ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി; അധ്യാപികയും സുഹൃത്തും മരിച്ചു
text_fieldsഅടൂര്‍: കണ്ടെയ്നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി ആലപ്പുഴ സ്വദേശികളായ അധ്യാപികയും കാമുകനും മരിച്ച സംഭവം ബോധപൂർവം വരുത്തിയ അപകടമെന്ന് സൂചന.
തുമ്പമണ്‍ നോര്‍ത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ആലപ്പുഴ നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന് (37), സ്വകാര്യ ബസ് ഡ്രൈവര്‍ ആലപ്പുഴ ചാരുംമൂട് ഹാഷിം വില്ലയില്‍ മുഹമ്മദ് ഹാഷിം (31) എന്നിവരാണ് മരിച്ചത്.
കായംകുളം-പുനലൂർ റോഡിൽ പട്ടാഴിമുക്കിനു സമീപം വ്യാഴാഴ്ച രാത്രി 10.45നാണ് നാടിനെ ഞെട്ടിച്ച അപകടം. ഇരുവരും വിവാഹിതരും കുട്ടികളുള്ളവരുമാണ്. ഹാഷിമാണ് അപകടം സൃഷ്ടിച്ചതെന്നാണ് സൂചന. തുമ്പമണ്‍ സ്കൂളില്‍നിന്ന് അധ്യാപകരോടൊപ്പം തിരുവനന്തപുരം ഭാഗത്ത് വിനോദയാത്ര പോയി ട്രാവലറിൽ തിരികെ വരുമ്പോൾ വ്യാഴാഴ്ച രാത്രി 10.15ന് ഏനാത്തിന് സമീപം കുളക്കടവെച്ച് ഹാഷിമിനൊപ്പം കാറില്‍ കയറിപ്പോകുകയായിരുന്നു അനുജ. വാനിനുകുറുകെ കാർ നിർത്തിയശേഷം ഹാഷിം വിളിച്ചയുടൻ അനുജ കൂടെ പോയെന്നാണ് സഹ അധ്യാപകര്‍ പൊലീസിന് നല്കിയ മൊഴി.
അടുത്തിരുന്ന അധ്യാപികയോട് അനുജൻ വിഷ്ണുവാണെന്ന് പറഞ്ഞാണ് കാറിൽ കയറിയതെന്നും മൊഴിയുണ്ട്. അനുജയെ മറ്റ് അധ്യാപകര്‍ ഫോണില്‍ വിളിച്ചപ്പോള്‍ കരയുന്ന ശബ്ദം കേട്ടതായി പറയുന്നു. പിന്നീട് അവർ തിരികെ വിളിച്ച് കുടുംബ പ്രശ്നമാണെന്നും സുരക്ഷിതയാണെന്നും പറഞ്ഞു.
അതിനിടെ അധ്യാപകര്‍ അനുജയുടെ ബന്ധുക്കളെ വിളിച്ചുചോദിച്ചപ്പോള്‍ വിഷ്ണു എന്നൊരാളില്ലെന്ന് അറിയിച്ചു. ഇതേതുടർന്നാണ് അധ്യാപകര്‍ അടൂര്‍ പൊലീസില്‍ പരാതി നൽകിയത്. പരാതി എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കെ.പി റോഡില്‍ നടന്ന അപകടവിവരം പൊലീസ്, അധ്യാപകരോട് പറയുന്നത്. രാജസ്ഥാൻ രജിസ്ട്രേഷനുള്ള കണ്ടെയ്നർ ലോറിയിലേക്കാണ് കാർ ഇടിച്ചുകയറ്റിയത്.
പത്തനാപുരം ഭാഗത്തുനിന്ന് തെറ്റായ ദിശയില്‍ വന്ന കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് ലോറി ഡ്രൈവര്‍ മൊഴി നൽകി. അമിതവേഗതയില്‍ എത്തിയ കാര്‍ നേരെ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്. കാര്‍ ഓടിച്ച ഹാഷിം മനഃപൂര്‍വം അപകടം ഉണ്ടാക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.