മണിക്കൂറോളം ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് അടൂരിൽ പൊലീസ് പരിശോധന
text_fieldsഅടൂർ: മണിക്കൂറോളം ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് അടൂർ നഗരമധ്യത്തിൽ പൊലീസിെൻറ വാഹന പരിശോധനയിൽ വ്യാപക പ്രതിഷേധം. ബുധനാഴ്ച രാവിലെ അടൂർ സെൻട്രൽ ജങ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. സെൻട്രൽ ജങ്ഷനിലെ വൺവേ പോയൻറിലായിരുന്നു പരിശോധന. ഇവിടെ ഒരു വാഹനത്തിനു മാത്രം കഷ്ടിച്ച് കടന്നുപോകാനുള്ള വീതിയേ ഉള്ളൂ. ടിപ്പറുകൾ തടഞ്ഞ് പരിശോധിച്ചപ്പോൾ പിന്നാലെ വന്ന വാഹനങ്ങൾ കടന്നുപോകാനാകാതെ വിഷമിച്ചു.
എം.സി റോഡ്, കായംകുളം- പത്തനാപുരം, അടൂർ- ശാസ്താംകോട്ട സംസ്ഥാനപാതകൾ, അടൂർ-തട്ട- കൈപ്പട്ടൂർ പാത എന്നിവയുടെ സംഗമസ്ഥാനമാണ് സെൻട്രൽ കവല. ഈ പാതകളിലൂടെ വന്ന വാഹനങ്ങളെല്ലാം ഇവിടെ കുടുങ്ങി. കൊടുംവളവുകളിലും പാതകൾക്ക് വീതി കുറവുള്ള സ്ഥലങ്ങളിലും പൊലീസ് വാഹന പരിശോധന പതിവാണെന്ന് നാട്ടുകാർ പറയുന്നു. പെട്ടെന്ന് ഡ്രൈവർമാർ കാണാതിരിക്കാനാണ് വളവുകളിൽ പൊലീസ് തക്കം പാർത്തു നിൽക്കുന്നത്.
ഗ്രാമപ്രദേശങ്ങളിൽ പൊലീസിനെ കണ്ട് ഉപപാതകളിലേക്ക് കയറി വാഹനമോടിച്ചു ഡ്രൈവർമാർ പരിശോധനയിൽനിന്ന് രക്ഷപ്പെടുന്നത് പതിവാണ്. ഇത് കാരണമാണ് നഗരമധ്യത്തിൽ തന്നെ നിലയുറപ്പിക്കുന്നതെന്നും ദിവസേന ഉന്നത ഉദ്യോഗസ്ഥർ പറയുന്നയത്ര പണം പിരിച്ചുകൊടുത്തില്ലെങ്കിൽ തങ്ങൾക്കു ബുദ്ധമുട്ടാകുമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇത്തരം പരിശോധനകൾ കൂടുതൽ അപകടം ഉണ്ടാക്കാനും ഗതാഗതക്കുരുക്ക് സൃഷ്ടിക്കാനും ഉപകരിക്കുകയുള്ളൂ. വർഷങ്ങൾക്കു മുമ്പ് എം.സി റോഡിൽ പറന്തലിൽ കൊടുംവളവിൽ വാഹന പരിശോധന നടത്തുന്നതിനിടെ വനിത കോൺസ്റ്റബിൾ വാഹനം ഇടിച്ച് മരിച്ചിരുന്നു. വളവുകളിൽ പൊലീസ് പരിശോധന പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി മുമ്പ് ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.