ഈറ്റ ഉൽപന്നങ്ങള് വാങ്ങാനാളില്ല; പരമ്പരാഗത നെയ്ത്ത് തൊഴിലാളികള്‍ പട്ടിണിയില്‍
text_fieldsഅടൂര്‍: പറക്കോട് അനന്തരാമപുരം ചന്തയില്‍ ഈറ്റ ഉല്പന്നങ്ങള് വാങ്ങാന്‍ ആവശ്യക്കാരില്ലാതായതോടെ പരമ്പരാഗത നെയ്ത്ത് തൊഴിലാളികള്‍ പട്ടിണിയിലായി. പ്ലാസ്റ്റിക് കുട്ടകളും മുറങ്ങളും വിപണി കയ്യടക്കി.
നേരത്തേ പറക്കോട് അനന്തരാമപുരം ചന്തയില്‍ എത്തിക്കുന്ന ഈറ്റ ഉൽപന്നങ്ങള് ഒന്നൊഴിയാതെ വിറ്റുപോയിരുന്നു. ഇപ്പോള്‍ ഈറ്റ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞു.
പറക്കോട് ടി.ബി ജങ്ഷനില്‍ എട്ട് കുടുംബങ്ങള്‍ ഈറ്റ നെയ്താണ് ഉപജീവനം കഴിക്കുന്നത്. പറക്കോട് കോണത്ത് മൂലേ തെക്കേതില്‍ ചെല്ലമ്മ, ഗീത, രമണി, ആനന്ദവല്ലി, കുഞ്ഞൂഞ്ഞ്, പ്രഭാകരന്, രാജമ്മ, രാധ എന്നിവരുടെ കുടുംബങ്ങളാണ് പട്ടിണിയുടെ വറുതിയിലായത്. പനമ്പ്, മുറം, വട്ടി എന്നിവയാണ് ഇവിടെ നെയ്യുന്നത്.
ലോക്ക് ഡൗണ്‍ സമയത്ത് ഈറ്റയുടെ ലഭ്യത കുറഞ്ഞിരുന്നു. ജോലിയും കൂലിയും ഇല്ലാതായതോടെ വീട്ടില്‍ അടുപ്പ് പുകയാത്ത അവസ്ഥയാണെന്ന് ചെല്ലമ്മ 'മാധ്യമ'ത്തോട് പറഞ്ഞു. തട്ട തോലുഴത്ത് ബാംബു കോര്പറേഷന് ഡിപ്പോയില്‍ നിന്നാണ് ഇവര്‍ ഈറ്റ വാങ്ങുന്നത്. വ്യാഴാഴ്ച തോറുമാണ് ഈറ്റവിതരണം.
ഈറ്റയുടെ വിലയ്ക്ക് പുറമെ ഇത് വീട്ടിലെത്തിക്കാന്‍ 1000 രൂപ വാഹന കൂലി നല്‍കണം. നെയ്യുന്ന ഉൽപന്നങ്ങള് പറക്കോട് ചന്തയിലാണ് വില്‍ക്കുന്നത്. ജീവിക്കാനുള്ള വരുമാനം ലഭിക്കാതായതോടെ ഈ മേഖലയിലുള്ളവര്‍ ഏറെ ദുരിതത്തിലാണ്. സ്ത്രീകളാണ് ഈ മേഖലയില്‍ കൂടുതലായി ജോലി ചെയ്യുന്നത്.
കാര്‍ഡുള്ള ഒരു തൊഴിലാളിക്ക് മൂന്ന് കെട്ട് ഈറ്റയാണ് ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. വിവാഹ സദ്യവട്ടങ്ങള്‍ക്ക് ഈറ്റ ഉൽപന്നങ്ങള് ആവശ്യമുണ്ടായിരുന്നു. ചോറ് ഊറ്റുന്നതിന് കുട്ടയും അവ നിരത്തിയിടാന്‍ പനമ്പും പകര്‍ന്ന് നല്കാന് വട്ടിയുമാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഇവക്ക് ആവശ്യക്കാരേറെയായിരുന്നു. എന്നാല്‍, ലോക് ഡൗണ്‍ മൂലം വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തിയതോടെ വില്പന തീരെയില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.