പപ്പട വിപണിയിൽ വ്യാജൻ വിലസുന്നു
text_fieldsഅടൂർ: ഓണക്കാലത്ത് വിപണിയിലെത്തിച്ച പപ്പടത്തിൽ സർവത്ര മായം. ഓണത്തിന് എങ്ങനെയുണ്ടാക്കി നൽകിയാലും വിറ്റുപോകും എന്നറിയാവുന്ന പപ്പട നിർമാതാക്കളാണ് യഥാർഥ പപ്പടത്തിന്റെ രുചിയും നിറവും പ്രകൃതവുമില്ലാത്തതും ഗുണനിലവാരം തീരെയില്ലാത്തതുമായ പപ്പടം വിപണിയിലെത്തിച്ചത്. ഒരു കവർ പപ്പടത്തിന് മറ്റൊരു കവർ പപ്പടം സൗജന്യമായി നൽകിയും ഇത്തരക്കാർ വിൽപന പൊടിപൊടിച്ചു. നല്ല പപ്പടവും ഇല്ലാതില്ല.
പപ്പടത്തിലെ പ്രധാന ഘടകം ഉഴുന്നാണ്. എന്നാല്‍, ഉഴുന്നുമാവിന് പകരം മൈദയും കടലമാവും മറ്റും പപ്പടം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ പലവിധത്തിലുള്ള രാസവസ്തുക്കളും പപ്പട നിർമാണത്തില്‍ ചേര്‍ക്കുന്നുണ്ട്. ശുദ്ധമായ പപ്പടമെങ്കില്‍ അത് തയാറാക്കുന്നതിന് ഉഴുന്ന് മാവ്, പപ്പടക്കാരം, നല്ലെണ്ണ, ഉപ്പ് എന്നിവയാണ് ചേരുവകള്‍. മായംചേര്‍ത്ത പപ്പടത്തില്‍ പപ്പടക്കാരത്തിന് പകരം സോഡിയം കാര്‍ബണേറ്റ് (അലക്കുകാരം) വരെ ഉപയോഗിക്കുന്നു. ഉഴുന്നുകൊണ്ട് തന്നെ തയാറാക്കിയ പപ്പടമാണെങ്കിൽ ഏഴുദിവസം കൊണ്ട് അതിന്റെ നിറം ചുവന്നതായി മാറുന്നു.
എന്നാല്‍, രാസവസ്തുക്കള്‍ ചേര്‍ത്ത പപ്പടമാണെങ്കില്‍ രണ്ടുമാസം വരെ കേടാവില്ല. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ ഗ്യാസ്, ദഹന സംബന്ധമായ പ്രശ്നങ്ങളും അർബുദത്തിനും വരെ കാരണമാകുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചിലവാകാത്ത പഴയ പപ്പടം പുതിയവയിൽ കലർത്ത വീണ്ടും വിപണിയിൽ ഇറക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പപ്പടം ശുദ്ധമോ മായമോ എന്ന് കണ്ടുപിടിക്കാൻ
ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്ത് പപ്പടം മുഴുവനായി വെള്ളത്തില്‍ മുങ്ങുന്ന തരത്തില്വെച്ച് 15-20 മിനിറ്റ് കഴിഞ്ഞ് എടുത്താൽ നല്ല പപ്പടം മാവ് കുഴച്ചതുപോലെ ലഭിക്കും. അതല്ലാതെ പപ്പടം എങ്ങനെയാണോ വെച്ചത് അതുപോലെതന്നെയാണ് ലഭിക്കുന്നതെങ്കില്‍ അതില്‍ മായം കലര്‍ന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.