ന്നാ പിന്നെ കുഴി അടച്ചേക്കാം; കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ അറ്റകുറ്റപ്പണി തുടങ്ങി
text_fieldsഅടൂര്‍: കായംകുളം- പത്തനാപുരം സംസ്ഥാനപാതയില്‍ (എസ്.എച്ച്- അഞ്ച്) തകര്‍ന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങി. പ്ലാന്റേഷന്‍ മുക്ക് മുതല്‍ പൈപ്പിട്ട് ഇളകിയ സ്ഥലം വരെ നവീകരിക്കുന്ന പണികളും ഇതിലുള്‍പ്പെടും. നിരവധി അപകടത്തിനും മരണങ്ങള്‍ക്കും കാരണമായ കുഴികളും അടക്കാന്‍ തുടങ്ങി.ആഗസ്റ്റ് എട്ടിന് സംസ്ഥാനപാതയിലെ അപകട ഭീഷണിയെക്കുറിച്ച് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ജല അതോറിറ്റി അടൂര്‍ സെന്‍ട്രല്‍ കവല മുതല്‍ പത്തനാപുരം കല്ലുംകടവ് വരെ പാതയിലെ കുഴികളാണ് ഇരുചക്ര വാഹനയാത്രികരെ അപകടത്തിലാക്കിയിരുന്നത്.
കൂടാതെ ജല അതോറിറ്റി ദ്രുതഗതിയില്‍ പൈപ്പിട്ടതിനു പിന്നാലെ ടാറിങ് നടത്തിയ പട്ടാഴിമുക്ക്-അടൂര്‍ സെന്‍ട്രല്‍ ജങ്ഷന്‍ വരെ നാലര കിലോമീറ്റര്‍ പാതയുടെ ഇരുവശവും താഴേക്കിരുത്തി അപകടാവസ്ഥയിലായതാണ്. 2019 സെപ്റ്റംബര്‍ 24നാണ് 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്ന് പൊലീസ് വിജിലന്‍സ് പരിശോധന നടത്തി പാതയിലെ ക്രമക്കേട് കണ്ടെത്തിയത്.
വിജിലന്‍സ് പരിശോധനയില്‍ കെ.പി റോഡിന്റെ നാശാവസ്ഥക്ക് കാരണം ജല വിതരണ വകുപ്പ് ചെയ്ത പണികളാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഉടൻ പാത ടാറിങ്ങും ബിറ്റുമിനും പൂര്‍ണമായി ഇളക്കി ശരിയായരീതിയില്‍ ടാറിങ് നടത്താനും വിജിലന്‍സ് നിർദേശം നല്‍കിയിരുന്നു. ചീഫ് എൻജിനീയറോട് നേരിട്ട് പണികള്‍ നടത്താന്‍ നിർദേശം നല്‍കി അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ 25 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു.
പാതകളുടെ ടാറിങ്ങിന് 5.72 രൂപ ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നല്‍കുകയും ചെയ്തു. പണം തികഞ്ഞില്ലെങ്കില്‍ വേണ്ടത്ര തുക ചെലവാക്കി പാത സഞ്ചാര യോഗ്യമാക്കണമെന്നും മന്ത്രി ചീഫ് എൻജിനീയര്‍ക്ക് നിർദേശം നല്‍കിയതാണ്. എന്നാല്‍, ഒന്നും നടന്നില്ല.
അപാകം പരിഹരിക്കാത്തതും പാത കൂടുതല്‍ അപകടാവസ്ഥയിലേക്ക് മാറുന്നതും സംബന്ധിച്ച് 'മാധ്യമം' 2021 നവംബര്‍ 17ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയിൽപെട്ട പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്ക് ഉടൻ പരിഹാരത്തിന് നിർദേശം നല്‍കുകയായിരുന്നു.
ഇതിനു മുമ്പ് ഇക്കാര്യത്തില്‍ എസ്റ്റിമേറ്റ് നല്‍കാതെ അലംഭാവം കാട്ടിയ നിലവിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്കെതിരെ വിമര്‍ശനവുമുയര്‍ന്നിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് 92.90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. കുടിവെള്ള വിതരണ പൈപ്പ് മാറ്റിയിടല്‍, കലുങ്ക്, റോഡ് നവീകരണം എന്നിവക്കാണ് തുക അനുവദിച്ചത്. പ്ലാന്റേഷന്‍ മുക്ക് മുതല്‍ ഏഴംകുളം വരെ പാത മുറിച്ച് മാറ്റുന്നതാണ് ആദ്യഘട്ടം. ഇവിടെ പുതിയ റോഡ് നിർമിക്കാനാണ് പദ്ധതി.
മറ്റു ഭാഗങ്ങളും ഇതുപോലെ തന്നെ നിർമാണം നടത്തുമെന്നും പറഞ്ഞിരുന്നു. കോട്ടമുകള്‍ കവലക്കു പടിഞ്ഞാറ് പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫിസിനു തൊട്ടടുത്ത് മാടാങ്കുളഞ്ഞി പടിയിലെയും പൊതുമരാമത്ത് ഓഫിസിനു മുന്നിലെയും രണ്ട് കലുങ്ക് പുതുക്കിപ്പണിയാനും നടപടി ആരംഭിച്ചു. സെന്‍ട്രൽ കവല മുതൽ കല്ലുംകടവ് വരെയുള്ള ഒറ്റപ്പെട്ട കുഴികൾ അടച്ചു.
വശങ്ങളിലെ ഓടകൾ തെളിക്കുകയും കാടുകൾ നീക്കം ചെയ്യുകയും ചെയ്തു. പൊതുമരാമത്ത് അടൂർ ഓഫിസിനു സമീപം രണ്ടു വര്‍ഷമായി നികത്താതെ കിടന്ന കുഴി കോണ്‍ക്രീറ്റ് ചെയ്ത് അടച്ചാണ് തുടക്കം കുറിച്ചത്. ടി.ബി ജങ്ഷനിലെ പാലത്തിന്റെ തകര്‍ന്ന കൈവരി നീക്കി പുതിയത് കോണ്‍ക്രീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.