അടൂര്‍ നഗരത്തില്‍ തെരുവുനായ് ശല്യം രൂക്ഷം
text_fieldsഅടൂർ: നഗരത്തിൽ തെരുവ് നായ് ശല്യം മൂലം വഴിനടക്കാനാകാതെ ജനം ബുദ്ധിമുട്ടുന്നു. സന്ധ്യയാകുന്നതോടെ ഇവ നടപ്പാത കൈയടക്കും. പിന്നൊരാൾക്കും നടപ്പാതയിലൂടെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ടൗൺ യു.പി.എസിന് മുൻവശം മുതൽ ശ്രീമൂലം മാർക്കറ്റിലേക്ക് തിരിയുന്ന റോഡ് വരെയാണ് നായകളുടെ ശല്യം. ഇവ നടപ്പാതയിൽ കിടക്കുന്നതോടെ രാത്രിയിൽ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയാണ് ഉള്ളത്. നടപ്പാതയിൽ കിടക്കുന്ന നായ്കൾ കാൽനടയാത്രക്കാർക്ക് നേരെ കുരച്ചുകൊണ്ട് ഓടി എത്താറുണ്ട്.
ഇതോടെ കാൽനടയാത്രക്കാർ ഭയന്ന് റോഡിലേക്കിറങ്ങി ഓടുമ്പോൾ രാത്രിയിൽ വേഗതയിലെത്തുന്ന വാഹനമിടിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശ്രീമൂലം മാർക്കറ്റിലും പറക്കോട് അനന്തരാമപുരം മാർക്കറ്റിലും പരിസരത്തും നായ്ക്കളുണ്ട്.
മത്സ്യ-മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കാനാണ് ഇവ ഇവിടെ തമ്പടിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ നടപ്പാതയിലും സ്റ്റാന്റിനുള്ളിലും സ്റ്റാന്റിൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ബഹുനില മന്ദിരത്തിന്റെ പുറകിലെ റോഡിലും നായ്കൾ തമ്പടിക്കുന്നുണ്ട്. സെൻട്രൽ ജങ്ഷനിൽ ഗാന്ധി സ്മൃതി മൈതാനിയുടെ പുറത്ത് നായ്കൾ കിടപ്പുണ്ട്. അടൂർ ഹൈസ്കൂൾ ജങ്ഷനിൽ മൂന്നിടത്തായി തമ്പടിച്ചിരിക്കുന്ന നായ്കൾ സ്കൂൾ കുട്ടികൾക്കും ഭീഷണിയാണ്. ബോയ്സ്, ഗേൾസ് സ്കൂളുകൾ, സെൻട്രൽ സ്കൂൾ വിവിധ ട്യൂഷൻ സെന്ററുകളിൽ ഒക്കെയായി നൂറുകണക്കിന് കുട്ടികളാണ് എത്തുന്നത്. വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും തെരുവ് നായ്കൾ ഒരു പോലെ ബുദ്ധിമുട്ടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.