ഒടുവിൽ തീരുമാനം, റോഡ് നന്നാക്കും
text_fieldsഅടൂർ: ഏഴംകുളം-കൈപ്പട്ടൂർ റോഡിന്റെ നിർമാണ പ്രാഥമിക പ്രവർത്തനമായ സർവേ തുടങ്ങി. ജില്ലയിൽ വർഷങ്ങളായി തകർന്ന പ്രധാന പൊതുമരാമത്ത് വകുപ്പ് റോഡാണിത്. ആധുനിക രീതിയിൽ 43 കോടി ചെലവിട്ട് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം സാധ്യമാക്കിയത്. പ്രധാന പാതകളെ സംബന്ധിച്ച കിഫ്ബിയുടെ പൊതുമാനദണ്ഡപ്രകാരം 13.5 മീറ്റർ വീതിയാണ് നിർദേശിച്ചിരുന്നത്.
ഇത്രയും വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിന് സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന നടപടി അടക്കം സങ്കീർണമായ നടപടിക്രമങ്ങൾ ആവശ്യമാകുന്നതോടെ പദ്ധതിക്ക് വീണ്ടും കാലതാമസം നേരിട്ടു. ഇതിനിടെ 12 മീറ്ററായി റോഡിന്റെ വീതി നിജപ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായി നിർമാണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കോംപസിറ്റ് വ്യവസ്ഥയിൽ ടെൻഡർ നടപടി പൂർത്തീകരിച്ച പദ്ധതിയുമാണിത്. കരാർ പദ്ധതിയുടെ നിർമാണ പ്രാഥമിക പ്രവർത്തനമായ ടോട്ടൽ സർവേ പ്രവർത്തന ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. റോഡിന്റെ അലൈൻമെന്റ് വിഭാവനം ചെയ്യുന്നതിന് നിലവിലെ റോഡ് മധ്യത്തിൽനിന്ന് ഇരുവശത്തേക്കുമായി 12 മീറ്റർ വീതി ക്രമീകരിക്കത്തക്ക രീതിയിലാവും സർവേ. ഇത്തരത്തിൽ അതിർത്തികൾ നിർണയിച്ച് കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമായതെന്നും ചിറ്റയം പറഞ്ഞു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ മഞ്ജു, ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ബാബു ജോൺ, കൊടുമൺ പഞ്ചായത്ത് അംഗം വിപിൻ കുമാർ, കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ ബിന്ദു, കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ഹാരിസ്, അസി. എൻജിനീയർ ഫിലിപ്, എ.എൻ. സലീം, കുറുമ്പകര രാമകൃഷ്ണൻ, ജി. രാധാകൃഷ്ണൻ, പ്രസന്നകുമാർ, കമലാസനൻ, എൻ.കെ. ഉദയകുമാർ, രാജേന്ദ്ര കുറുപ്പ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.