പുതുതലമുറക്ക് കൗതുകമായി സംഭാര വിതരണപ്പുര
text_fieldsഅടൂർ: പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന ഇളമണ്ണൂരിലെ വീത്തുംവെള്ളം (മോരും വെള്ളം) വിതരണപ്പുര പുതുതലമുറക്ക് കൗതുകമാകുന്നു. പൊതുഗതാഗതം വരുന്നതിന് മുമ്പ് കായംകുളം-പുനലൂര്‍ പാതയിലൂടെ തലച്ചുമടായി എത്തുന്നവര്‍ക്ക് ദാഹം അകറ്റാനായി ഇളമണ്ണൂര്‍ തിയറ്റര്‍ ജങ്ഷനില്‍ കളീക്കല്‍ കുടുംബത്തിലെ പുരയിടത്തിലാണ് വീത്തും വെള്ളപ്പുര പ്രവര്‍ത്തിച്ചിരുന്നത്. പാതയില്‍നിന്ന് ഏഴടിയോളം ഉയരത്തിലാണ് ഈ പുര.
കളീക്കല്‍ കുടുംബത്തില്‍നിന്ന് എത്തിക്കുന്ന മോരും വെള്ളം കല്ലുകൊണ്ട് നിര്‍മിച്ച വൃത്താകൃതിയിലുള്ള തൊട്ടിയില്‍ ശേഖരിക്കും. ചുമന്നുള്ളി, മുളക്, ഇഞ്ചി, നാരകത്തില, ഉപ്പ് എന്നിവ ചേര്‍ത്തശേഷം പാള കൊണ്ടുണ്ടാക്കിയ കുമ്പിള്‍ ഉപയോഗിച്ച് കൽത്തൊട്ടിയില്‍ നിന്നും കോരിയെടുത്ത മുളങ്കീറിലൂടെ പാതയില്‍ നില്‍ക്കുന്നവര്‍ക്ക് ഒഴിച്ച് കൊടുക്കും.
മുളങ്കീറിലൂടെ ഒഴുകിവരുന്ന മോരും വെള്ളം കൈക്കുമ്പിളില്‍ പിടിച്ച് കുടിക്കുന്നയാള്‍ വയറ് നിറയുമ്പോള്‍ തലയാട്ടും. ഇതായിരുന്നു അന്നത്തെ വിതരണരീതി. ഈ പുരയുടെ മുന്നില്‍ പാതയുടെ എതിര്‍വശം ചുമടുതാങ്ങിയും സ്ഥാപിച്ചിരുന്നു. ഗതാഗത സംവിധാനമായതോടെ ചുമടുമായി വരുന്നവരില്ലാതായി. മോരും വെള്ളം കുടിക്കാനായി വഴിയാത്രക്കാരും സ്‌കൂള്‍ കുട്ടികളും സമീപവാസികളും മാത്രമായി. പുതിയ കാലത്ത് മോരും വെള്ളം കുടിക്കാന്‍ ആളില്ലാതെയായി. ഇതോടെ വിതരണവും നിർത്തി. വിവിധ സ്‌കൂളുകളില്‍നിന്ന് ഈ മോരുംവെള്ളപ്പുര കാണാന്‍ വിദ്യാര്‍ഥികള്‍ എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.