പ്രവാസി വോട്ട് ഇക്കുറിയും സ്വപ്നം മാത്രം
text_fieldsഅടൂർ: ഓണ്‍ലൈന്‍ വോട്ടോ പ്രോക്സി വോട്ടോ വഴി ഇന്ത്യന്‍ പൗരന്റെ സമ്മതിദാന അവകാശം വിദേശത്ത് ഇരുന്ന് രേഖപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരും തെരഞ്ഞെടുപ്പ് കമീഷനും നടപടിയെടുക്കാത്തത് പ്രവാസികളോടുള്ള ക്രൂരതയാണെന്ന് പ്രവാസി മനുഷ്യാവകാശ പ്രവര്ത്തകൻ റെജി ഇടിക്കുള അടൂര്‍.
ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് എന്നും ചിറ്റമ്മ നയമാണ് സ്വീകരിച്ചുപോരുന്നത്. സുപ്രീംകോടതി പോലും തെരഞ്ഞെടുപ്പ് കമീഷനോട് പ്രവാസി വോട്ടില്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ കൈക്കൊള്ളണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയിച്ചിട്ടും നാളിതുവരെ പ്രവാസി വോട്ടില്‍ കാര്യമായ പുരോഗതി വന്നില്ല.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫിലിപ്പൈന്‍സുകാര്‍ അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇ -വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിർമിക്കുന്ന ഒരു ഡിജിറ്റല്‍ ബാലറ്റ് ആണ് അവർക്കുള്ളത്.
ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൊടുത്താല്‍ അവരെ ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കും. അവരുടെ ഇമെയില്‍ വിലാസങ്ങളില്‍ ഇ- ബാലറ്റ് ഇലക്ഷന് ദിവസങ്ങളില്‍ അയച്ചുകൊടുത്തു രഹസ്യ പിന്‍നമ്പറും നല്കി ബാലറ്റില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്‍ വഴി തിരികെ അയക്കണം. ഈ രീതി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിച്ചതുമാണ്.
എന്നാല്‍, വ്യക്തമായ തീരുമാനത്തിലെത്താന്‍ അധികാരികള്‍ താൽപര്യം കാണിച്ചില്ല. അടുത്തിടെ വോട്ടേഴ്സ് ലിസ്റ്റില്‍ വിദേശത്തുനിന്ന് പേര് ഓണ്‍ലൈനായി ചേര്‍ക്കാം എന്ന് പറഞ്ഞ് വെബ്സൈറ്റും തുറന്നിട്ട് ഇപ്പോള്‍ അത് പാടെ പ്രവര്‍ത്തന രഹിതമായി. പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തി അപേക്ഷ സമര്‍പ്പിച്ചാലും മിക്ക അപേക്ഷകളും തള്ളുന്നു എന്ന വ്യാപക പരാതി നില നില്‍ക്കുന്നതായും റെജി ഇടിക്കുള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.