മൊബൈല്‍ ഇൻറര്‍നെറ്റ് കവറേജില്ല; പഠനം കനാല്പാതയോരത്തെ കാട്ടില്‍
text_fieldsഅടൂര്‍: താമസം കനാല്‍ പുറമ്പോക്കിലെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍. പഠനത്തിന് ആരോ നല്കിയ പൊട്ടിപ്പൊളിഞ്ഞ സ്മാര്‍ട്ട് ഫോണ്‍. ഫോണുണ്ടെങ്കിലും ഇൻറര്‍നെറ്റ് കവറേജില്ലാത്തതിനാല്‍ പഠനം കനാല്പാതയിലെ കാട്ടില്‍. പകല്‍ വെയിലും മഴയുമേല്ക്കാതെ കുട പിടിച്ചും രാത്രിയില്‍ തെരുവുവിളക്കിെൻറ വെട്ടം പോലുമില്ലാതെയും പഠനം ഇവിടെ തന്നെ. മൊബൈല്‍ ഫോണിെൻറ നീലവെളിച്ചത്തില്‍ നോക്കി ഇവര്‍ക്ക് കണ്ണ്, തലവേദന പതിവാണ്.
ഇത് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കല്ലട ജലസേചന പദ്ധതി കനാല്‍ കരയില്‍ മരുതിമൂട് കവലക്ക് സമീപത്തെ കാഴ്ചയാണ്. പഠിക്കുന്ന വിദ്യാര്‍ഥികളുടെ തൊട്ടരികിലൂടെയാണ് മുട്ടിയുരുമ്മിയെന്നില്ലാതെ ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നുപോകുന്നത്. പ്ലാവിള മേലേതില്‍ മഞ്ജുവിെൻറ മകള്‍ ഋതിക, മഞ്ജുവിെൻറ സഹോദരി ബിന്ദുവിെൻറ മക്കളായ സനന്ദു, സായന്ത് എന്നിവരാണ് കനാല്പാതയുടെ വശത്തെ കാടുകയറിയ സംരക്ഷണഭിത്തിയില്‍ ഇരുന്ന് പഠിക്കുന്നത്. ഋതിക പൂതങ്കര ജി.പി.എം യു.പി സ്കൂളില്‍ രണ്ടാം ക്ലാസിലെയും സനന്ദു ഇളമണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 11ാം ക്ലാസിലെയും സായന്ത് ഇതേ സ്കൂളില്‍ ഒമ്പതാം ക്ലാസിലെയും വിദ്യാര്‍ഥികളാണ്. ഋതികക്ക് രാവിലെ 10 മുതല്‍ 10.30 വരെയും സായന്തിന് രാവിലെ ഏഴു മുതല്‍ എട്ടു വരെയും സനന്ദുവിന് രാവിലെ മുതല്‍ വിവിധ സമയങ്ങളിലുമാണ് ഓണ്‍ലൈന്‍ ക്ലാസ്.
മറ്റു സമയങ്ങളില്‍ ടി.വിയുടെ സഹായത്തോടെയുള്ള പഠനമാണ്. ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ഇവിടെ സിഗ്നല്‍ കിട്ടാറില്ലത്രെ.ഏതെങ്കിലും ഒരു പോയൻറില്‍ മാത്രമാണ് സിഗ്നല്‍ കിട്ടുന്നത്. മരുതിമൂട്, സമീപ പ്രദേശങ്ങളായ പൂതങ്കര, ചാപ്പാലില്‍, കടമാന്‍കുഴി എന്നിവിടങ്ങളിലും കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ ഇളമണ്ണൂര്‍ മുതല്‍ മങ്ങാട് വരെയും മൊബൈല്‍ ഫോണുകള്‍ പരിധിക്ക് പുറത്താണ്. പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ സിഗ്നൽ ഉള്ള സ്ഥലം തിരഞ്ഞു കണ്ടെത്തിയാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ കോളജ് വരെയുള്ള 100ലേറെ കുട്ടികള്‍ ഈ മേഖലയില്‍ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.