അടൂർ ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി പദവിയിലേക്ക് ഉയർത്താൻ റിപ്പോർട്ട് തേടി
text_fieldsഅടൂർ: ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയർത്തുന്നതിന് കാർഡിയോളജി വിഭാഗം ഉൾപ്പെടെ ആരംഭിക്കുന്നത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിൽ നിന്നും സർക്കാർ റിപ്പോർട്ട് തേടി. ഡി.എച്ച്.എസാണ് ഡി.എം.ഒ ഓഫീസ് വഴി റിപ്പോർട്ട് അവശ്യപ്പെട്ടത്. കാർഡിയോളജി വിഭാഗം, ന്യൂറോ സർജറി, നെഫ്രോവിഭാഗം എന്നിവ ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. എക്കൊ, റ്റി.എം.റ്റി ഉൾപ്പടെ സംവിധാനമുള്ള കാത്ത് ലാബ് ആരംഭിക്കാനാവശ്യമായ ക്രമീകരണങ്ങൾ എന്തൊക്കെയെന്ന് കാട്ടി ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ ഡി.എച്ച്.എസിന് റിപ്പോർട്ട് നൽകി.
വർഷങ്ങൾക്ക് മുമ്പ് ഇവിടെ ട്രോമാകെയർ യൂനിറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് എന്നിവർ ഇല്ലാത്തതിനാൽ അപകടത്തിൽ പരിക്കേറ്റ് വരുന്ന കേസുകൾ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്.പുതിയ സംവിധാനം വരുന്നതോടെ അപകടത്തിൽ പരിക്കേറ്റ് എത്തുന്നവർക്ക് അടിയന്തിര ആധുനിക ചികിത്സ ഇവിടെ ലഭ്യമാക്കാൻ കഴിയും. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി ഉൾപ്പടെയുളള ചികിത്സയ്ക്കായി കൂടുതൽ തുകനൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. കൂടാതെ ജില്ലയിൽ ഏറ്റവുംകൂടുതൽ ശസ്ത്രക്രിയ നടക്കുന്ന സർക്കാർ ആശുപത്രിയുമാണിത്. ഹൃദയ സംബന്ധമായ ചികിത്സതേടി നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. കാർഡിയോളജി വിഭാഗവും കാർഡിയോളജിസ്റ്റിനെയും നിയമിച്ചാൽ നിരവധി സാധാരണക്കാർക്ക് അത് വലിയ അനുഗ്രഹമാകും.
ദിനംപ്രതി ചികിത്സ തേടുന്നത് രണ്ടായിരം പേർ
ദിനംപ്രതി രണ്ടായിരത്തിലധികം പേരാണ് ഇവിടെ ഒ.പി വിഭാഗത്തിൽ ചികിത്സതേടി എത്തുന്നത്. കാർഷിക ഗ്രാമമായ കടമ്പനാട്,പള്ളിക്കൽ, ഏറത്ത്, ഏഴംകുളം പഞ്ചായത്ത് പ്രദേശത്ത് നിന്ന് കർഷകരും കർഷക തൊഴിലാളികളും ഉൾപ്പടെയുള്ളവർ ഇവിടെയാണ് ചികിത്സ തേടി എത്തുന്നത്.
പത്തനംതിട്ട ജില്ല അതിർത്തിയായ ആലപ്പുഴയിലെ ആദിക്കാട്ടുകുളങ്ങര, ആനയടി, ചാരുംമൂട്, കൊല്ലം ജില്ലയിലെ കുളക്കട, താഴത്ത് കുളക്കട, പൂവറ്റൂർ, പുതുവൽ, കല്ലുംകടവ് ഭാഗങ്ങളിൽ നിന്നും നിരവധിപേരുടെ ആശ്രയമാണ് അടൂരിലെ സർക്കാർ ആതുരാലയം. വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ നിന്നുളള ട്രെയിനികളും ഈ ആശുപത്രിയിലാണ് എത്തുന്നത്.
ഒ.പി ടിക്കറ്റ് എടുക്കാൻ തിക്കും തിരക്കും
അടൂർ: ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുക്കുന്നിടത്ത് തിക്കുംതിരക്കും. മൂന്ന് കൗണ്ടറിലൂടെ മാത്രമാണ് ഒ.പി ടിക്കറ്റ് വിതരണം ചെയ്യുന്നത്. ഇതുമൂലം രോഗികളുടെ നീണ്ടനിര ആശുപത്രി വളപ്പും കടന്ന് പടിഞ്ഞാറുള്ള റോഡിലെത്തും.
ഇത് ഗതാഗതത്തെയും ബാധിക്കും. ഇവിടെ ഡേറ്റ എൻട്രി സ്റ്റാഫിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരിൽ ചിലരെ ഓഫിസ് ഡ്യൂട്ടിക്ക് വിടുന്നതും ടിക്കറ്റ് വിതരണ കൗണ്ടറിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയുണ്ടാക്കുന്നുണ്ട്.
ഇവിടെ ഒ.പി ടിക്കറ്റിനായി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട സ്ഥിതിയാണ്. ടോക്കൺ സംവിധാനമാണെങ്കിലും ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും മണിക്കൂറുകൾ കാത്തുനിൽക്കണം.
പനിയുമായി വരുന്നവർ മണിക്കൂറുകൾ ക്യൂവിൽനിന്ന് തളർന്ന് വീഴാറുമുണ്ട്. കൂടുതൽ സമയം കാത്തുനിൽക്കാതെ ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ട് മടങ്ങാനുള്ള സൗകര്യം ക്രമീകരിക്കണം എന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.