അടൂർ ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ദുരിതം
text_fieldsഅടൂർ: ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ദുരിതം. ആശുപത്രിയിലെ ടോക്കൺ സംവിധാനം പ്രവർത്തിക്കുന്നില്ല. കൗണ്ടറിൽനിന്ന് ലഭിക്കുന്ന നമ്പറിട്ട കുറിപ്പടിയുമായി വേണം ഡോക്ടറെ കാണാൻ.
ഒ.പി മുറികളുടെ വാതിലിന് മുകളിൽ ടോക്കൺ സിസ്റ്റം ലൈറ്റണഞ്ഞിട്ട് ദിവസങ്ങളായി. ഇടിച്ചുകയറി നഴ്സുമാരുടെ കൈയിൽ ചീട്ട് കൊടുക്കണം. തിരക്കൊന്ന് ഒഴിയട്ടെ എന്നുകരുതി മാറിനിന്നാൽ അവസാനം മടങ്ങാം. രോഗികൾക്ക് ഇരിക്കാനിടമില്ല.
ഇടനാഴി അടഞ്ഞാണ് ഡോക്ടറെ കാണാൻ കാത്തുനിൽപ്. ലബോറട്ടറിക്ക് മുന്നിലും ഇതാണ് സ്ഥിതി. ഇരിക്കാൻ ഒന്നോ രണ്ടോ കസേര മാത്രം.
ട്രോമകെയർ യൂനിറ്റ് പൂർണതോതിൽ പ്രവർത്തനസജ്ജമായില്ല. അപകടങ്ങളിൽ പരിക്കേറ്റുവരുന്നവരെ ട്രോമകെയർ സംവിധാനം ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജിലേക്ക് വിടുകയാണ് പതിവ്.
5.85 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ട്രോമകെയർ യൂനിറ്റിൽ മൈനർ ഓപറേഷൻ തിയറ്റർ, ഐ.സി.യു, നിരീക്ഷണ വാർഡ്, വെന്റിലേറ്റർ, ലാബ് അടക്കമുള്ള സൗകര്യമുമുണ്ട്. ഹൃദ്രോഗ വിദഗ്ധനും ന്യൂറോ സർജനുമില്ല. ആശുപത്രിയിൽ സ്പെഷ്യാലിറ്റി സൗകര്യമില്ലാത്തതുകൊണ്ടാണ് ഡോക്ടർമാരെ നിയമിക്കാത്തതെന്ന് അധികൃതർ പറയുന്നു. ഓർത്തോ വിഭാഗത്തിലെ ഡോക്ടറിനാണ് ചുമതല.
രോഗികളുമായി വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആശുപത്രിയിൽ സ്ഥലമില്ല. അടൂർ നഗരത്തിലെ പേ ആൻഡ് പാർക്കിങ്ങിനെ ആശ്രയിക്കണം.
ആശുപത്രിയിൽ എക്സ്റേ യൂനിറ്റ്, ലബോറട്ടറി, ബ്ലഡ് ബാങ്ക്, ഗൈനക്കോളജി വിഭാഗം, കോൺഫറൻസ് ഹാൾ എന്നിവയുടെ നിർമാണം തുടങ്ങി.
ജനറൽ ആശുപത്രിക്ക് സമീപം റോഡ് തകർന്നു
അടൂർ: അടൂർ ഗവ. ആശുപത്രിയിലെ പടിഞ്ഞാറെ പ്രവേശന ഭാഗത്തെ റോഡ് തകർന്നത് രോഗികളെയും മറ്റു ചികിത്സക്കായി വാഹനങ്ങളിൽ എത്തുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു.
രോഗികളുമായി പോകുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. രോഗികളുമായി പോകുന്ന ആംബുലൻസിന്റെ ടയർ കുഴിയിൽപെട്ട് കിടക്കുന്നതും വാഹനം ഉലയുന്നതും രോഗികൾക്ക് ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്. ആശുപത്രിയിൽനിന്ന് ഇറങ്ങിവരുന്ന വാഹനങ്ങൾ കുഴി കാരണം പെട്ടെന്ന് തിരിക്കാൻ കഴിയില്ല, ഈ സമയം എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ നിർത്തിയിടുന്നത് മറ്റ് അപകടങ്ങൾക്കും കാരണമാകുന്നു.
ബസ് ബേയിൽനിന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ഓഫിസ് ഭാഗത്തേക്കു പോകുന്ന പ്രധാന റോഡാണ് ഇത്. ഇവിടേക്ക് പോകുന്ന റോഡിന്റെ ഭാഗങ്ങളും തകർന്നു കിടക്കുകയാണ്.
ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വീടുകൾ, മെഡിക്കൽ ഷോപ്പുകൾ, ഐ.എച്ച്.ആർ.ഡി കോളജ്, ഹോട്ടൽ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഈ റോഡിന്റെ ഇരുവശത്തുമുണ്ട്. ആശുപത്രിയിലും വിവിധ സ്ഥാപനങ്ങളിലേക്കും ദിനംപ്രതി നൂറുകണക്കിന് ആൾക്കാരാണ് ഇതുവഴി പോകുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ഗവ. ആശുപത്രി ജീവനക്കാരും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.