ഏറ്റെടുക്കാനാളില്ല, ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാതെ ‘വഴിയിടം’
text_fieldsഅടൂർ: ബസും യാത്രക്കാരും കയറാത്ത ബസ് സ്റ്റാൻഡിൽ ലക്ഷങ്ങൾ മുടക്കി പണിത് ഉദ്ഘാടനം നടത്തി ആറുമാസമായിട്ടും ‘വഴിയിടം’ (ടേക്ക് എ ബ്രേക്ക്) തുറന്നുകൊടുത്തില്ല. അടൂർ നഗരസഭ അഞ്ചുലക്ഷം രൂപ ചെലവാക്കി പണിത വഴിയിടം 2022 ഡിസംബർ 30നാണ് ഉദ്ഘാടനം ചെയ്തത്. പറക്കോട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനകത്താണ് പദ്ധതി ഒരുക്കിയത്. കച്ചവടത്തിനായി ഒരു മുറിയും സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാൻതക്കവണ്ണമുള്ള വെവ്വേറെ ശൗചാലയങ്ങൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്. ഈ രണ്ടു ശൗചാലയവും പൂട്ടിയിട്ടിരിക്കുകയാണ്. മുമ്പുണ്ടായിരുന്ന കെട്ടിടം നവീകരിച്ചാണ് ‘വഴിയിടം’ പദ്ധതി ഒരുക്കിയത്. പദ്ധതി ഏറ്റെടുത്തുനടത്താൻ കരാർ വെച്ചിട്ടും ആരും എടുക്കാൻ തയാറായിവരുന്നില്ലെന്നാണ് അടൂർ നഗരസഭ അധികൃതർ പറയുന്നത്. 2023 ഫെബ്രുവരിയിൽ മറ്റു പദ്ധതികൾക്കൊപ്പം വഴിയിടം പദ്ധതി എടുക്കുന്നതിനുള്ള ലേലവും വെച്ചിരുന്നു.
എന്നാൽ, മറ്റുള്ള ലേലങ്ങളിൽ ആളുകൾ പങ്കെടുത്തെങ്കിലും വഴിയിടം മാത്രം ലേലത്തിലെടുക്കാൻ ഒരാൾപോലും വന്നില്ല. പറക്കോട് ജങ്ഷനിൽനിന്ന് കുറച്ച് മാറിയാണ് പദ്ധതി തയാറാക്കിയത്. ഇതിനാൽ ആളുകൾ ഇവിടേക്ക് വന്നുപോകുന്നത് കുറവാണ്. ബസുകൾ മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് കയറാറുമില്ല. ഇത്തരം കാരണങ്ങളാൽ ആളുകൾ വരുന്നത് കുറയും എന്ന ധാരണയാലാകാം ആരും ലേലത്തിൽ പങ്കെടുക്കാത്തത്.
ലേലത്തിൽ ആരും പങ്കെടുക്കാൻ വരാതായതോടെ കിട്ടുന്ന തുകക്ക് ആർക്കെങ്കിലും വഴിയിടം പദ്ധതി നൽകാൻ അടുത്തിടെ നടന്ന അടൂർ നഗരസഭ കൗൺസിൽ യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. 100 രൂപയെങ്കിലും ആരെങ്കിലും വിളിച്ചാൽ അവർക്ക് പദ്ധതി നടത്തിപ്പ് നൽകാൻ ചില കൗൺസിലർമാർ അഭിപ്രായപ്പെട്ടു. എന്നിട്ടും ഒരു നടപടിയും ആയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.