ഏകമകന്റെ അവഗണന: ദുരിതത്തിലായ വയോധികന് മഹാത്മയില്‍ അഭയം
text_fieldsഅടൂര്‍: ഏകമകന്റെ അവഗണനയെ തുടര്‍ന്ന് പട്ടിണിയിലും രോഗദുരിതങ്ങളില്‍ അവശതയിലുമായ വയോധികനെ അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു. തിരുവല്ല ആലംതുരുത്തി, തുരുത്തിക്കാട് വീട്ടില്‍ രാജേഷിനെയാണ് (65) തിരുവല്ല ആര്‍.ഡി.ഒ കെ. ചന്ദ്രശേഖരന്‍നായരുടെ നിർദേശത്തെ തുടര്‍ന്ന് ഏറ്റെടുത്തത്. വിവാഹ ശേഷം മകന്‍ ലാല്‍രാജ് (രാഹുല്‍) ഭാര്യാസമേതം തിരുവനന്തപുരത്തേക്ക് താമസം മാറിയതോടെ മാതാപിതാക്കള്‍ തനിച്ചായി.
വാര്‍ധക്യസഹജമായ രോഗങ്ങള്‍ തുടങ്ങിയതോടെ കൂലിവേലക്കാരനായിരുന്ന രാജേഷിന് നിത്യവൃത്തിക്ക് വകയില്ലാതായി. പട്ടിണിയും അവഗണനയും നിമിത്തം ഭാര്യ മാനസിക വെല്ലുവിളി നേരിടുന്ന അവസ്ഥയിലാവുകയും ചെയ്തു. തുടർന്ന് പൊതുപ്രവര്‍ത്തകരും സാമൂഹികനീതി വകുപ്പും ഇടപെട്ട് ഇവരെ സീതത്തോട്ടിലെ മരിയന്‍ അഗതിമന്ദിരത്തിലാക്കിയിരുന്നു.
പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടായിരുന്നു രാജേഷിന്റെ സംരക്ഷണം. രോഗാവസ്ഥ മൂര്‍ച്ഛിച്ചതോടെ പരസഹായമില്ലാതെ ദിനചര്യകള്‍പോലും ചെയ്യാനാവാത്ത സാഹചര്യത്തില്‍ സേവാഭാരതി പ്രവര്‍ത്തകരായ ടി.ജി. ശിവദാസന്‍, ബിനു എന്നിവര്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കുകയും ആർ.ഡി.ഒ മകനെതിരെ നിയമ നടപടി ആരംഭിക്കുകയും ചെയ്തു. സേവാഭാരതി പ്രവര്‍ത്തകരാണ് രാജേഷിനെ അടൂരിലെ മഹാത്മ ജനസേവന കേന്ദ്രത്തില്‍ എത്തിച്ചത്. മോശമായ ആരോഗ്യനിലയിലാണ് ഇദ്ദേഹമെന്നും അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് ചികിത്സ ലഭ്യമാക്കിയെന്നും മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.