ടാര്‍ മിക്സിങ് പ്ലാന്‍റിന് അനുമതിതേടി സ്വകാര്യ കമ്പനി; ആശങ്കയിൽ ഗ്രാമവാസികൾ
text_fieldsഅടൂര്‍: ജനവാസമേഖലയായ ഏനാദിമംഗലത്തെ ഇളമണ്ണൂര്‍ കിൻഫ്ര പാർക്കിൽനിന്ന് അന്തരീക്ഷ മലിനീകരണം വർധിക്കുന്ന ആശങ്കയിൽ നാട്ടുകാർ. ഭക്ഷ്യ സംസ്കരണ ചെറുകിട വ്യവസായ പാർക്കാണെങ്കിലും വൻകിട വ്യവസായ ശാലകളും ഇവിടെ പ്രവർത്തിക്കുന്നു. ഇവയുടെ പുകക്കുഴലിൽനിന്ന് അന്തരീക്ഷത്തിലേക്ക് വമിക്കുന്ന വിഷപ്പുക നാട്ടുകാരെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഇപ്പോൾ തന്നെ അലർജി, ശ്വാസകോശ രോഗങ്ങൾ, അർബുദബാധിതർ ചുറ്റുപാടുമുണ്ട്. ഏറ്റവും ഒടുവിൽ ചങ്ങനാശ്ശേരി ആസ്ഥാനമായ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുക്കമായി. ഇതിനായി അഞ്ചേക്കര്‍ ഭൂമി പാട്ടത്തിനെടുത്തെങ്കിലും ഉയര്‍ന്ന മലിനീകരണ തോതുള്ള യന്ത്രം സ്ഥാപിക്കാനുള്ള അനുമതി ആദ്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷേധിച്ചെങ്കിലും ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് നല്‍കിയെന്നാണ് അറിവ്. പഞ്ചായത്തിലെ ചില ജനപ്രതിനിധികളാണ് ഡ്രം മിക്‌സിങ് പ്ലാന്റിന് ഒത്താശ ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. പഴയ പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുക എന്നറിയുന്നു.
സ്‌കിന്നര്‍ പുരത്തെ പാരിസ്ഥിതിക സന്തുലനാവസ്ഥ തകര്‍ക്കുന്ന കാലഹരണപ്പെട്ട പ്ലാന്റ് ജനവാസകേന്ദ്രങ്ങള്‍ക്ക് വലിയ ഭീഷണിയാകുമെന്നാണ് ആശങ്ക. അഞ്ചേക്കര്‍ എസ്റ്റേറ്റ് ഭൂമിയില്‍ പ്ലാന്റ് തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും ലാന്‍ഡ് റവന്യൂ കമീഷണര്‍ അനുമതി ഇതുവരെയും നല്‍കിയിട്ടില്ല.
ധനമന്ത്രി ബാലഗോപാലിന്‍റെ സഹോദരന്‍ കലഞ്ഞൂര്‍ മധുവിന്‍റെ മാവനാല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി സ്ഥാപിച്ചിട്ടുള്ള പ്ലാന്റിന് മലിനീകരണത്തോത് തീര്‍ത്തും കുറവാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നു. വിദേശരാജ്യങ്ങളില്‍ അടക്കം ഉപയോഗിക്കുന്ന തരം പ്ലാന്റാണ് ഇത്. പ്ലാന്റ് ഇവിടെ സ്ഥാപിക്കുന്നതിനെതിരെ സി.പി.എം നേതൃത്വത്തിലുള്ള ഏനാദിമംഗലം പഞ്ചായത്ത് കമ്മിറ്റി അടക്കം രംഗത്തു വന്നിരുന്നു.
സമരത്തിന് സി.പി.എം നേതൃത്വം നല്‍കുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ ഹിയറിങ്ങില്‍ പ്ലാന്റിന് അന്തരീക്ഷ മലിനീകരണം കുറവാണെന്ന് വിലയിരുത്തുകയും തുടര്‍ന്ന് പ്ലാന്റ് സ്ഥാപിക്കാന്‍ അനുവാദം നല്‍കുകയുമായിരുന്നു. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംരക്ഷണയില്‍ പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തനവും തുടങ്ങി. മലിനീകരണം കുറഞ്ഞതാണ് ഇനിയും വരുന്ന പ്ലാന്‍റെന്നും നാട്ടുകാരെ വിശ്വസിപ്പിക്കാനും അതിനെതിരെ സമരം വേണ്ടെന്നുമുള്ള സന്ദേശം ഇവര്‍ നല്‍കിക്കഴിഞ്ഞു.
അനുമതി കിട്ടുന്നതുവരെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനാണ് നീക്കം. ഇതേസമയം ലാന്‍ഡ് റവന്യൂ കമീഷന്‍റെ എതിര്‍പ്പാണ് തിരിച്ചടിയായിരിക്കുന്നത്. ജനവാസമേഖലയില്‍ ഡ്രം മിക്‌സ് പ്ലാന്റ് സ്ഥാപിക്കാന്‍ അനുവാദം കൊടുക്കാന്‍ നിലവിലുള്ള ചട്ടപ്രകാരം കഴിയില്ല.
അന്തരീക്ഷത്തില്‍ മാരക വിഷാംശപുക വമിക്കുന്നതും കുടിവെള്ള സ്രോതസ്സില്‍ വിഷാംശം കലരാനും ഇടയാക്കുമെന്നതിനാൽ ടാര്‍ മിക്‌സിങ് പ്ലാൻറിന് അനുകൂല നിലപാട് നാട്ടുകാരിൽ നിന്നുതന്നെ ഉണ്ടാക്കിയെടുക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുകയാണ്. ഇതിനിടെ പ്ലാന്‍റിന് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന്ആവശ്യപ്പെട്ട് ചിലര്‍ രഹസ്യനീക്കങ്ങൾ നടത്തുന്നുമുണ്ടത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.