യുവാവിനെ മർദിച്ച സംഭവം അട്ടിമറിക്കുന്നെന്ന് ആരോപണം
text_fieldsപന്തളം: നാലംഗ സംഘം യുവാവിനെ മർദിച്ച് അവശനാക്കി റോഡരികിൽനിന്ന് 20 അടി താഴ്ചയിലേക്ക് തള്ളിയിട്ട കേസ് പൊലീസ് അട്ടിമറിക്കുന്നെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പന്തളം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പൊലീസിന്റെ നടപടി ദുരൂഹമാണെന്ന് ആരോപണമുയരുന്നു. കുളനട കടലിക്കുന്ന് വട്ടയത്ത് മേലേമുറിയിൽ വി.ടി. ജോർജ് കുട്ടിക്കാണ് (44) മർദനമേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
20ന് വൈകീട്ടാണ് മർദനമേറ്റത്. ജോർജ് കുട്ടി സഞ്ചരിച്ച ആക്ടിവ സ്കൂട്ടറും താഴ്ചയിലേക്ക് തള്ളിയിട്ടു. പശുവിനെ വളർത്തി ഉപജീവനം കഴിയുന്നയാളാണ് ജോർജ്. സംഭവം നടന്ന് അഞ്ചു ദിവസമായിട്ടുപോലും ആശുപത്രിയിലെത്തി ഇതുവരെയും പൊലീസ് മൊഴിയെടുത്തില്ല.
കേസിൽ പാണിൽ പൂക്കൈത മുരുപ്പേൽ ദിലീപിനെയാണ് (30) കസ്റ്റഡിയിലെടുത്തത്. നിസ്സാര വകുപ്പ് ചുമത്തി ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രണ്ടു പേർകൂടി പ്രതികളാണ്. ഇതുവരെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജാമ്യത്തിലിറങ്ങിയ ദിലീപ് വീണ്ടും സ്ഥലത്തെത്തി ആക്രമണത്തിന് മുതിർന്നതായും നാട്ടുകാർ പറയുന്നു.
തന്നിഷ്ടത്തോടെ കഠിനദേഹോപദ്രവം ഉണ്ടാക്കുകയെന്ന ദുർബല വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയതെന്നും ഇത് പുനഃപരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. പന്തളം പൊലീസ് കേസ് അട്ടിമറിക്കുന്നതായി ബന്ധുക്കൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ തീരുമാനിച്ചു.
സ്ത്രീകൾ നൽകുന്ന പല കേസുകളും പൊലീസ് അന്വേഷണം വൈകുന്നതായി ആരോപണമുണ്ട്. അയൽവാസി ശല്യം ചെയ്യുന്നതായി കാണിച്ച് മങ്ങാരത്ത് തനിച്ചുതാമസിക്കുന്ന സ്ത്രീ പരാതി നൽകിയെങ്കിലും ഇതുവരെ പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.