വാല്‍വിന്റെ അളവ് മാറി; വെള്ളം തുറന്നു വിട്ട് തടിയൂരി ജല അതോറിറ്റി
text_fieldsഅടൂർ: വിതരണ പൈപ്പില്‍ ഘടിപ്പിക്കാന്‍ കൊണ്ടു വന്ന വാല്‍വിന്റെ അളവ് മാറി. ശുദ്ധീകരണ ടാങ്കില്‍ സംഭരിച്ച വെള്ളം തുറന്നു വിട്ട് ജല അതോറിറ്റി അധികൃതര്‍ തലയൂരി. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് കൊടുംവേനലില്‍ ആര്‍ക്കും പ്രയോജനമില്ലാതെ തുറന്നു വിട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ്. മോതിരച്ചുള്ളി മലയില്‍ സ്ഥാപിച്ച സംഭരണ ടാങ്കില്‍ നിന്നുള്ള വെള്ളമാണ് ഗത്യന്തരമില്ലാതെ തുറന്നു വിട്ടത്. അഞ്ചു ലക്ഷം ലിറ്ററാണ് സംഭരണ ശേഷി. വിതരണ ശൃംഖലയില്‍ പുതിയ വാല്‍വ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസമായി സംഭരണ ടാങ്കില്‍ നിന്ന് ജലം തുറന്നു വിടുന്നത് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ടാങ്കില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് വാല്‍വ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായുള്ള കൂറ്റന്‍ വാല്‍വ് ക്രെയിനിലാണ് ഇറക്കിയത്. വിതരണ പൈപ്പ് 10 ഇഞ്ചിന്റേതാണ്. ഇതില്‍ ഘടിപ്പിക്കാന്‍ കൊണ്ടു വന്ന വാല്‍വ് ഒമ്പത് ഇഞ്ചിന്റേതാണെന്ന് പറയുന്നു. ഇതു കാരണം ജലവിതരണ പൈപ്പ് മുറിച്ചത് തമ്മില്‍ യോജിപ്പിക്കാന്‍ കഴിഞ്ഞില്ല.
മണ്ണടിയില്‍ കല്ലടയാറ്റില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് മലങ്കാവിലെ ശുദ്ധീകരണ ശാലയില്‍ നിന്ന് എത്തിക്കും. ഇവിടെ ശുദ്ധീകരിക്കുന്ന വെള്ളമാണ് മോതിരച്ചുള്ളിമലയിലെ സംഭരണ ശാലയിലേക്ക് എത്തിക്കുന്നത്. മൂന്നു ദിവസമായി ലൈനില്‍ ജലവിതരണമില്ലെങ്കിലും പമ്പിങ്ങും ശുദ്ധീകരണവും നടന്നിരുന്നു.
ഇതു കാരണം മോതിരച്ചുള്ളി മലയിലെ സംഭരണ ശാലയില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്. വാല്‍വ് ഘടിപ്പിച്ചതിന് ശേഷം ഇന്നലെ വൈകിട്ട് ജലവിതരണം പുനരാരംഭിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, സാധിക്കാതെ വന്നപ്പോള്‍ നിറഞ്ഞു കിടക്കുന്ന ടാങ്ക് അപകട ഭീഷണിയായി. ഇനിയും ശുദ്ധീകരിച്ച ജലം ടാങ്കിലേക്ക് വന്നാല്‍ ഉള്‍ക്കൊളളാതെ വരും. ടാങ്കിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും. അങ്ങനെ വന്നപ്പോഴാണ് വെള്ളം തുറന്നു വിട്ടതെന്നാണ് സൂചന.
സംഭരണ ടാങ്കില്‍ നിന്നുള്ള വെള്ളം നെല്ലിമുകള്‍ ജങ്ഷനില്‍ എത്തി കടമ്പനാട്, പാണ്ടിമലപ്പുറം, കൊല്ലം ജില്ലയിലെ ഇടയ്ക്കാട്, ഏഴാംമൈല്‍ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതാണ്. കടമ്പനാട്, നെല്ലിമുകള്‍, മോതിരച്ചുള്ളി മല, കല്ലുകുഴി, ഇടയ്ക്കാട്, പാണ്ടിമലപ്പുറം, ചക്കൂര്‍ച്ചിറ, മുണ്ടപ്പള്ളി, അടയപ്പാട്, ലക്ഷംവീട് കോളനി തുടങ്ങിയ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് ഈ വെള്ളം ആശ്രയിച്ചു കഴിയുന്നത്. വേനല്‍ കടുത്തതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ ജലക്ഷാമത്തിന്റെ പിടിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.