അടൂരില്‍ നടപ്പാക്കാത്ത ഗതാഗത പരിഷ്കാരങ്ങൾ
text_fieldsഅടൂര്‍: വല്ലപ്പോഴുമാണ് അടൂരില്‍ ഗതാഗത ഉപദേശക സമിതി കൂടുന്നത്. യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കേള്‍ക്കാന്‍ പല വകുപ്പുകളില്‍ നിന്നും ഒട്ടേറെ ഉദ്യോഗസ്ഥരും എത്തും. എന്നാല്‍ ഈ തീരുമാനം ഒന്നുപോലും അടൂരില്‍ നടപ്പാക്കാറില്ല.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും നഗരസഭയും ചേര്‍ന്ന് നടപ്പാക്കിയ പദ്ധതികളില്‍ ഒന്നു പോലും വിജയിച്ചിട്ടില്ല. ഒട്ടേറെ തവണ അടൂര്‍ സെന്‍ട്രല്‍ ടോള്‍ മുതല്‍ സ്വകാര്യ ബസ് സ്റ്റാന്റ് വരെ തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനം ഒരുക്കി. എന്നാല്‍ അധികൃതര്‍ പിന്നീട് ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതു കാരണം പദ്ധതികള്‍ എല്ലാം പാളി.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതായിരുന്നു ഗതാഗത ഉപദേശക സമിതി വിളിച്ചു ചേര്‍ത്തതിന്റെ പ്രധാന ലക്ഷ്യം. പക്ഷെ തീരുമാനങ്ങള്‍ ഒന്നും നടപ്പാവാത്തതു കാരണം നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
2022 ഡിസംബര്‍ 23ന് ഗതാഗത ഉപദേശക സമിതി എടുത്ത തീരുമാനങ്ങള്‍
- കെ.എസ്.ആര്.ടി.സി. ജങ്ഷന് സമീപമുള്ള ഇരുചക്ര വാഹന പാര്‍ക്കിങ് ഒഴിവാക്കി വാഴവിള മെഡിക്കല്‍സിനു വടക്കു വശം ടാക്സി പാര്‍ക്കിങ്.
- ആശുപത്രി റോഡില്‍ ഓട്ടോറിക്ഷാ സ്റ്റാന്റിനു പിറകിലായി ഇടത് വശം മൂന്ന് ആംബുലന്‍സുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം.
- ആശുപത്രി പടിഞ്ഞാറ് റോഡിലെ പാര്‍ക്കിങ് പൂര്‍ണ്ണമായി ഒഴിവാക്കും.
- ബൈപാസിലെ അപകടങ്ങള്‍ കുറയ്ക്കാൻ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.
- വട്ടത്തറപ്പടി- ബൈപാസ് റോഡില്‍ ബ്ലിങ്കിങ് ലൈറ്റുകള്‍ നിറ്റ്പാക്കിന്റെ പഠനത്തിന് ശേഷം
- സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കെ.എസ്.ടി.പി.യെ അറിയിക്കണം.
- അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര മൈതാനം പാര്‍ക്കിങ് ഒരുക്കുന്നതിന് നഗരസഭയ്ക്ക് വിട്ടു തരുകയോ അല്ലെങ്കില്‍ ദേവസ്വം പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് അഭ്യര്‍ത്ഥിക്കണം.
- റോഡരികില്‍ അനധികൃതമായി കച്ചവടം ചെയ്യുന്ന വാഹനങ്ങള്‍ ഇനി മുതല്‍ അനുവദിക്കില്ല.
തീരുമാനങ്ങള്‍ കടലാസില്‍ എഴുതി വെച്ചതല്ലാതെ നടപ്പായില്ല. എല്ലാത്തവണയും ട്രാഫിക് ഉപദേശക സമിതി കൂടുമ്പോള്‍ നഗരത്തില്‍ തിരക്കുള്ള ഭാഗത്ത് നോ പാര്‍ക്കിങ് വയ്ക്കുക എന്നത് ഉയര്‍ന്നു വരുന്ന ആവശ്യമാണ്. ഇതിന്റെ ഭാഗമായി രണ്ടു വര്‍ഷം മുന്‍പ് നഗരത്തില്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്റിനു സമീപത്തെ പ്രധാന റോഡിനിരുവശവും പാലത്തിന് സമീപത്തും പാര്‍ത്ഥസാരഥി ജങ്ഷന് എന്നിവിടങ്ങളിലെല്ലാം ഗതാഗത നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ മുന്പില് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പാര്‍ത്ഥസാരഥി ജങ്ഷനിലും പാര്‍ക്കിങ്ങ് ക്രമീകരണം ഉണ്ടാക്കി. എന്നാല്‍ ഇവിടെയൊക്കെ വാഹനങ്ങള്‍ ഇപ്പോള്‍ തോന്നുന്നതു പോലെയാണ് ഇടുന്നത്. നോ പാര്‍ക്കിങ് ബോര്‍ഡ് എന്തിനെന്ന് പോലും അറിയാത്തതുപോലെയാണ് പലരും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും. ഒരാഴ്ചക്കുള്ളില്‍ വീണ്ടും ഗതാഗത ഉപദേശക സമിതി വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അടൂര്‍ നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യാ റെജി മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.