വലിയ വാഹനങ്ങളിൽ എയർ ഹോൺ ഉപയോഗം വ്യാപകം
text_fieldsപന്തളം: സ്വകാര്യ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളിൽ എയർ ഹോൺ ഉപയോഗിക്കുന്നത് വ്യാപകമാകുന്നു. 2005ൽ ശബ്ദ മലിനീകരണം തടയാൻ കേരള ഹൈകോടതി എയർഹോൺ നിരോധിച്ചതാണ്. മ്യൂസിക്കൽ എയർഹോൺ പോലെ ഉള്ളവയുടെ അതിതീവ്രത ഏറിയ ശബ്ദം കാൽനടക്കാർ ഉൾപ്പെടെയുള്ള മറ്റ് യാത്രക്കാർക്ക് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. അന്തർസംസ്ഥാന ലോറികൾ, ടിപ്പറുകൾ, ടൂറിസ്റ്റ് ബസുകൾ എന്നിവയിൽ എല്ലാം എയർ ഹോൺ ഘടിപ്പിച്ചിട്ടുണ്ട്.
എയർഹോണുകൾ പിടികൂടാൻ ഓപറേഷൻ ഡെസിബെൽ എന്ന പേരിൽ മോട്ടോർവാഹന വകുപ്പ് പരിശോധന നടത്താറുണ്ട്. എയർഹോൺ അഴിച്ചുമാറ്റിച്ച ശേഷമാണ് മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം വിട്ടുനൽകുന്നത്. എങ്കിലും എയർ ഹോൺ ഉപയോഗത്തിന് കാര്യമായ കുറവ് ഉണ്ടാകുന്നില്ല. ഒറ്റ നോട്ടത്തിൽ ശ്രദ്ധയിൽപെടാത്ത രീതിയിലാണ് വാഹനങ്ങളിൽ എയർഹോൺ ഘടിപ്പിക്കുന്നത്.
സ്വകാര്യ ബസുകൾ കൂടുതലും ഉൾപ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ ആണ് എയർഹോൺ അടിക്കുന്നത്. ടൗൺ മേഖലകൾ, വാഹന പരിശോധന ഉണ്ടാവാൻ സാധ്യത ഉള്ള സ്ഥലങ്ങൾ നിയമം അനുശാസിക്കുന്ന ഹോൺ ആണ് അടിക്കുന്നത്. അന്തർ സംസ്ഥാന സർവിസ് നടത്തുന്ന ലോറികളിൽ എയർ ഹോൺ ഉപയോഗം വളരെ അധികമാണ്.
കേൾവി തകർക്കും
പൂജ്യം മുതൽ 60 ഡെസിബെൽ വരെ ആണ് മനുഷ്യന് ആരോഗ്യകരമായ ശബ്ദ പരിധി. 85 ഡെസിബെൽ വരെയുള്ള ശബ്ദം നമ്മളിൽ അസ്വസ്ഥത ഉണ്ടാകും. അതിന് മുകളിലുള്ള ശബ്ദം തുടർച്ചയായി കേട്ടാൽ കേൾവിയെ സാരമായി ബാധിക്കും. 100 മുതൽ 130 ഡെസിബെൽ വരെയാണ് എയർ ഹോണിന്റെ തീവ്രത. അപ്രതീക്ഷിതമായി എയർ ഹോൺ കേൾക്കുമ്പോൾ ഭയപ്പെടുന്നത് മൂലം മറ്റ് വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത കൂടുതലാണ്.
തുടർച്ചയായി കേൾക്കുന്നത് മാനസിക സമ്മർദം സൃഷ്ടിക്കും. ഉയർന്ന ഡെസിബൽ ശബ്ദം നിരന്തരം കേട്ടാൽ കേൾവിശക്തി പൂർണമായും നഷ്ടപ്പെടുമെന്നും ആരോഗ്യ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. രക്താതിസമ്മർദം, ഉറക്കമില്ലായ്മ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവക്ക് ഇത് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.