തരൂർ വരുന്നു; സ്വാഗതമരുളാൻ എ ഗ്രൂപ്
text_fieldsഅടൂർ: മലബാർ പര്യടനത്തിലൂടെ കോൺഗ്രസിൽ പുതിയ ഗ്രൂപ് സമവാക്യങ്ങൾ തുടങ്ങിവെച്ച ശശി തരൂർ എം.പി പത്തനംതിട്ട ജില്ലയിലും എത്തുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മുൻ തട്ടകമായിരുന്ന അടൂരിലാണ് എ ഗ്രൂപ്പിന്റെ പിന്തുണയോടെ തരൂർ എത്തുന്നത്. കക്ഷിരാഷ്ട്രീയമില്ലാത്ത സ്വതന്ത്ര സാമൂഹിക പ്രസ്ഥാനവും നേതൃപരിശീലന കേന്ദ്രവുമായ തൂവയൂർ 'ബോധിഗ്രാമി' ന്റെ 12ാമത് വാർഷിക പ്രഭാഷണമാണ് ഡിസംബർ നാലിന് രാവിലെ തരൂർ നിർവഹിക്കുക. 'യങ് ഇന്ത്യ: സാമൂഹിക സാമ്പത്തിക ശാക്തീകരണം' എന്നതാണ് വിഷയം. കെ.പി.സി.സി പബ്ലിക് പോളിസി വിഭാഗം അധ്യക്ഷനായ ജെ.എസ്. അടൂര്‍ എന്ന ജോണ്‍ സാമുവൽ ആണ് ബോധിഗ്രാമിന്റെ അധ്യക്ഷൻ. ഇതു വരെ രാഷ്ട്രീയ പക്ഷത്തിനതീതമായ പരിപാടികളാണ് ബോധിഗ്രാം സംഘടിപ്പിച്ചിരുന്നതെങ്കിലും ഇക്കുറി ലക്ഷ്യം രാഷ്ട്രീയം തന്നെയാണെന്ന് പറയപ്പെടുന്നു.
കെ.സി. വേണുഗോപാൽ പക്ഷക്കാരനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പഴകുളം മധുവും അനുകൂലികളും ഒഴിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ തരൂരിന്റെ വരവിന് സ്വാഗതമരുളാൻ കാത്തിരിക്കുകയും പരിപാടി വിജയിപ്പിക്കാനുള്ള ഓട്ടത്തിലുമാണെന്നാണ് അറിയുന്നത്.
ഡി.സി.സി മുൻ പ്രസിഡന്റ് പി. മോഹൻരാജാണ് ഇതുവരെ തരൂരിന് പരസ്യ പിന്തുണയുമായി രംഗത്തുവന്നത്. അദ്ദേഹം തന്നെയാണ് പരിപാടിയുടെ ചുക്കാൻ പിടിക്കുന്നതിൽ പ്രധാനിയും. തിരുവഞ്ചൂർ അനുകൂലികളായിരുന്ന നേതാക്കൾ അടക്കം എ ഗ്രൂപ് നേതാക്കളുടെയും പ്രവർത്തകരുടെയും വൻ സാന്നിധ്യം പരിപാടിക്ക് ഉണ്ടാകുമെന്നാണ് അറിയുന്നത്. ബോധിഗ്രാം 1987 ൽ പുണെയിൽ ചേരി പ്രദേശങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായാണ് തുടക്കം കുറിച്ചത്. തുടക്കം മുതൽ യുവാക്കളുടെ നേതൃ പരിശീലനം സ്ത്രീശാക്തീകരണ രംഗത്തുസജീവമാണ്. 2010 മുതൽ കേരളത്തിലെ പൊതുസമൂഹത്തിൽ സജീവമാണ്.
കെ.പി.സി.സി.യുടെ പൊതുകാര്യനയങ്ങള്‍, സാമൂഹിക, സാമ്പത്തിക വിഷയങ്ങളില്‍ നേതൃത്വ പരിശീലനം തുടങ്ങിയവയിലാണ് ജെ.എസ് അടൂരിന്റെ പങ്കാളിത്തം. അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജെ.എസ്. അടൂര്‍ ഐക്യരാഷ്ട്ര സഭയിലും അന്താരാഷ്ട്ര ദേശീയ വികസന, ഗവേഷണ സംഘടനകളിലും മൂന്നു ദശകത്തെ നേതൃപരിചയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.