മുക്കുപണ്ടം പണയത്തട്ടിപ്പിൽ യുവാവ് അറസ്റ്റിൽ; ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ച് മുക്കുപണ്ടം നൽകുകയായിരുന്നു
text_fieldsഅടൂർ: ഏഴംകുളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് അരലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം വയല അറുകാലിക്കൽ വെസ്റ്റ് മാളിക കിഴക്കേതിൽ വീട്ടിൽ സാജനെയാണ് (32) പിടികൂടിയത്.
ഏപ്രിൽ അവസാന ആഴ്ചയാണ് പ്രതി സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം കൈപ്പറ്റിയത്. സ്ഥാപനത്തിന് സമീപം താമസിക്കുന്ന ഇയാൾ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം, ആശുപത്രിയിലെ ചികിത്സ ആവശ്യത്തിലേക്കെന്നു പറഞ്ഞ് 916 മുദ്ര പതിപ്പിച്ച മുക്കുപണ്ടം നൽകുകയായിരുന്നു. ഇയാൾ പണം കൈപ്പറ്റിയ ശേഷം, സംശയം തോന്നിയ ജീവനക്കാർ ഉരച്ചുനോക്കിയപ്പോൾ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തത് മനസ്സിലാക്കിയപ്പോൾ യുവാവ് മുങ്ങി. ഇയാളെ അന്വേഷിച്ച് വരവെ ബുധനാഴ്ച പുലർച്ചയോടെ കോട്ടയത്തുനിന്ന് കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തിൽ സമാനരീതിയിൽ വിവിധ സ്ഥലങ്ങളിൽ സ്വർണം പണയം വെച്ചിട്ടുള്ളതായി സംശയിക്കുന്നുണ്ട്. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, അടിപിടി, തീവെപ്പ് അടക്കം പത്തിലധികം കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടൂർ പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവ്, എസ്.ഐ എം. പ്രശാന്ത്, എസ്.സി.പി.ഒമാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. ചെറുകിട ധനകാര്യ സ്ഥാപനങ്ങളിൽ ഇത്തരം സ്വർണങ്ങളുടെ പരിശുദ്ധി പരിശോധിക്കാൻ സംവിധാനം ഇല്ലാത്തതും പ്രതികൾക്ക് അനുകൂല ഘടകമാണ്. കഴിഞ്ഞ മാസം അടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചൂരക്കോട്, അന്തിച്ചിറ മേഖലകളിലെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.