ഓണം ഉണർവിൽ കാർഷികവിപണി
text_fieldsചിറ്റാർ: ഓണക്കാലമായതോടെ കർഷക സമിതിയുടെ നേതൃത്വത്തിലുള്ള വിപണനകേന്ദ്രത്തിൽ വാഴക്കുലകളും കാർഷിക ഉൽപന്നങ്ങളും ലേലത്തിൽ വാങ്ങുന്നതിനും വിൽക്കുന്നതിനും തിരക്കൂകൂടി.
സീതത്തോട്ടിലെ സ്വാശ്രയ കർഷക സമതിയിൽ പഞ്ചായത്തിെൻറ പല ഭാഗത്തുനിന്നും ഓഹരിയെടുത്ത 300ഉം ഓഹരിയില്ലാത്ത 250ൽ പരം ആളുകളും അംഗങ്ങളാണ്. 2012ലാണ് സീതത്തോട് മാർക്കറ്റിൽ പ്രവർത്തനം ആരംഭിക്കുന്നത്. തുടക്കത്തിൽ 200 അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കാർഷിക വിളകൾ ഇടനിലക്കാരുടെ ചൂഷണങ്ങൾ ഇല്ലാതെ മികച്ച വിലയിൽ വിറ്റഴിക്കുകയാണ് ലക്ഷ്യം.
ഏത്തക്ക കിലോക്ക് 60 മുതൽ 90 രൂപ വരെ, ഞാലി പൂവൻ 70, കദളി 75, പൂവൻ 60, പാളയൻ കോടൻ 30, റോബസ്റ്റ 25-30, കാച്ചിൽ 75, ചേന 60-75 രൂപ, ചേമ്പ് 65 -70, ഇഞ്ചി 120 -43, ചുവന്ന പൂവൻ 50-60, പച്ചമുളക് 60, കാന്താരി 180-200, വഴുതന 30, കണ്ണൻ ചേമ്പ് 65, തടിയൻകായ 15, കുമ്പളങ്ങ 30-36, തേങ്ങ 50, കപ്പ 20 -25,കറി നാരങ്ങ 30-35, ചെറുകിഴങ്ങ് 50-60, ശീമചേമ്പ് 60- 72 ,വാട്ടുകപ്പ 60- 70 എന്നിങ്ങനെയാണ് കർഷകർക്ക് ലഭിക്കുന്ന വില.
ലേലംവിളിച്ചാണ് വിൽപന. പുറത്തുനിന്ന് ഒട്ടേറെ പേർ രാവിലെ തന്നെ വിപണിയിൽ എത്തും. പന്തളം, കോട്ടയം, പത്തനംതിട്ട, പറക്കോട്, അടൂർ, കാഞ്ഞിരപ്പള്ളി, എരുമേലി, വടശ്ശേരിക്കര, സീതത്തോട് പ്രദേശത്തുനിന്നും നിരവധി കച്ചവടക്കാർ ലേലത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.
രാവിലെ എട്ടാകുമ്പോഴേക്കും കാർഷിക വിളകൾ എത്തിത്തുടങ്ങും. ഉച്ചക്ക് ഒന്നുമുതലാണ് ലേലംവിളി. നാലാകുമ്പോഴേക്കും ഉൽപന്നങ്ങൾ എല്ലാം വിറ്റുതീരും. വിളകളുടെ വില അന്നുതന്നെ വൈകീട്ട് കർഷകർക്ക് ലഭിക്കും. ലേലം ചെയ്യുന്നതും തൂക്കം രേഖപ്പെടുത്തുന്നതും വാഹനത്തിൽ കയറ്റിയിറക്കുന്നതും ഉൾപ്പെടെ എല്ലാം ചെയ്യുന്നത് കർഷകർ തന്നെയാണ്. ചൊവ്വയും വെള്ളിയുമാണ് പ്രവർത്തനം.
സീതത്തോട് പഞ്ചായത്ത് പ്രദേശത്തെ ഗുരുനാഥൻമണ്ണ്, ആനച്ചന്ത, കുന്നം, മുണ്ടൻപാറ, ആങ്ങമൂഴി, കൊച്ചു കോയിക്കൽ, മൂന്നുകല്ല്, സീതത്തോട് എന്നിവിടങ്ങളിലെ മലഞ്ചരുവുകളിൽനിന്നാണ് വിളകൾ കൂടുതലും എത്തുന്നത്. രണ്ടുശതമാനം നിരക്കിൽ കർഷകർക്ക് വായ്പയും നൽകുന്നുണ്ട്. കോവിഡ് കാരണം കഴിഞ്ഞ വർഷത്തെക്കാളും 40 ശതമാനത്തോളം വില താഴ്ന്നിട്ടുണ്ട്.
പഞ്ചായത്തിെൻറ ഏഴു പ്രദേശങ്ങളിൽ ഉള്ള സ്വാശ്രയ സംഘക്കാരാണ് ഗ്രൂപ്പിൽ ഉള്ളത്. ഓരോ സംഘത്തിൽനിന്ന് മാസ്റ്റർ കർഷകൻ, വിപണ മാസ്റ്റർ കർഷകൻ, വായ്പ മാസ്റ്റർ കർഷകൻ എന്നിങ്ങനെയാണ് സംഘത്തിലേക്ക് െതരഞ്ഞെടുക്കുന്നത്. ഇതിൽനിന്ന് തെരഞ്ഞെടുത്ത പ്രസിഡൻറ് ജോർജ് വർഗീസ്, സെക്രട്ടറി പ്രീത സിജു എന്നിവരടങ്ങുന്ന ഏഴംഗ സമിതിയാണ് സംഘം നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.