മിഴിതുറക്കാത്ത സിഗ്നല്‍ ലൈറ്റുകള്‍: കെ.എസ്.ആര്.ടി.സി, ഏഴംകുളം കവലകളില്‍ അപകടം അരികെ
text_fieldsഅടൂര്‍: കെ.എസ്.ആര്.ടി.സി കവലയിലും ഏഴംകുളം നാല്ക്കവലയിലും സിഗ്നല്‍ ലൈറ്റുകള്‍ പ്രകാശിക്കാതായിട്ട് രണ്ടുവര്‍ഷത്തോളമാകുന്നു.
കെ.എസ്.ആര്.ടി.സി കവലയില്‍ പാത മുറിച്ചുകടക്കുന്ന കാല്‍നടക്കാരും കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡില്‍ കയറിയിറങ്ങുന്ന ബസുകളും ബസ്ബേയില്‍ കയറിയിറങ്ങുന്ന സ്വകാര്യ ബസുകളും ഓട്ടോ-ടാക്സി സ്റ്റാൻഡില്‍നിന്ന് മെയിന്‍ റോഡിലേക്ക് കയറിയിറങ്ങുന്ന വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും നിയന്ത്രിക്കുന്നതിന് കെല്‍ട്രോണ്‍ സ്ഥാപിച്ചതാണ് സിഗ്നല്‍ ലൈറ്റ്. ഇതു കേടായതില്പിന്നെ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാന്‍ നടപടിയെടുത്തില്ല. പൊലീസിെൻറ സാന്നിധ്യം ഇല്ലാത്തപ്പോള്‍ ഗതാഗതതിരക്കില് പാത മുറിച്ചുകടക്കാനാകാതെ ഉഴലുന്നത് കാല്‍നടക്കാരാണ്.
കായംകുളം-പത്തനാപുരം സംസ്ഥാന പാത, ഏനാത്ത്, കൈപ്പട്ടൂര്‍ പാതകള്‍ എന്നിവയുടെ സംഗമസ്ഥാനമാണ് ഏഴംകുളം കവല. ഇവിടെ അപകടങ്ങള്‍ പതിവായപ്പോഴാണ് നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് 2014 ജൂലൈയില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍, ഇവയുടെ പ്രവര്‍ത്തനത്തിന് സ്ഥിരതയില്ലാത്തത് പ്രശ്നമുണ്ടാക്കി. ഇവിടെ തിരക്കുള്ള സമയങ്ങളില്‍ പോലും പൊലീസിെൻറ സാന്നിധ്യമില്ല. പുനലൂര്‍ പാതയില്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലെ ടാക്സി പാര്‍ക്കിങ്ങും ഏനാത്ത് പാതയിലെ ഓട്ടോ സ്റ്റാൻഡും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. കവലയില്‍ ബസ് സ്റ്റോപ്പുകള്‍ നാലെണ്ണമാണ്.
പുനലൂര്‍, പട്ടാഴി ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നിർത്തുന്നത് കവലയില്‍നിന്ന് 25 മീറ്റര്‍ കിഴക്കോട്ടു മാറ്റുകയും അടൂര്‍ ഭാഗത്തേക്കുള്ളവ കവലയില്‍നിന്ന് പടിഞ്ഞാറോട്ടു മാറ്റുകയും ചെയ്തിരുന്നു. ഏനാത്ത് ഭാഗത്തേക്കുള്ള ബസുകള്‍ നിർത്തുന്നത് ഓട്ടോ സ്റ്റാൻഡിന് സമീപമാണ്. പത്തനംതിട്ട റൂട്ടിലെ ബസുകള്‍ നിർത്തുന്നതും കവലയിലാണ്. സമീപത്തെ കടകളിലേക്കും മറ്റുമെത്തുന്ന വാഹനങ്ങളും റോഡില്‍ നിർത്തുന്നതും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. ട്രാഫിക് പൊലീസോ ഹോം ഗാര്‍ഡോ ഡ്യൂട്ടിക്കുണ്ടാകുകയും അശാസ്ത്രീയ പാര്‍ക്കിങ് നിരോധിക്കുകയും ചെയ്താല്‍ ഈ പ്രശ്നങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസമായേനെയെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.