ഒഴിപ്പിക്കൽ നടപടി എങ്ങുമെത്തിയില്ല; പള്ളിക്കലാറ്റിൽ കൈയേറ്റം തുടരുന്നു
text_fieldsഅടൂര്‍: സ്വകാര്യ വ്യക്തികളുടെ അധീനതയിലായ പള്ളിക്കലാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ എങ്ങുമെത്തിയില്ല. അടൂര്‍ നഗരസഭ, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പള്ളിക്കലാര്‍ ജനകീയ കൂട്ടായ്മയില്‍ ലക്ഷങ്ങള്‍ മുടക്കി 2017ല്‍ നവീകരിച്ചതാണ്. എന്നാല്‍ ആറ് കൈയേറിയവരോട് മമത കാട്ടുകയായിരുന്നു റവന്യൂ അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും.
ഇതു സംബന്ധിച്ച് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശ പ്രകാരം നടപടികളിലേക്കു തിരിഞ്ഞത്. കൈയേറ്റം അളന്ന് തിട്ടപ്പെടുത്തി സ്കെച്ചും ൈകയേറ്റക്കാരുടെ ലിസ്റ്റും സഹിതം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയെങ്കിലും പലരും സഹകരിച്ചില്ലെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. അനധികൃത കൈയേറ്റം തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ ഒഴിപ്പിക്കാത്തതിനാല്‍ കൈയേറ്റക്കാര്‍ക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്ത് കൈയേറ്റം ഒഴിപ്പിക്കാന്‍ 2020 മേയ് 18ന് കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു. കൈയേറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുകയും പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നുമായിരുന്നു വില്ലേജ് ഓഫിസര്‍മാര്‍ക്ക് കലക്ടര്‍ നല്കിയ നിര്‍ദേശം.
തുടക്കത്തില്‍ പള്ളിക്കല്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ കൈയേറ്റം അധികൃതര്‍ ഒഴിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചു. കൈയേറ്റക്കാര്‍ക്കെതിരെ വില്ലേജ് ഓഫിസ് വഴി പൊലീസില്‍ പരാതി നല്‍കിയശേഷം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കാടുകയറി ഒഴുക്ക് നിലച്ച പള്ളിക്കലാറിെൻറ നവീകരണം നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും വിവിധ മേഖലകളിലുള്ളവരും കൈകോര്‍ത്താണ് സാധ്യമാക്കിയത്.
കൈയേറ്റം കണ്ടെത്താനുള്ള സര്‍വേ നടപടി ആര്. ഗിരിജ കലക്ടറായിരുന്നപ്പോഴാണ് ആരംഭിച്ചത്. തുടര്‍ന്ന് കൈയേറ്റം കണ്ടെത്തി അളന്ന് തിട്ടപ്പെടുത്താന്‍ ഏറെ നാളുകളെടുത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം 15 കിലോമീറ്റര്‍ ദൂരം ആറ് ഒഴുകുന്നുണ്ട്. ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ പുതുമലയില്‍ മൂന്ന് മലകളുടെ താഴ്വരയിലാണ് പള്ളിക്കലാറിെൻറ ഉത്ഭവം. കാടുകയറി വീണ്ടും മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ് ആറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.