108 ആംബുലൻസ് പണിമുടക്ക്: ദുരിതത്തിലായി രോഗികൾ
text_fieldsപത്തനംതിട്ട: ശമ്പളം ലഭിക്കാതെ 108 ആംബുലൻസ് ജീവനക്കാർ ചൊവ്വാഴ്ച പണി മുടക്കിയതോടെ ദുരിതത്തിലായത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾ. ഇരട്ടി നിരക്കിൽ സ്വകാര്യ ആംബുലൻസ് സർവിസ് നടത്തിയതോടെ പാവപ്പെട്ടവർ വലഞ്ഞു. ജില്ലയിലാകെ 60 ജീവനക്കാരുണ്ട്. ഒരു ആംബുലൻസിന് നാല് ജീവനക്കാരാണുള്ളത്. ആംബുലൻസ് അറ്റകുറ്റപ്പണിക്കുപോലും തുക നൽകാറില്ല. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ അത് നികത്തേണ്ടത് ജീവനക്കാരാണ്.
എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ജീവനക്കാരെ ജോലിയിലെടുത്തത്. ഇതുവരെ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവിസ് കമ്പനി തയാറായിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. നൂറുകോടി ആസ്തിയുണ്ടെന്ന് കാണിച്ചാണ് കമ്പനി ടെൻഡർ എടുത്തത്. സർക്കാർ ഫണ്ട് താമസിച്ചാലും കമ്പനിക്ക് ശമ്പളം കൊടുക്കാൻ കഴിയും എന്ന ഉറപ്പിലാണത്.
15 ആംബുലൻസുകളാണ് ജില്ലയിലുള്ളത്. ഏഴ് ആംബുലൻസ് 24 മണിക്കൂറും എട്ട് ആംബുലൻസ് 12 മണിക്കൂറുമാണ് ജില്ലയിൽ സർവിസ് നടത്തുന്നത്. 24 മണിക്കൂർ സർവിസ് നടത്തുന്ന ആംബുലൻസിൽ രണ്ട് ഡ്രൈവറും രണ്ട് എമർജൻസി മെഡിക്കൽ ടെക്നീഷനുമാണുള്ളത്. അവധി എടുത്താൽ പകരം ജീവനക്കാരും ഉണ്ട്.
2019 മുതലാണ് എല്ലാ ജില്ലയിലും 108 ആംബുലൻസ് ആരംഭിക്കുന്നത്. 2020ൽ കോവിഡ് കാലത്തും ശമ്പളമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു 108 ആംബുലൻസ് ജീവനക്കാർ. ജീവനക്കാർക്ക് നൽകുന്ന വേതനവും കുറവാണ്. അതും വൈകിയതതോടെയാണ് സമരത്തിലേക്ക് നീങ്ങേണ്ടി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.