കക്കൂസ് മാലിന്യം കനാലില്‍ തള്ളുന്നു; കുടിവെള്ളം മുട്ടി നാട്ടുകാർ
text_fieldsഅടൂര്‍: കക്കൂസ് മാലിന്യം കനാലില്‍ തള്ളുന്നത് മൂലം കുടിവെള്ളം മുട്ടി നാട്ടുകാർ. കിണറുകളിലെ വെള്ളം മലിനമാകുന്നതാണ് നാട്ടുകാരെ വലക്കുന്നത്. നെല്ലിമൂട്ടിപ്പടി മുതല്‍ വെള്ളക്കുളങ്ങര പ്ലാത്തറപ്പടി വരെ കെ.ഐ.പി കനാലിന് സമീപത്ത് താമസിക്കുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. പ്രദേശവാസികള്‍ക്ക് അസുഖം വ്യാപകമായതോടെ കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.
പരിശോധനയില്‍ കോളിഫോം, ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം വലിയ തോതിൽ കണ്ടെത്തി. കഴിഞ്ഞ ഒന്നരവര്‍ഷമായി കക്കൂസ് മാലിന്യം കെ.ഐ.പി കനാലില്‍ തള്ളുന്നുണ്ട്. രാത്രി കാലങ്ങളില്‍ ടാങ്കര്‍ ലോറികളിലാണ് മാലിന്യം കൊണ്ടുവരുന്നത്. ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ദ്രവമാലിന്യം കനാലിലേക്ക് ഒഴുക്കിവിടും. ഇതോടെ കനാല്‍ മലിനമാകും. കനാൽ മലിനമാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ്, പഞ്ചായത്ത്, റവന്യൂ, ഹെല്‍ത്ത് വിഭാഗം എന്നിവര്‍ തയാറാകുന്നില്ലന്ന് വ്യാപക പരാതിയുണ്ട്.
മാലിന്യം തള്ളുന്നവരെ നാട്ടുകാര്‍ കണ്ടെത്തി കൊടുക്കാനാണ് പൊലീസ് ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്. ഗുണ്ടാസംഘങ്ങളുടെ ബൈക്കിലെ പൈലറ്റോടെയാണ് മാലിന്യവുമായി സംഘം എത്തുന്നത്. എതിര്‍ക്കുന്നവരെ അപായപ്പെടുത്താന്‍ വരെ ശക്തരാണ് ഇതിന് പിന്നിലുള്ളവർ. അതിനാല്‍ പ്രദേശവാസികള്‍ക്ക് ഭയമാണ്. കുറ്റകൃത്യം ചെയ്യുന്നവരെ കണ്ടെത്തുന്ന ചുമതല തങ്ങളുടെ തലയില്‍ കെട്ടിവെച്ച് കൈകഴുകുകയാണ് പൊലീസ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
മലീമസമായതിനെ തുടര്‍ന്ന് കിണറ്റിലെ വെള്ളം ഉപയോഗിക്കാനാകാത്ത സ്ഥിതിയില്‍ കനാല്‍ ഓരത്തെ ജനം വലയുമ്പോള്‍ ഇതിനെതിരെ കണ്ണടയ്ക്കുന്ന അധികൃതര്‍ക്കെതിരെ ഒരുമ റെസിഡന്‍സ് അസോസിയേഷന് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജില്ല കലക്ടര്‍, ഡി.എം.ഒ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് സംഘടന പരാതി നൽകിയിട്ടുണ്ട്.
റെസിഡന്റ്സ് അസോസിയേഷന് മുന്‍കൈയെടുത്താണ് വീടുകളിലെ വെള്ളം പരിശോധനയ്ക്ക് നല്‍കിയത്. തുടര്‍ന്ന് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി അസോസിയേഷന് പ്രവര്‍ത്തകര്‍ പല തവണ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നെങ്കിലും കണ്ടെത്താനായില്ല. ഈ വിവരം അറിഞ്ഞ് ആള്ക്കാര് കേന്ദ്രീകരിക്കുന്ന ഭാഗം ഒഴിവാക്കി മറ്റ് ഭാഗങ്ങളില്‍ നിക്ഷേപിച്ച് ഇവര്‍ കടന്നുകളയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.