വിശാലമായ ഹാളിലും പ്രവർത്തിക്കുന്നു.ഹിന്ദുസ്ഥാൻ ലാറ്റക്സിന് മെൻസ്ട്രൽ കപ്പ് തുണി കവചം ആദ്യ കരാർ പ്രകാരം 2,25,000 എണ്ണം തയ്ച്ചുകൊടുത്തു. കേന്ദ്ര സർക്കാർ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന വിവിധ കോഴ്സ് വിദ്യാർഥികൾക്ക് യൂനിഫോം, മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിലെ പ്രസാദം കൊടുക്കാനായി തുണിസഞ്ചി, ദേശീയപതാക, മാസ്ക് എന്നിവയാണ് ചെയ്ത പ്രധാന പ്രവൃത്തികളെന്ന് നവത്തിന്റെ സാരഥികൾ ‘മാധ്യമ’ത്തോടു പറഞ്ഞു.
വിവാഹ വസ്ത്രങ്ങൾ, സ്കൂൾ യൂനിഫോം, കലോത്സവ നൃത്ത ഡ്രസുകൾ, ചുരിദാർ, പാവാട, ബ്ലൗസ്, ദാവണി, ലാച്ച, ചട്ട, അടിവസ്ത്രങ്ങൾ തുടങ്ങിയവ ഇവിടെനിന്ന് പുറത്തിറക്കുന്നു. ചുരിദാറുകൾക്കും മറ്റു ഉൽപന്നങ്ങൾക്കും സ്ക്രീൻ പ്രിൻറ് ചെയ്യുന്നതും ഇവർ തന്നെയാണ്. സംസ്ഥാനത്തെ കുടുംബശ്രീകളെക്കുറിച്ച് പഠിക്കാൻ എത്തിയ ദക്ഷിണാഫ്രിക്ക ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിലെ സാമൂഹിക വകുപ്പുമന്ത്രി എസ്.എസ്. ടോംബ്ലെയും 12 അംഗ സംഘവും 2015 ഒക്ടോബറിൽ നവം സന്ദർശിച്ചിരുന്നു.
കേരളീയ തനിമയുള്ള ചിത്രതുന്നലുകളുള്ള വസ്ത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ട മന്ത്രിയുടെ ആവശ്യപ്രകാരം ഫാഷൻ ദാവണിയും ചുരിദാറും തയ്ച്ച് സംഘം താമസിക്കുന്ന തിരുവനന്തപുരം താജ് ഹോട്ടലിൽ പിറ്റേന്നു തന്നെ തങ്ങൾ എത്തിച്ചത് മറക്കാനാകാത്ത അനുഭവമായി നവം പ്രവർത്തകർ പറയുന്നു.
ഇതോടൊപ്പം ബ്യൂട്ടിപാർലറും തയ്യൽ, ബ്യൂട്ടീഷൻ കോഴ്സ് പഠനകേന്ദ്രവും ഉണ്ടായിരുന്നു. നൈറ്റിയും പാവാടയും തയ്ച്ച് കടകൾക്ക് മൊത്തവിൽപന നടത്തുന്ന അപ്പാരൽ പാർക്ക് തുടങ്ങാൻ ലക്ഷ്യമിട്ടെങ്കിലും കോവിഡ് ലോക് ഡൗൺ ഇവരുടെ സ്വപ്നങ്ങളെ തകിടം മറിച്ചു. ഇനി റെഡിമെയ്ഡ് വസ്ത്ര വിപണിയിൽ ചുവടുറപ്പിക്കുവാനാണ് ഉദ്ദേശ്യമെന്ന് ‘നവം കുടുംബം’ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.