യാത്രക്കാരെ ഇതിലേ...മണ്ഡലകാലം: ചെങ്കോട്ട-കൊല്ലം പാതയിൽ ഇന്നുമുതൽ സ്പെഷൽ ട്രെയിൻ
text_fieldsഅടൂർ: തമിഴ്നാട്ടിൽനിന്ന് ചെങ്കോട്ട-കൊല്ലം റെയിൽപാതയിലൂടെ തീർഥാടകർക്ക് എളുപ്പം ശബരിമലയിലെത്തി മടങ്ങാം. ഈ റൂട്ടില്‍ നിലവിലെ ട്രെയിനുകൾക്ക് പുറമെ ശബരിമല സ്പെഷല്‍ ട്രെയിൻ തിങ്കളാഴ്ച മുതൽ സർവിസ് തുടങ്ങും. കൊല്ലം, ചെങ്കോട്ട വഴി എറണാകുളം-ചെന്നൈ-താംബരം ശബരിമല സ്പെഷല്‍ (06067) 2023 ജനുവരി രണ്ട് വരെ സര്‍വിസ് നടത്തും. എറണാകുളത്തുനിന്ന് തിങ്കളാഴ്ചകളില്‍ ഉച്ചക്ക് 1.10ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക് 12ന് താംബരത്ത് എത്തും.
മടക്ക ട്രെയിന്‍ (06068) ചൊവ്വാഴ്ചകളില്‍ വൈകീട്ട് 3.40ന് താംബരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്കു 12ന് എറണാകുളത്ത് എത്തും. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല എന്നിവയാണ് സംസ്ഥാനത്തെ പ്രധാന സ്റ്റോപ്പുകൾ.
ചെങ്കോട്ട, രാജപാളയം, ശിവകാശി, മധുര, ദിണ്ഡിഗല്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, കുംഭകോണം, ചിദംബരം, വില്ലുപുരം എന്നിവയാണ് തമിഴ്നാട്ടിലെ പ്രധാന സ്റ്റോപ്പുകള്‍. കൊല്ലം-ചെങ്കോട്ട പാതയിലൂടെ ആദ്യ ശബരിമല സ്പെഷല്‍ ട്രെയിനാണിത്. ജില്ലക്ക് സമീപത്തെ റെയില്‍വേ സ്റ്റേഷൻ ആവണീശ്വരമാണ്.
ജില്ല അതിര്‍ത്തിയായ പത്തനാപുരത്തുനിന്ന് കുന്നിക്കോട് പാതയില്‍ ഏഴ് കി.മീ. സഞ്ചരിച്ചാല്‍ ആവണീശ്വരത്തെത്താം. ജില്ല ആസ്ഥാനത്തുനിന്ന് കോന്നി-പത്തനാപുരം വഴിയാണ് ആവണീശ്വരം സ്റ്റേഷനിലേക്കുള്ള എളുപ്പവഴി.
ചെന്നൈയില്‍നിന്നുള്ള ട്രെയിന്‍ ബുധനാഴ്ചകളില്‍ രാവിലെ 7.10ന് ആവണീശ്വരത്തെത്തും. ചെന്നൈയിലേക്കുള്ള ട്രെയിൻ ഇവിടെ എത്തുന്നത് വൈകീട്ട് 5.25നാണ്. സ്പെഷല്‍ ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ നിലവിലെ തിരക്കിന് പരിഹാരമാകും. മധ്യകേരളത്തില്‍നിന്ന് ചെന്നൈയിലേക്കു കൂടുതല്‍ സീറ്റുകളും ഇതിലൂടെ ലഭ്യമാകും.
തീര്‍ഥാടകര്‍ക്കു ആവണീശ്വരത്തുനിന്ന് പമ്പയിലേക്ക് കെ.എസ്.ആര്.ടി.സി ബസ് സൗകര്യം ലഭിക്കും. ഇവിടെനിന്ന് പമ്പയിലേക്ക് 95 കിലോമീറ്റററാണുള്ളത്. ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, തണ്ണിത്തോട്, അരുവാപ്പുലം, കോന്നി, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാസികള്‍ക്ക് ഏറെ പ്രയോജനകരമായ കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാത വഴി തെങ്കാശ്ശി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.