ഓണം കൊയ്ത്തുത്സവമായില്ല; നെല്ല് വിളയാൻ ഇനിയും വൈകും
text_fieldsഅടൂര്‍: ഓണം കേരളത്തിെൻറ കൊയ്ത്തുത്സവം ആണെന്ന പഴയ ചൊല്ല് അസ്ഥാനത്തായി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നെല്‍കൃഷി ഇക്കുറി താമസിച്ചാണ് ഇറക്കിയത്. ഇതിനൊപ്പം അടിസ്ഥാന സൗകര്യമില്ലാത്തതും പ്രതിസന്ധിയുണ്ടാക്കി. ഇക്കുറി ഓണക്കാലത്ത് കൊയ്ത പാടങ്ങള്‍ വിരളമാണ്.
സമഗ്ര നെൽകൃഷി വികസന പദ്ധതിയിലൂടെ നെൽകൃഷി തിരിച്ചു വന്ന പാടശേഖരങ്ങളില്‍ ഉള്‍പ്പെടെ മൂന്നു വര്‍ഷമായി ഓണക്കൊയ്ത്തില്ല. ചിങ്ങത്തില് കൊയ്ത്ത് നടത്തണമെങ്കില്‍ മേടത്തില് കൃഷിക്ക് തയാറെടുക്കണം. വര്‍ഷത്തില്‍ രണ്ടു തവണ കൃഷി ഇറക്കുന്ന പാടശേഖരങ്ങളില്‍ ഓണം ലക്ഷ്യമിട്ട് കൃഷി ഇറക്കാറുണ്ട്. എന്നാല്‍, മേടത്തില് പൂട്ടിയടിച്ച് വിത്ത് വിതറാനോ ഞാറു നടാനോ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. പാടശേഖരത്ത് വെള്ളം എത്താനുള്ള മാര്‍ഗം അടയുന്നതാണ് കൃഷി ഇറക്കാന്‍ കാലതാമസം നേരിടാന്‍ കാരണം.
ഒപ്പം ശക്തമായ മഴയില്‍ ഒഴുകി എത്തുന്ന വെള്ളം നിയന്ത്രിച്ചു നിര്‍ത്താന്‍ മാര്‍ഗവും ഇല്ലാത്ത അവസ്ഥയുമാണ്. ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ കാലാവസ്ഥ അനുകൂലമാകുംവരെ കാത്തിരിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. താമസിച്ച് കൃഷി ഇറക്കുന്നതിനാല്‍ ഓണക്കാലം കഴിഞ്ഞേ കൊയ്ത്ത് പറ്റൂ. പാടശേഖരങ്ങള്ക്കരികിലൂടെ കടന്നുപോകുന്ന തോടുകള്‍, നീര്‍ച്ചാലുകള്‍ എന്നിവക്ക് സംരക്ഷണ ഭിത്തി നിര്‍മിക്കാത്തതും കൃഷിയിടത്തില്‍ ഫലപ്രദ ജലസേചന സംവിധാനം ഒരുക്കാത്തതും വീണ്ടും നെല്‍കൃഷി അന്യമാകുന്നതിനു കാരണമാകുന്നു.
സമഗ്ര നെൽകൃഷി വികസന പദ്ധതിയെ തുടര്‍ന്ന് രൂപവത്കരിച്ച പാടശേഖര സമിതികള്‍ നിര്‍ജീവമായതും കര്‍ഷക കൂട്ടായ്മ സജീവമല്ലാത്തതും നെൽകൃഷി മേഖലയെ പിന്നോട്ടടിച്ചു. വിവിധ പദ്ധതിയിലൂടെ ലഭിച്ച കാര്‍ഷിക യന്ത്രങ്ങള്‍ സംരക്ഷണമില്ലാതെ നശിച്ചു. ഈ യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാന്‍ അറിവുള്ള വിദഗ്ധരും കുറവാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ യന്ത്രം എത്തിച്ചാണ് കൊയ്ത്ത്. സമയത്ത് യന്ത്രം ലഭിക്കാതെ വരുമ്പോള്‍ കൃഷി ഇറക്കുന്നതിനും വിളവെടുക്കുന്നതിനും കാലതാമസം നേരിടും. പ്രളയവും വരള്‍ച്ചയും കാരണം നെല്‍കൃഷി നശിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.