മണ്ണുമാഫിയ പിടിമുറുക്കുന്നു; കൊടുമണ്ണിലെ തേപ്പുപാറയിൽ 16 ഏക്കറിൽനിന്ന് മണ്ണെടുക്കാൻ നീക്കം
text_fieldsഅടൂർ: അടൂരിലെ മണ്ണ് മാഫിയ ഏഴംകുളം, കൊടുമൺ, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലും പിടിമുറുക്കുന്നു. കൊടുമണ്ണിലെ അങ്ങാടിക്കൽ വില്ലേജിൽ ഉൾപ്പെടുന്ന തേപ്പുപാറയിൽ കുന്നിടിച്ച് 16 ഏക്കറിൽനിന്ന് മണ്ണെടുക്കാൻ ശ്രമം തുടങ്ങി. മണ്ണെടുത്ത് ആലപ്പുഴ ജില്ലയിലേക്ക് കൊണ്ടുപോകാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിക്കായി വില്ലേജിൽനിന്ന് കൈവശാവകാശ സർട്ടിഫിക്കറ്റും ലൊക്കേഷൻ സ്കെച്ചും വാങ്ങിയിട്ടുണ്ട്.
നിർദിഷ്ട സ്ഥലം ടാപ്പിങ് നടത്തിവരുന്ന റബർ എസ്റ്റേറ്റാണ്. ടാപ്പിങ് തുടങ്ങിയിട്ട് 10 വർഷത്തിൽ താഴെ മാത്രം പ്രായമുള്ള റബർ മരങ്ങളാണ് വെട്ടിമാറ്റി മണ്ണുമാഫിയക്ക് നൽകാൻ പോകുന്നത്. പുതുമല-തേപ്പുപാറ പി.എം.ജി.എസ്.വൈ റോഡിനോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റാണിത്. മൂന്ന് മലകൾ ചേർന്നുകിടക്കുന്ന എസ്റ്റേറ്റിന്റെ മറുഭാഗം പ്ലാന്റേഷൻ കോർപറേഷൻ കൊടുമൺ എസ്റ്റേറ്റിനോട് ചേർന്ന് കിടക്കുന്നതാണ്.
റബർ കൃഷിക്കായി 99 വർഷത്തെ കുത്തകപ്പാട്ടത്തിനെടുത്ത സ്ഥലത്ത് ഘടനാപരമായ ഒരു മാറ്റവും വരുത്താതെയാണ് കൃഷി ചെയ്യുന്നത്. മലയിടിച്ച് മണ്ണ് കടത്തിയാൽ പ്രദേശത്ത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കും. ഇവിടെനിന്ന് ഉദ്ഭവിക്കുന്ന നീർച്ചാലും അപ്രത്യക്ഷമായേക്കും. ഈ സ്ഥലത്തിന് എതിർവശമുള്ള ഏഴംകുളം വില്ലേജിലെ ചീരൻകുന്ന് മലയിലും ഏനാദിമംഗലം വില്ലേജിലെ തേപ്പുപാറ തോട്ടമുക്ക് എസ്.ഐ.പി തോട്ടം ഉൾപ്പെട്ട വേളമുരുപ്പും ഭൂമാഫിയ കണ്ണുവെച്ചതായി അറിയുന്നു.
തേപ്പുപാറയിൽ കുന്നിടിച്ച് 16 ഏക്കറിൽനിന്ന് മണ്ണെടുക്കുന്നതിനുള്ള ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു കൊടുമൺ ഏരിയ സെക്രട്ടറി എസ്.സി. ബോസ് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.