അടൂർ കാറപകടത്തന് കാരണം അമിതവേഗം; ഡ്രൈവർക്കെതിരെ കേസെടുത്തു
text_fieldsഅടൂർ (പത്തനംതിട്ട): അടൂരിൽ ബുധനാഴ്ച ഉച്ചക്ക് മൂന്നുപേർ മരിക്കാനിടയായ അപകടത്തിന് കാരണമായ കാർ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. ബ്രേക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി. അപകടകാരണം അമിതവേഗമാണെന്നും ഡ്രൈവർ ശരത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. ശരത്തിനെതിരെ അടൂർ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അടൂർ ബൈപാസിൽ കരുവാറ്റ പള്ളിക്കുസമീപം കാർ കനാലിലേക്ക് മറിഞ്ഞത്.
ഇളമാട് അമ്പലംമുക്കിലെ അമൽ ഷാജിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വധുവിന് പുടവ നൽകാൻ ഹരിപ്പാട്ടേക്ക് പോയവരാണ് അപകടത്തിൽപെട്ടത്. ആയൂർ സ്വദേശികളായ ശ്രീജ(51), ശകുന്തള (53), ഇന്ദിര (60) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ശരത്, മരിച്ച ഇന്ദിരയുടെ മകൾ ബിന്ദു (36), ബിന്ദുവിന്റെ മകൻ അലൻ (14) എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
വരന്റെ അടുത്ത ബന്ധുക്കളടക്കം അപകടത്തിൽ മരിച്ചതിനാൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന അമലിന്റെ വിവാഹം മാറ്റിവെച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഗതാഗത നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു
അമിതവേഗവും ഗതാഗത നിയമലംഘനവും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച അടൂരില്‍ നടന്ന കാര്‍ അപകടമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി ടി.വിയില്‍ ഈ ദൃശ്യം വ്യക്തമാണ്. അടൂര്‍ സെന്‍ട്രല്‍ ജങ്ഷന്, കെ.എസ്.ആര്.ടി.സി, നെല്ലിമൂട്ടില്‍പടി, കരുവാറ്റ എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഉണ്ടെങ്കിലും ഇവിടങ്ങളില്‍ സദാസമയവും സിഗ്നല്‍ തെറ്റിച്ചുപായുന്ന വാഹനങ്ങള്‍ കാണാം. ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.
ഇത് തടയാനോ നിയമനടപടികള്‍ സ്വീകരിക്കാനോ ട്രാഫിക് പൊലീസ് തയാറാകുന്നില്ല. പലപ്പോഴും പ്രധാന സ്ഥലങ്ങളില്‍പോലും പൊലീസിന്റെ അസാന്നിധ്യം പ്രകടമാണ്. ഉണ്ടെങ്കില്‍ തന്നെ പൊലീസ് നോക്കുകുത്തിയാണ്. സെന്‍ട്രല്‍ ജങ്ഷനില്‍ കിഴക്കുനിന്ന് വരുന്ന വാഹനങ്ങള്‍ മൈതാനം ചുറ്റി യുടേണ്‍ എടുത്ത് തട്ട-പത്തനംതിട്ട പാതയിലേക്കു പ്രവേശിക്കണമെന്നാണ് സാങ്കല്പികചട്ടം. ഇത് സൂചിപ്പിക്കുന്ന ഫലകങ്ങൾപോലും വെച്ചിട്ടില്ല. ഇക്കാര്യം അറിയാത്തവരും പത്തനംതിട്ട പാതയിലേക്കു പ്രവേശിക്കാന്‍ തിടുക്കം കാട്ടുന്നവരും സിഗ്നല്‍ ഇല്ലാതെ തന്നെ ഇരുവശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ നൂണ്ട് വലത്തേക്ക് തിരിയാന്‍ ശ്രമിക്കുന്നത് അപകടമുണ്ടാക്കുന്നു.
ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് വർഷങ്ങളായി വലത്തേക്കും വാഹനങ്ങൾ തിരിയാനായി ദിശാ ലൈറ്റ് ഉണ്ടായിരുന്നു. പിന്നീട് ആ സിസ്റ്റം മാറ്റിയതിനെ തുടർന്ന് സിഗ്നൽ ഇല്ലാതെ തന്നെ എതിർദിശയിൽനിന്ന് വാഹനങ്ങൾ വരുമ്പോൾ കിഴക്കുനിന്ന് വാഹനങ്ങൾ തിരിയുകയാണ് ചെയ്യുന്നത്.
പൊലീസ് ഇത് കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. നെല്ലിമൂട്ടില്‍ പടിയിലും കരുവാറ്റ ജങ്ഷനിലും ഇതുതന്നെ അവസ്ഥ. ഇവിടങ്ങളില്‍ കാമറ സ്ഥാപിച്ചോ പൊലീസിന്റെ സാന്നിധ്യത്തിലോ നടപടിയില്ല.
ഇടതുവശത്തുകൂടെ വാഹനങ്ങളെ മറികടക്കുന്നത് പതിവാണ്. ഇരുചക്ര വാഹനയാത്രികരാണ് മിക്കപ്പോഴും ഇത്തരത്തില്‍ അപകടമുണ്ടാക്കുന്നത്. അനാവശ്യമായി ഇന്‍ഡിക്കേറ്റര്‍ ഇടുകയും ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്യാതിരിക്കുകയും ചെയ്യുന്നതും ഇൻഡിക്കേറ്ററിട്ട് എതിർ ദിശയിലേക്കു തിരിയുന്നതും പതിവാണ്. തിരക്കുള്ള സ്ഥലങ്ങളിലും സീബ്രക്രോസുകളിലും നടപ്പാതകളിലും അപകടം പിടിച്ച വളവുകളിലും വേഗം കുറക്കാതെ മറ്റുവാഹനങ്ങളെ മറികടക്കുന്നതും സീബ്ര ക്രോസുകളിലും നോ പാര്‍ക്കിങ് പോയൻറുകളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും അടൂരില്‍ സ്ഥിരം കാഴ്ചയാണ്.
റോഡ് വാഹനമോടിക്കുന്നവർക്ക് മാത്രമുള്ളതല്ല, കാല്നടക്കാര്ക്കുമുള്ളതാണെന്ന നിയമം മിക്ക ഡ്രൈവര്‍മാരും മറക്കുന്നു. മറ്റു വാഹനങ്ങളെ വകവെക്കാതെയാണ് അമിതവേഗത്തില്‍ കെ.എസ്.ആര്.ടി.സിയിലെ ചില ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുന്നത്. വളവുകളിലും തിരക്കേറിയ സ്ഥലങ്ങളിലും മറ്റു വാഹനങ്ങളെ മറികടന്ന് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടിപ്പറുകളും യാത്രക്കാര്‍ക്ക് ഭീഷണിയാണ്.
ടിപ്പറുകളുടെ അമിതവേഗത്തിനും അമിതഭാരം വഹിക്കല്‍ ഉള്‍പ്പെടെ നിയമലംഘനങ്ങള്‍ക്കും നിയമപാലകര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണമുണ്ട്. ഹെല്‍മറ്റ് പൊലീസിന്റെ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ മാത്രമാണ് പലരും ധരിക്കുന്നത്. ഹെഡ്സെറ്റിൽ പാട്ടുകേട്ടും മൊബൈൽ ഫോണ്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവരും ഇരുചക്രവാഹനചേസിങ് നടത്തുന്ന ഫ്രീക്കന്മാരും മറ്റു വാഹനയാത്രികര്‍ക്ക് തലവേദനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.